പുതിയ മദ്യനയം സര്‍ക്കാരിനും പാര്‍ട്ടിക്കും പണമുണ്ടാക്കാന്‍ -കെ. സുധാകരന്‍
text_fieldsകേരളം മദ്യത്തില്‍ മുക്കി സര്‍ക്കാരിന്റെ വരുമാനം ഇരട്ടിപ്പിക്കുകയും പാര്‍ട്ടിക്ക് പണമുണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പിണറായി സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. വീടുകളും ജോലിസ്ഥലങ്ങളും മദ്യനിര്‍മാണ ശാലകളും ബാറുകളുമായി പരിണമിക്കുന്ന പിണറായി സര്‍ക്കാരിന്റെ പുതിയ മദ്യനയം വന്‍ദുരന്തത്തിലേക്കുള്ള ചുവടുവയ്പാണെന്നും അദ്ദേഹം പറഞ്ഞു.
മദ്യമാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാനമാര്‍ഗം. കഴിഞ്ഞ വര്‍ഷം മദ്യത്തില്‍ നിന്നും പെട്രോളിയം ഉല്പന്നങ്ങളില്‍ നിന്നും ലഭിച്ചത് 22,962 കോടി രൂപയാണ്. ഇതില്‍ 55 ശതമാനം (13,730 കോടി) മദ്യത്തില്‍ നിന്നും 45 ശതമാനം (11,234 കോടി) പെട്രോളിയം ഉല്പന്നങ്ങളില്‍ നിന്നുമാണ്. കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് നിരന്തരം വില കൂട്ടുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ വരുമാനം ലഭിക്കുന്നു. അതുപോലെ മദ്യം വ്യാപകമാകുമ്പോള്‍ അതില്‍ നിന്നും കൂടുതല്‍ വരുമാനം ലഭിക്കും. പുതിയ മദ്യശാലകള്‍ തുറക്കാന്‍ കോടികളാണ് വാരിവിതറുന്നതെന്നും സുധാകരന്‍ പറഞ്ഞു.
ഐ.ടി പാര്‍ക്കുകളില്‍ പ്രത്യേക മദ്യശാലകള്‍ തുറക്കുന്നത് യുവജനതയെ മദ്യത്തിലേക്ക് കൂടുതലായി ആകര്‍ഷിക്കും. ഏറെ സമ്മര്‍ദത്തിലും രാത്രി വൈകിയും ജോലി ചെയ്യുന്ന യുവജനത, തൊട്ടടുത്ത് ലഭ്യമാകുന്ന മദ്യത്തിന് അടിമപ്പെടാനുളള സാധ്യത ഏറെയാണ്.
കാര്‍ഷികോല്പന്നങ്ങളിൽ നിന്ന് മദ്യവും വൈനും ഉല്പാദിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. നിയന്ത്രിതമായ തോതില്‍ വീട്ടാവശ്യത്തിനാണ് ഇപ്പോള്‍ വൈന്‍ നിര്‍മിക്കുന്നത്. അത് വ്യവസായമാകുമ്പോള്‍ ഉല്പാദനവും ഉപഭോഗവും പതിന്മടങ്ങാകും. ഓരോ വീടും മദ്യനിര്‍മാണ യൂനിറ്റായാലും അത്ഭതുപ്പെടേണ്ടതില്ല.
ആങ്ങള ചത്താലും നാത്തൂന്റെ കരച്ചിലു കണ്ടാല്‍ മതി എന്ന പഴഞ്ചൊല്ലുപോലെ കേരളം മദ്യത്തില്‍ മുങ്ങിത്താഴ്ന്നാലും അതില്‍ നിന്നു സര്‍ക്കാരിനും പാര്‍ട്ടിക്കും പണം കിട്ടിയാല്‍ മതിയെന്ന പിണറായി സര്‍ക്കാരിന്റെ നിലപാട് ആത്മഹത്യാപരമാണെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.