സ്വർണാഭരണങ്ങൾക്ക് ഏപ്രിൽ ഒന്നുമുതൽ പുതിയ ഹാൾമാർക്കിങ് നിർബന്ധം
text_fieldsകൊച്ചി: ഏപ്രിൽ ഒന്നുമുതൽ പുതിയ ഹാൾമാർക്കിങ് തിരിച്ചറിയൽ നമ്പറില്ലാത്ത (എച്ച്.യു.ഐ.ഡി.) സ്വർണാഭരണങ്ങളുടെ വിൽപന രാജ്യത്ത് നിലക്കും. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി. അക്ഷരങ്ങളും അക്കങ്ങളും അടങ്ങുന്ന ആറക്ക ആൽഫാന്യൂമെറിക് കോഡാണ് എച്ച്.യു.ഐ.ഡി അഥവാ ഹാൾമാർക്കിങ് യുനീക് ഐഡന്റിഫിക്കേഷൻ നമ്പർ. ഇതുവഴി വാങ്ങുന്ന സ്വർണത്തിന്റെ ആധികാരികതയും പരിശുദ്ധിയും ഉപഭോക്താക്കൾക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.
നിലവിൽ നാലക്ക തിരിച്ചറിയൽ നമ്പറും ആറക്ക എച്ച്.യു.ഐ.ഡിയും ഉപയോഗിക്കുന്നുണ്ട്. ഏപ്രിൽ ഒന്നുമുതൽ ആറക്ക കോഡ് മാത്രമേ അനുവദിക്കൂ. പഴയ ഹാൾമാർക്കിങ് ആഭരണങ്ങളിലും മാർച്ച് 31നകം എച്ച്.യു.ഐ.ഡി പതിപ്പിക്കണം.
ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) മാനദണ്ഡമനുസരിച്ച് ആഭരണങ്ങളിൽ ബി.ഐ.എസ് ലോഗോ, കാരറ്റ്, ആറക്ക നമ്പർ എന്നിവ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. രണ്ട് ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്കും ഹാൾമാർക്കിങ് ബാധകമല്ല. 40 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള ജ്വല്ലറികൾക്ക് ബി.ഐ.എസ് ലൈസൻസ് നിർബന്ധമില്ല. എന്നാൽ, അവർ എച്ച്.യു.ഐ.ഡി ആഭരണം വിൽക്കാൻ പാടില്ല. ഉപഭോക്താക്കൾക്ക് പഴയ സ്വർണം വിൽക്കുന്നതിനോ കൈയിൽവെക്കുന്നതിനോ തടസ്സമില്ല.
അതേസമയം, ഒരു മാസംകൊണ്ട് എല്ലാ ആഭരണങ്ങളിലും ആറക്ക എച്ച്.യു.ഐ.ഡി പതിപ്പിക്കുക പ്രായോഗികമല്ലെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) പറയുന്നു. ഇതിനു സാവകാശം അനുവദിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. 100 പീസ് ആഭരണങ്ങളിൽ എച്ച്.യു.ഐ.ഡി പതിപ്പിക്കാൻ മൂന്ന് മണിക്കൂറെടുക്കും.
ധിറുതിപിടിച്ച് നടപ്പാക്കേണ്ട കാര്യമല്ല ഇതെന്നും അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. കേരളത്തിൽ ഇടുക്കിയിലൊഴികെ ഇപ്പോൾ 105 ഹാൾമാർക്കിങ് കേന്ദ്രങ്ങളാണുള്ളത്. തുടക്കത്തിൽ 75ഓളം കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഒരു വർഷം ഇന്ത്യയിൽ ഹാൾമാർക്ക് ചെയ്യുന്ന ആഭരണങ്ങളിൽ 25 ശതമാനവും കേരളത്തിലാണ്. രാജ്യത്ത് ഇതുവരെ 10.56 കോടി സ്വർണാഭരണങ്ങൾ ഹാൾമാർക്ക് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.