കോടിയേരിക്ക് ആദരാഞ്ജലിയർപ്പിച്ചുള്ള ബോർഡുകൾ നീക്കിയ സംഭവം: ന്യൂമാഹി എസ്.ഐയെ സ്ഥലംമാറ്റി
text_fieldsതലശ്ശേരി: മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയർപ്പിച്ചുള്ള ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റിയ സംഭവത്തിൽ എസ്.ഐയെ സ്ഥലം മാറ്റി. ന്യൂമാഹി പൊലീസ് എസ്.ഐ വിപിനെയാണ് കണ്ണൂരിലേക്ക് മാറ്റിയത്.
ബോർഡുകൾ നീക്കിയ പൊലീസ് നടപടി വൻ പ്രതിഷേധത്തിന് വഴിവെച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഡി.വൈ.എഫ്.ഐ നേതാക്കളുൾപ്പെടെ 50 ഓളം പ്രവർത്തകർ സ്റ്റേഷനിൽ പ്രതിഷേധവുമായെത്തി.
ശനിയാഴ്ച രാവിലെയാണ് ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വിവിധ രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ച ബോർഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്തത്. ഇതിൽ കഴിഞ്ഞ ദിവസം അന്തരിച്ച മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ അർപ്പിച്ച് സി.പി.എം ഉൾപ്പെടെ വിവിധ സംഘടനകളും മറ്റും സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും ഉൾപ്പെട്ടതാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ രോഷാകുലരാക്കിയത്. തുടർന്ന് ഡി.വൈ.എഫ്.ഐ നേതാവ് വി.പി. വിജേഷിന്റെ നേതൃത്വത്തിൽ വിജയൻ വെളിയമ്പ്ര, കെ.വി. വിജേഷ്, പി. സനീഷ്, പി.വി. സചിൻ, ഷൈൻ കുമാർ തുടങ്ങിയ പ്രവർത്തകർ ന്യൂ മാഹി സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു.
എന്നാൽ പൊതുസ്ഥലങ്ങളിലെ കൊടിതോരണങ്ങൾ നീക്കം ചെയ്യണമെന്ന ഹൈകോടതി വിധി നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തുടർന്ന് പൊലീസ് ഇൻസ്പെക്ടർ എം. അനിലുമായി നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്ന് കോടിയേരിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുള്ള ബോർഡുകൾ തിരിച്ചു നൽകുകയായിരുന്നു. ഇതേ തുടർന്നാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.