ഇറച്ചിക്കടകളും ചന്തകളും നിലനിൽപ് ഭീഷണിയിൽ
text_fieldsകശാപ്പിന് കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ച കേന്ദ്രസർക്കാർ നടപടി സംസ്ഥാനത്തെ ഇറച്ചി വിപണിയെ ബാധിച്ചു. വിവിധ ജില്ലകളിൽ ഇറച്ചിക്കടകളും കന്നുകാലി ചന്തകളും നിലനിൽപ് ഭീഷണി നേരിടുകയാണ്.
കണ്ണൂർ ജില്ലയിൽ ഇറച്ചി വിപണി ശനിയാഴ്ചയും പതിവുപോലെ പ്രവർത്തിച്ചു. എന്നാൽ, ഇറച്ചിവ്യാപാരികളും ഉപഭോക്താക്കളും ഇത് എത്രകാലം തുടരാനാകുമെന്ന ആശങ്കയിലാണ്. ജില്ലയിൽ ഇറച്ചിക്കച്ചവടക്കാരായി 6000ത്തിലേറെ പേരുണ്ടെന്നാണ് കണക്ക്. പാലക്കാട്, തൃശൂർ, മലപ്പുറം ഭാഗങ്ങളിലെ കാലിച്ചന്തകളിൽ നിന്നാണ് ഇവർ ഉരുക്കളെ വാങ്ങുന്നത്. പ്രസ്തുത ചന്തകളിലേക്ക് കാലികൾ എത്തുന്നത് മുഖ്യമായും തമിഴ്നാട്ടിൽനിന്നാണ്. കേന്ദ്ര സർക്കാർ വിജ്ഞാപനം നടപ്പാവുകയാണെങ്കിൽ അതിർത്തി കടന്ന് കാലികളുടെ വരവ് നിലക്കും. ഏതാനും ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് ഇറച്ചിക്കച്ചവടക്കാരുടെ പക്കലുള്ളത്. കാലിച്ചന്തകൾ കാലിയാകുന്ന സാഹചര്യം വന്നാൽ അറക്കാൻ കാളയും പോത്തുമില്ലാതെ ഇറച്ചിക്കടകൾ മിക്കതും അടച്ചിടേണ്ടി വരുമെന്ന് മീറ്റ് വർക്കേഴ്സ് യൂനിയൻ (എസ്.ടി.യു) സംസ്ഥാന സെക്രട്ടറി കെ.എൽ. അഷ്റഫ് പറഞ്ഞു.
തൃശൂർ ജില്ലയിൽ ഇറച്ചി വിൽപന ഇടിഞ്ഞു. തൃശൂർ കോർപറേഷെൻറ കുരിയച്ചിറയിലെ അറവ് കേന്ദ്രത്തിൽ സാധാരണയായി 45 മുതൽ 60 മാടുകളെ വരെയാണ് അറക്കാറ്. എന്നാൽ ശനിയാഴ്ച 35 മാടുകളെയാണ് അറുത്തത്. ജില്ലയിലെ എണ്ണൂറോളം വരുന്ന ഇറച്ചിക്കടകളിൽ ഏകദേശം 500 മാടുകളുടെ ഇറച്ചിയാണ് സാധാരണ വിൽക്കാറ്. ശനിയാഴ്ച വിൽപന കേന്ദ്രങ്ങളിൽ ആവശ്യക്കാർ കുറവായിരുന്നുവെന്ന് മീറ്റ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി കെ.ജെ.ജോഷി പറഞ്ഞു.
ആലപ്പുഴ ജില്ലയിൽ ഇറച്ചി വ്യാപാരം തകർച്ചഭീഷണിയിലാണ്. നിലവിൽ വിൽപന കുറഞ്ഞതായി പറയാനാവില്ലെങ്കിലും ഉത്തരവുമൂലം ഭാവിയിലുണ്ടാകുന്ന പ്രശ്നങ്ങൾ വലുതാണെന്ന് ഓൾ കേരള മീറ്റ് മർച്ചൻറ് അസോസിയേഷൻ ജില്ല പ്രസിഡൻറ് ഒ. അഷറഫ് പറഞ്ഞു. തിരുപ്പൂർ, കരുനാഗപ്പള്ളി, പാലക്കാട് എന്നിവിടങ്ങളിലെ കാലിച്ചന്തകളിൽനിന്നാണ് ജില്ലയിലേക്ക് കന്നുകാലികളെ അറവിന് വാങ്ങുന്നത്. ഇപ്പോൾതന്നെ ഉയർന്ന തുകയാണ് വ്യാപാരികൾ ഇതിന് ചെലവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ പ്രധാന മാർക്കറ്റുകളായ പത്തനംതിട്ട, അടൂർ, പറക്കോട്, തിരുവല്ല എന്നിവിടങ്ങളിൽ ബീഫ് കച്ചവടത്തെ കേന്ദ്ര ഉത്തരവ് കാര്യമായി ബാധിച്ചില്ല. ഇടുക്കിയിലെ കശാപ്പുശാലകളിൽ തിരക്ക് കൂടി. പതിവിൽ കവിഞ്ഞ വിൽപനയാണ് ലഭിച്ചതെന്ന് കശാപ്പുശാലകൾക്ക് മുന്നിലെ നീണ്ടനിര തന്നെ തെളിവ്. കച്ചവടം കൂടുതലായി നടന്നെന്ന് നടത്തിപ്പുകാരും പറയുന്നു.ഒഡിഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ മാട് കർഷകരുടെ പ്രധാന വിപണി കേരളമാണ്. പോത്ത്, കാള എന്നിവ കേരളത്തിലേക്ക് കൊണ്ടുവരുന്നത് ബി.ജെ.പി സ്വാധീന മേഖലകൾ വഴിയാണ്. ഇൗ മേഖലകളിലെ പൊലീസും ഭരണസംവിധാനങ്ങളും കേന്ദ്ര ഉത്തരവ് പാലിക്കാൻ ശ്രമിക്കും. ഫലത്തിൽ, കേരളത്തിലേക്കുള്ള മാടുകളുടെ വരവ് നിലക്കും. മഞ്ചേശ്വരം, ബദിയടുക്ക, ആദൂർ അതിർത്തി വഴിയാണ് കേരളത്തിലേക്ക് വരുന്നത്. കേന്ദ്ര ഉത്തരവ് വന്നതോടെ ഇൗ കടത്ത് ഇനിയുണ്ടാവില്ല. കേരളത്തിൽതന്നെ മതിയായ ഫാമുകൾ ഒരുക്കുകയെന്നതാണ് പ്രതിസന്ധി നേരിടാനുള്ള മാർഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.