സ്പിരിറ്റ് ഒഴുക്കലും കയറ്റുമതിയും ലക്ഷ്യമിട്ട് പുതിയ മദ്യനയം
text_fieldsകോട്ടയം: സംസ്ഥാനത്തുതന്നെ സ്പിരിറ്റ് ഉൽപാദിപ്പിച്ച് വിദേശ മദ്യക്കയറ്റുമതി ലക്ഷ്യമിട്ട് സംസ്ഥാനത്തിന്‍റെ പുതിയ മദ്യനയം.
പല പ്രധാന നിർദേശങ്ങളുമടങ്ങിയ നയം നികുതി, നിയമവകുപ്പുകളുടെ പരിശോധനക്കുശേഷം അന്തിമമായിട്ടുണ്ട്. മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാൽ മന്ത്രിസഭായോഗം ഈ നയത്തിന് അംഗീകാരം നൽകും. ഫലത്തിൽ കൂടുതൽ ഡിസ്റ്റിലറികൾക്ക് അനുമതി നൽകുന്ന നിലയിലേക്കാണ് മദ്യനയം. മുമ്പ് ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിക്കാനുള്ള സർക്കാർ നീക്കം വിവാദമായിരുന്നു.
അത്തരമൊരു സാഹചര്യത്തിലേക്ക് നീങ്ങാതിരിക്കാൻ വളരെ കരുതലോടെയുള്ള നീക്കമായിരിക്കും നടക്കുക. സംസ്ഥാനത്ത് മദ്യത്തിന്‍റെ വിലവർധനക്കും വിൽപനക്കുള്ള തടസ്സത്തിനും പ്രധാന തടസ്സം സ്പിരിറ്റിന്‍റെ ദൗർലഭ്യമാണ്.
അന്തർസംസ്ഥാനങ്ങളിൽനിന്നാണ് സ്പിരിറ്റ് ഇറക്കുമതി ചെയ്യുന്നത്. സ്പിരിറ്റിന്‍റെ ദൗർലഭ്യവും വിലവർധനയും ചൂണ്ടിക്കാട്ടി മദ്യക്കമ്പനികൾ വില വർധിപ്പിക്കുന്ന സാഹചര്യമാണുള്ളത്. ആ സാഹചര്യം തരണം ചെയ്യാനെന്ന പേരിലാണ് സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപാദനത്തിനുള്ള നിർദേശങ്ങൾ നയത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതിന് പുറമെ കേരളത്തിൽ നിർമിക്കുന്ന ഇന്ത്യൻ നിർമിത വിദേശമദ്യം കയറ്റിയയക്കാനും മദ്യനയത്തിൽ ഉദ്ദേശിക്കുന്നു. സംസ്ഥാനത്ത് മദ്യം ഉൽപാദിപ്പിക്കുന്ന 18 ഡിസ്റ്റിലറികളാണ് പ്രവർത്തിക്കുന്നത്.
വെള്ളത്തിന്‍റെയും അസംസ്കൃത വസ്തുക്കളുടെയും ലഭ്യതക്കുറവ്, പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവയാണ് കേരളത്തിലെ ഡിസ്റ്റിലറികളിലെ ഉൽപാദനത്തിന് തടസ്സമായി നിൽക്കുന്നത്. എന്നാൽ, മദ്യനയത്തിൽ സ്പിരിറ്റ് ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ ശിപാർശ ചെയ്താലും അത് പ്രായോഗികതലത്തിൽ കൊണ്ടുവരാൻ കടമ്പകൾ ഏറെയാണെന്നും ചൂണ്ടിക്കാട്ടുന്നു. ഈ മദ്യനയം നിലവിൽ വന്നാൽ കൂടുതൽ വിവാദങ്ങളിലേക്ക് വഴിെവക്കാനും സാധ്യതയുണ്ട്. ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് ബ്രുവറി-ഡിസ്റ്റിലറികൾ അനുവദിച്ചത് വിവാദമായതോടെ പിൻവലിച്ചിരുന്നു.
കൂടാതെ, ഹോട്ടലുകൾക്ക് സ്റ്റാർ പദവി നൽകി ബാറുകൾ കൂടുതലായി അനുവദിക്കുന്നതും മദ്യനയത്തിലുണ്ടാകുമെന്നാണ് സൂചന. കള്ളുഷാപ്പുകള്‍ക്ക് നക്ഷത്രപദവി നൽകുന്നതും നയത്തിലുണ്ട്. വ്യാജ കള്ള് പിടികൂടുന്നതിന് ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് കള്ള് കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ച് നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തും.
പഴവർഗങ്ങളിൽനിന്നും കർഷകസംഘങ്ങള്‍ ഉൽപാദിപ്പിക്കുന്ന വീഞ്ഞ് ബെവ്കോ ഔട്ലെറ്റുകൾ വഴി വിൽക്കുന്നതും നയത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.