പുതിയ മദ്യനയം: എട്ടിന് നിയമസഭക്കു മുന്നിൽ നിരാഹാരം -കെ.സി.ബി.സി
text_fieldsതിരുവനന്തപുരം: പുതിയ മദ്യനയത്തിൽ സ്ഥാപിത താൽപര്യവുമായി സർക്കാർ മുന്നോട്ടുപോയാൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് കെ.സി.ബി.സി പ്രസിഡൻറ് ആർച് ബിഷപ് ഡോ. എം. സൂസപാക്യം. മദ്യശാലകൾക്ക് അനുമതി നൽകുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്കുണ്ടായിരുന്ന അധികാരം നീക്കിയ ഓർഡിനൻസ് ഇറക്കിയ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ഗവർണർ റിട്ട. ജസ്റ്റിസ് പി. സദാശിവത്തേയും സന്ദർശിച്ച ശേഷം മാധ്യമങ്ങേളാട് സംസാരിക്കുകയായിരുന്നു അേദ്ദഹം. മതമേലധ്യക്ഷന്മാർക്കും മദ്യവിരുദ്ധസമിതി പ്രവർത്തകർക്കുമൊപ്പമാണ് ബിഷപ് ഗവർണറെ കണ്ടത്.
ഒാർഡിനൻസ് ഇറക്കിയത് വഞ്ചനപരമായ നടപടിയാണെന്നും ബിഷപ് പറഞ്ഞു. സർക്കാർ ഒളിഞ്ഞും തെളിഞ്ഞും മദ്യലോബികളുമായി കൂട്ടുചേർന്ന് മദ്യവ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയാണ്. പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചുപൂട്ടിയപ്പോൾ ഗുണപരമായ മാറ്റങ്ങൾ സംഭവിച്ചു. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷക്ക് വകനൽകുന്നുണ്ടെന്നും സൂസപാക്യം പറഞ്ഞു.
ഒാർഡിനൻസിൽ പ്രതിഷേധിച്ച്, ജൂൺ എട്ടിന് നിയമസഭക്കു മുന്നിൽ നിരാഹാരസമരം നടത്തുമെന്ന് സംഘത്തിലുണ്ടായിരുന്ന സുഗതകുമാരി അറിയിച്ചു. ഇതിന് മുന്നോടിയായി ഭരണകക്ഷി നേതാക്കളെയും പ്രതിപക്ഷനേതാക്കളെയും കണ്ട് പുതിയ ഒാർഡിനൻസിലൂടെ വരാനിരിക്കുന്ന ഭവിഷ്യത്തുകൾ ബോധ്യപ്പെടുത്തും. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.
മദ്യവിരുദ്ധ ജനകീയമുന്നണി ചെയര്മാന് ബിഷപ് ഡോ. ജോഷ്വാ മാര് ഇഗ്നാത്തിയോസ്, കെ.സി.ബി.സി മദ്യവിരുദ്ധസമിതി ചെയര്മാന് ബിഷപ് റെമിജിയോസ് ഇഞ്ചിനായിക്കല്, ഫാ. ജേക്കബ് വെള്ളമരുതൂര്, ഫാ. ജോണ് അരീക്കൽ, പ്രസാദ് കുരുവിള, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ജോണ്സണ് ഇടയാറന്മുള തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.