ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം വരുന്നു; കേരളത്തിൽ വ്യാപക മഴ തുടരുമെന്ന് മുന്നറിയിപ്പ്
text_fieldsകോഴിക്കോട്: ആഗസ്റ്റ് ഏഴോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്ന് തെക്കോട്ടുമാറിയാണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ ആഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
അതേസമയം, സംസ്ഥാനത്ത് ഇന്ന് മഴക്ക് ശമനമുണ്ടായത് ആശ്വാസത്തിനിടയാക്കി. ഇന്ന് ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണുള്ളത്. മറ്റ് ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. ആഗസ്റ്റ് ഏഴിന് ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും എട്ടിന് കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഒമ്പതിന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.
അതേസമയം, ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തിയതോടെ ഡാമിലെ ജലനിരപ്പ് 2382.52 അടിയിലെത്തി. ആകെ സംഭരണ ശേഷിയുടെ 82.89 ശതമാനമാണ് ഇപ്പോൾ ജലനിരപ്പ്. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും. പെരിയാര്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
വയനാട് ബാണാസുര സാഗറിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 773 മീറ്റര്‍ എത്തിയ സാഹചര്യത്തിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 774 മീറ്ററാണ് ഇന്നത്തെ അപ്പർ റൂൾ ലെവൽ. ഇന്നലെ ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 138 അടിയിലെത്തി. ജലനിരപ്പ് റൂൾ കർവ് പരിധി പിന്നിട്ടതോടെ ഡാമിന്റെ ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു. സെക്കൻറിൽ 2,219 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. 2,166 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. ഡാമിലേക്കുള്ള നീരാഴുക്ക് കുറയാത്ത പശ്ചാത്തലത്തിൽ കൂടുതൽ വെള്ളം തുറന്നു വിടാനും സാധ്യതയുണ്ട്.
ഇടുക്കി ഡാമിലെ വെള്ളം പെരിയാറിലേക്ക് തുറന്നുവിട്ടാൽ ആലുവയിൽ ജലനിരപ്പ് ഉയരുന്നതിന് കാരണമാകും. അത് മറികടക്കാനുള്ള നടപടികളെടുത്ത ശേഷമേ ഇടുക്കി തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.