സ്ഥലംമാറ്റം മുഖ്യമന്ത്രി അറിഞ്ഞ് മാത്രം; വകുപ്പുകളിൽ തുടരുന്നതിന് കാലപരിധി
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ സെക്ഷൻ ഓഫിസർ മുതൽ മുകളിലുള്ള എല്ലാ ജീവനക്കാരുടെയും സ്ഥലംമാറ്റം മുഖ്യമന്ത്രിയുടെ അനുമതിയോടെയാകണമെന്ന് വ്യവസ്ഥ ചെയ്ത് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. മാനദണ്ഡത്തിൽ ഇളവ് നൽകുന്ന മാറ്റങ്ങളും മുഖ്യമന്ത്രി അറിഞ്ഞുവേണം. ഓരോ തസ്തികയിലും ജോലി ചെയ്യുന്നതിന് കാലയളവ് നിശ്ചയിക്കാനും സർക്കാർ തീരുമാനിച്ചു. കാലാവധിക്കു ശേഷം വകുപ്പ് മാറും. നിശ്ചിത സമയത്തിനു ശേഷം വകുപ്പു മാറാൻ ജീവനക്കാർക്കും ആവശ്യപ്പെടാം. അസിസ്റ്റന്റ്, സെക്ഷൻ ഓഫിസർ തസ്തികകളിൽ അഞ്ചുവർഷം കൂടുമ്പോൾ സ്ഥലംമാറ്റം ഉണ്ടാകും. മൂന്നു വർഷം കഴിഞ്ഞാൽ മാറാൻ അപേക്ഷ നൽകാം. അണ്ടർ സെക്രട്ടറി-ഡെപ്യൂട്ടി സെക്രട്ടറി എന്നിവയിൽ മൂന്നു വർഷം കഴിഞ്ഞാൽ മാറ്റും.
രണ്ടുവർഷം കഴിഞ്ഞാൽ അപേക്ഷ നൽകാം. ജോയന്റ് സെക്രട്ടറി-അഡീഷനൽ സെക്രട്ടറി-സ്പെഷൽ സെക്രട്ടറി തസ്തികകളിൽ മൂന്നുവർഷം കഴിഞ്ഞാൽ മാറ്റും. രണ്ടുവർഷം കഴിഞ്ഞാൽ അപേക്ഷിക്കാം. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴികെ മറ്റെല്ലാ വിഭാഗങ്ങളിലും അഞ്ചുവർഷം കഴിഞ്ഞാൽ മാറ്റം. മൂന്നുവർഷം കഴിഞ്ഞാൽ അപേക്ഷിക്കാം. കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാർക്ക് മൂന്നു വർഷത്തിനു ശേഷം അപേക്ഷിക്കാം. മേലുദ്യോഗസ്ഥന്റെ അഭിപ്രായം അനുസരിച്ചാകും മാറ്റം.
അണ്ടർ സെക്രട്ടറി മുതൽ മുകളിലുള്ള കേഡറുകളിൽ ജീവനക്കാരെ ബന്ധപ്പെട്ട വകുപ്പിൽ നിലനിർത്തണമെങ്കിൽ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകണം.
നിയമം, ധനകാര്യ വകുപ്പുകളിൽ സെക്ഷൻ ഓഫിസർ- അക്കൗണ്ട്സ് ഓഫിസറെയും മുകളിലുമുള്ളവരെ നിർത്താനും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർക്ക് കത്ത് നൽകണം. സ്റ്റാഫ് വെൽഫെയർ സൊസൈറ്റികളിലെയും കാന്റീനിന്റെയും ചുമതലക്കാർക്ക് സ്ഥലംമാറ്റ മാനദണ്ഡങ്ങളിൽ ഇളവുണ്ട്. അംഗീകൃത സർവിസ് സംഘടനകളുടെ പ്രസിഡൻറിനെയും സെക്രട്ടറയെയും സെക്രട്ടേറിയറ്റ് കാമ്പസിൽ നിലനിർത്തും. ഒരു സെക്ഷനിലെ 50 ശതമാനത്തിൽ കൂടുതൽ ജീവനക്കാരെ ഒരു വർഷം മാറ്റരുത്. ഗുരുതര രോഗമുള്ളവർക്കും അവയവമാറ്റം നടത്തിയവർക്കും വീട്ടിൽ ഗുരുതര രോഗികൾ ഉള്ളവർക്കും ഇളവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.