മൂന്നു പേരെ ഹൈകോടതി ജഡ്ജിമാരാക്കാൻ ശിപാർശ
text_fieldsന്യൂഡൽഹി: കേരള ഹൈകോടതി ജഡ്ജിമാരായി മൂന്ന് പേരുകൾ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തു. കേരള ഹൈകോടതി രജിസ്ട്രാർ ജനറൽ അശോക് മേനോൻ, ഹൈകോടതി രജിസ്ട്രാർ (വിജിലൻസ്) ആർ. നാരായണ പിഷാരടി, തൃശൂർ ജില്ല ജഡ്ജി ആനി ജോൺ എന്നിവരുടെ പേരുകളാണ് ശിപാർശ ചെയ്തത്. കേന്ദ്ര സർക്കാറിന് കൊളീജിയം സമർപ്പിച്ച ശിപാർശയിൽ നിയമ മന്ത്രാലയം തുടർ നടപടി എടുക്കണം.
അശോക് മേനോൻ തിരുവില്വാമല കിണറ്റിൻകര വീട്ടിൽ ഹരിദാസ് പുല്ലാട്ടിെൻറയും കൊച്ചമ്മിണിക്കാവിെൻറയും മകനാണ്. 1988ൽ ജുഡീഷ്യൽ സർവിസിൽ പ്രവേശിച്ചു. പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിൽ ജില്ല ജഡ്ജിയായിരുന്നു. സുപ്രീംകോടതിയിൽ രജിസ്ട്രാറായിരുന്നു. 2015ലാണ് കേരള ഹൈകോടതിയിൽ രജിസ്ട്രാർ ജനറലായി ചുമതലയേറ്റത്. ആഷ നെടിയംവീട്ടിലാണ് ഭാര്യ. മക്കൾ: അതുൽ, അഖിൽ.
ആർ. നാരായണ പിഷാരടി നോർത്ത് പറവൂർ പെരുവാരത്ത് പിഷാരത്ത് രാമ പിഷാരടിയുടെയും ഗോമതിയുടെയും മകനാണ്. 1986ൽ ജുഡീഷ്യൽ സർവിസിൽ പ്രവേശിച്ചു. തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ മുൻസിഫായും മജിസ്ട്രേറ്റായും പ്രവർത്തിച്ചു. 2005ൽ മഞ്ചേരി ജില്ല ജഡ്ജിയായി. 2016ൽ ഹൈകോടതിയിൽ വിജിലൻസ് രജിസ്ട്രാറായി ചുമതലയേറ്റു. ശ്രീകലയാണ് ഭാര്യ. മകൻ: ശ്രീനാഥ്.
ആനി ജോൺ ഇപ്പോൾ തൃശൂർ ജില്ല ജഡ്ജിയാണ്. വൈക്കത്തെ പ്രശസ്ത അഭിഭാഷകനായിരുന്ന അഡ്വ. ജോൺ മഠത്തിലിെൻറയും മറിയക്കുട്ടിയുെടയും മകൾ. 1989ൽ ജുഡീഷ്യൽ സർവിസിൽ പ്രവേശിച്ചു. പറവൂർ, എറണാകുളം, ഇരിങ്ങാലക്കുട, പെരുമ്പാവൂർ, ചേർത്തല, പാലക്കാട്, തലശ്ശേരി, ആലപ്പുഴ, തൃശൂർ കോടതികളിൽ മുൻസിഫ്, മജിസ്ട്രേറ്റ്, ജില്ല ജഡ്ജി പദവികൾ വഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ (തൃശൂർ) ഡെപ്യൂട്ടി മാനേജർ കെ.എ. ബേബിയാണ് ഭർത്താവ്. ഡോ. മരിയ ബേബി, ടീന ബേബി എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.