ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: ആലുവയിൽ ഡിജിറ്റൽ സർവേ തുടങ്ങി
text_fields
കൊച്ചി: കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും സാക്ഷരതാ മിഷനും സംയുക്തമായി നടപ്പാക്കുന്ന ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി നിരക്ഷരരെ കണ്ടെത്താനുള്ള ഡിജിറ്റൽ സർവേക്ക് ആലുവ നഗരസഭയിൽ തുടക്കമായി. നഗരസഭ ചെയർമാൻ എം.ഒ ജോൺ ഉദ്ഘാടനം നിർവഹിച്ചു.
പ്രാദേശിക ചർച്ചകളിലൂടെ കണ്ടെത്തിയ സാധ്യതാ മേഖലകളിലാണ് സർവേ നടത്തുന്നത്. ജനപ്രതിനിധികൾ, പ്രേരക്മാർ, തുല്യതാ പഠിതാക്കൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, എസ്.സി-എസ്.ടി പ്രമോട്ടർമാർ, തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ, കോളജുകളിലെ എൻ.എസ്.എസ് വോളന്റിയർമാർ, മറ്റ് സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ സർവേയിൽ പങ്കാളികളാവും. സർവേയിലൂടെ കണ്ടെത്തുന്ന നിരക്ഷരർക്ക് സാക്ഷരതാ ക്ലാസ്സ് നൽകും.
സമ്പൂർണ സാക്ഷരതയിൽ നിന്നും പരിപൂർണ സാക്ഷരതയിലേക്ക് എന്ന ലക്ഷ്യത്തോടെ നടത്തുന്ന സർവേയിലൂടെ ആലുവ നഗരസഭയിൽ 150ഓളം നിരക്ഷരരെ കണ്ടെത്തി സാക്ഷരതരാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം വഴി ജില്ലയിലാകെ 5000 പേരെ സാക്ഷരരാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ജില്ലയിൽ തെരഞ്ഞെടുത്ത 48 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.ആലുവ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.