ഇളം തലമുറ അസ്വസ്ഥർ, എല്ലായിടത്തും കടുത്ത മത്സരം; ഒപ്പമുള്ളവരെ തോൽപിച്ചേ ജയിക്കാനാവൂ എന്ന ചിന്തയാണ് വളർത്തുന്നത് -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഇളം തലമുറ വല്ലാതെ അസ്വസ്ഥരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഷഹബാസിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സിനിമയും സീരിയലുകളും കുട്ടികളെ വളരെയധികം സ്വാധീനിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒരു സിനിമയിൽ കുട്ടികളെ എടാ മോനെ എന്നാണ് വിളിക്കുന്നത്. ആ സിനിമ കണ്ട് കുട്ടികൾ ഗുണ്ടാസംഘത്തലവൻമാരുടെ കൂടെ പോയതായി പൊലീസ് റിപ്പോർട്ടുണ്ട്. എവിടെയും നടക്കുന്നത് കടുത്ത മത്സരമാണ്. കുട്ടികളിൽ അക്രമോത്സുകത വർധിച്ചുവരികയാണ്. എങ്ങനെ ഇത് നേരിടണമെന്ന് വിശദമായ അപഗ്രഥനം വേണം.
മുതലാളിത്തവും ആധുനിക മുതലാളിത്തവും അതിന്റെ ഭാഗമായി വന്ന പുതിയ കമ്പോളവ്യവസ്ഥയും അതിന്റെയെല്ലാം ഭാഗമായി ഉയര്‍ന്നുവന്ന അതിതീവ്ര മത്സരാധിഷ്ഠിത ജീവിതവും കുട്ടികളെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്ന ഘടകങ്ങളാണ്. എല്ലായിടത്തും കടുത്ത മത്സരമാണ് നടക്കുന്നത്. ഒപ്പമുള്ളവനെ തോല്‍പ്പിച്ചേ ജയിക്കാനാവൂ എന്ന ചിന്ത ഈ മത്സരം കുട്ടികളില്‍ വളര്‍ത്തുന്നു. ഒപ്പമുള്ളവന്‍ ശത്രുവാണ് എന്ന ബോധത്തിലേക്ക് കുട്ടികള്‍ മാറുന്നു. ആഗോളവത്കരണ സമ്പദ്‌വ്യവസ്ഥയും അതുണ്ടാക്കുന്ന കമ്പോളമത്സരങ്ങളും യുവ മനസുകളില്‍ ഒപ്പമുള്ളവര്‍ ശത്രുക്കളെന്ന ചിന്തയാണ് വളര്‍ത്തുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ബാല്യത്തിലെ ഒറ്റപ്പെടുന്ന കുട്ടികളുണ്ട്. കുടുംബസാഹചര്യങ്ങൾ മണ്ണിനോടോ പ്രകൃതിയോടോ ഒപ്പമുള്ളവരോടോ സ്നേഹമുണ്ടാകാത്ത അവസ്ഥയുണ്ടാകുന്നു. കുട്ടികളുടെ സന്തോഷവും സങ്കടവും പങ്കിടാൻ വീടുകളിൽ ആളില്ല. ഓരോരുത്തരും അവരവരുടെ സ്വകാര്യ ലോകങ്ങളിലാണ്. ഈ സാഹചര്യത്തിൽ രക്ഷിതാക്കൾക്കും ബോധവത്കരണം ആവശ്യമാണ്. ലഹരി വ്യാപനം തടയാൻസ്വീകരിച്ച നടപടികളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
അമേരിക്കയിലെ കൊളറാഡോയിലെ കൊളംബിയ ഹൈസ്‌ക്കൂളില്‍ 12ാം ക്ലാസ് വിദ്യാര്‍ഥി 1999ല്‍ 12 സഹപാഠികളെയും ഒരു ടീച്ചറെയും വെടിവെച്ചുകൊന്നു. 21 കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഏതാണ് അതുമുതല്‍ ഇങ്ങോട്ട് ഈ സ്വഭാവത്തിലുള്ള ആക്രമണങ്ങളും ഇതിനെ നേരിടേണ്ടതെങ്ങനെയെന്നുമുള്ള ചര്‍ച്ച ലോകവ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാവുന്നു എന്നത് കേരളത്തില്‍ ഇത് ഉണ്ടാവുന്നതിനുള്ള ന്യായീകരണമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.