നവകേരള സദസ്: മുഖ്യമന്ത്രിയും മന്ത്രിമാരും വ്യാഴാഴ്ച മുതല്‍ നാലു ദിവസം എറണാകുളത്ത്
text_fieldsകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വ്യാഴാഴ്ച് (ഡിസംബര്‍ ഏഴ്) മുതല്‍ ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലും സന്ദര്‍ശനം നടത്തും. മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് നേരിട്ട് എത്തുന്ന നവകേരള സദസിന്റെ ഭാഗമായാണ് ജില്ലയില്‍ 4 ദിവസം (ഡിസംബര്‍ ഏഴ് മുതല്‍ 10 വരെ) എല്ലാ മണ്ഡലങ്ങളിലും സന്ദര്‍ശനം.
ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ പരാതികള്‍ പരിഹരിക്കാനുമാണ് നവകേരള സദസ്. ഇതോടനുബന്ധിച്ച് മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്ന പ്രഭാത യോഗവും നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചുള്ള ബഹുജന സദസും നടക്കും.
ഡിസംബര്‍ ഏഴിന് രാവിലെ ഒമ്പതിന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യ പ്രഭാത യോഗം നടക്കുക. അങ്കമാലി, ആലുവ, പറവൂര്‍ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ടവരുമായാണ് പ്രഭാതയോഗത്തില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. തുടര്‍ന്ന് ചാലക്കുടി മണ്ഡലത്തിലെ ബഹുജനസദസില്‍ പങ്കെടുത്ത ശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രിയും മന്ത്രിമാരും അങ്കമാലി സെന്റ് ജോസഫ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ അങ്കമാലി മണ്ഡലത്തിലെ നവകേരള സദസില്‍ പങ്കെടുക്കും.
മണ്ഡല സദസ് തുടങ്ങുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് ജനങ്ങള്‍ക്ക് നിവേദനങ്ങള്‍ നല്‍കുവാന്‍ എല്ലാ മണ്ഡലങ്ങളിലും സൗകര്യം ഉണ്ടായിരിക്കും. വൈകീട്ട് 3.30ന് ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍റ് പരിസരത്തും അഞ്ചിന് പറവൂര്‍ ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്തും നവകേരള സദസ് സംഘടിപ്പിക്കും.
രണ്ടാം ദിവസമായ ഡിസംബര്‍ എട്ടിന് രാവിലെ ഒമ്പതിന് പ്രഭാതയോഗം കലൂര്‍ ഐ.എം.എ ഹൗസില്‍ ചേരും. വൈപ്പിന്‍, കൊച്ചി, കളമശേരി, എറണാകുളം മണ്ഡലങ്ങളില്‍ നിന്നുള്ളവരുമായാണ് പ്രഭാതയോഗത്തില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തുന്നത്. തുടര്‍ന്ന് രാവിലെ 10 ന് ഞാറക്കല്‍ ജയ്ഹിന്ദ് ഗ്രൗണ്ടില്‍ വൈപ്പിന്‍ മണ്ഡലത്തിലെയും ഉച്ചകഴിഞ്ഞ് രണ്ടിന് ഫോര്‍ട്ട്കൊച്ചി വെളി ഗ്രൗണ്ടില്‍ കൊച്ചി മണ്ഡലത്തിലെയും വൈകിട്ട് 3.30ന് പത്തടിപ്പാലം റസ്റ്റ് ഹൗസിന് സമീപം കളമശ്ശേരി മണ്ഡലത്തിലെയും വൈകീട്ട് അഞ്ചിന് മറൈന്‍ഡ്രൈവില്‍ എറണാകുളം മണ്ഡലത്തിലെയും നവകേരള സദസുകള്‍ സംഘടിപ്പിക്കും.
മൂന്നാം ദിവസമായ ഡിസംബര്‍ ഒമ്പതിന് രാവിലെ ഒമ്പതിന് തൃപ്പൂണിത്തുറ കിഴക്കേക്കോട്ട സെന്റ് മേരീസ് ചര്‍ച്ച് സിയോണ്‍ ഓഡിറ്റോറിയത്തില്‍ തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്ത്‌നാട് മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ടവരെ ഉള്‍പ്പെടുത്തി പ്രഭാതയോഗം ചേരും. തുടര്‍ന്ന് രാവിലെ 10ന് കാക്കനാട് സിവില്‍ സ്‌റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ തൃക്കാക്കര മണ്ഡലത്തിലെയും ഉച്ചകഴിഞ്ഞ് രണ്ടിന് പുതിയകാവ് ക്ഷേത്ര മൈതാനിയില്‍ തൃപ്പൂണിത്തുറ മണ്ഡലത്തിലെയും വൈകീട്ട് 3.30ന് പിറവം കൊച്ചുപള്ളി മൈതാനത്ത് പിറവം മണ്ഡലത്തിലെയും അഞ്ചിന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് ഗ്രൗണ്ടില്‍ കുന്നത്തുനാട് മണ്ഡലത്തിലെയും നവകേരള സദസുകള്‍ സംഘടിപ്പിക്കും.
ജില്ലയിലെ അവസാന ദിവസമായ ഡിസംബര്‍ 10ന് രാവിലെ ഒമ്പതിന് വെങ്ങോല ഹമാരാ ഓഡിറ്റോറിയത്തില്‍ പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ പ്രഭാതയോഗം നടക്കും. തുടര്‍ന്ന് രാവിലെ 10ന് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ പെരുമ്പാവൂര്‍ മണ്ഡലത്തിലെയും ഉച്ചകഴിഞ്ഞ് രണ്ടിന് മാര്‍ ബേസില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ കോതമംഗലം മണ്ഡലത്തിലെയും 3.30ന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മൂവാറ്റുപുഴ മണ്ഡലത്തിലെയും നവകേരള സദസുകളോടെ ജില്ലയിലെ പര്യടനത്തിന് സമാപനമാകും. നവകേരള സദസിന് മുന്നോടിയായി 14 മണ്ഡലങ്ങളിലും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.