അതിക്രമത്തിന് ഇരയാകുന്ന പട്ടികവിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കാൻ പുതിയ സംവിധാനം
text_fieldsതിരുവനന്തപുരം: അതിക്രമത്തിന് ഇരയാകുന്ന പട്ടികവിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കാൻ പുതിയ സംവിധാനം. അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് പൊലീസ് നിയമ സഹായങ്ങൾ ലഭ്യമാക്കുന്നതിനായി സംസ്ഥാനതല ഹെൽപ്പ് ലൈൻ രൂപീകരിക്കുന്നതിനുള്ള നടപടികൾ സീകരിക്കും.
സംസ്ഥാനതല ഹെൽപ്പ് ലൈൻ രൂപീകരിക്കുന്നതിന്റെ ഭാഗമായി കോൾ സെന്റർ, ലീഗൽ അഡ്വൈസർ, 14 ലീഗൽ കൗൺസിലർമാരുടെ സേവനം ജില്ല പട്ടികജാതി ഓഫിസ് നടപ്പാക്കും. പട്ടികവർഗ ഡയറക്ടറേറ്റിലും കോൾ സെന്‍റർ ആരംഭിക്കുന്നതിന് പ്രൊപ്പോസൽ സമർപ്പിക്കാൻ നിർദേശം നൽകി.
അതിക്രമത്തിനിരയാകുന്ന പട്ടികവിഭാഗക്കാരുടെ നിയമപരമായ സംശയ നിവാരണങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിന് സംസ്ഥാനതല ഹെൽപ്പ് ലൈൻ രൂപീകരിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. അവർക്കായി വകുപ്പ് നടപ്പാക്കുന്ന ക്ഷേമ പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾക്കായി ബന്ധപ്പെടുന്നതിന് ഹെൽപ്പ് ലൈൻ നമ്പരോടുകൂടിയ രണ്ട് കോൾ സെന്റർ, അസിസ്റ്റന്റുമാരുൾപ്പെടുന്നതുമായ സംവിധാനമാണ് പട്ടികജാതി ഡയറക്ടറേറ്റിന് കീഴിൽ നടപ്പിലാക്കുന്നത്. അതിക്രമത്തിൽ ഇരയാകുന്നവരെ കണ്ടെത്തി അവർക്ക് ആവശ്യമായ നിയമ സഹായങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. പൊലീസുമായി ബന്ധപ്പെട്ട് യഥാസമയം എഫ്.ഐ.ആർ, ചാർജ് ഷീറ്റ് തുടങ്ങിയവ തയാറാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, പട്ടികജാതിക്കാർക്കിടയിൽ മതിയായ ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കായി 14 ജില്ലകളിലും ഓരോ ലീഗൽ കൗൺസിലർമാരെ നിയമിക്കുന്നതിനുള്ള നടപടികളും തുടങ്ങി.
കോൾ സെന്‍ററിന്‍റെയും 14 ജില്ലകളിലെ ലീഗൽ കൗൺസിലർമാരെയും കോർഡിനേറ്റ് ചെയ്യുന്നതിനും സംസ്ഥാന തലത്തിൽ അതിക്രമ നിരോധന നിയമ പ്രകാരമുള്ള കേസുകൾ വിലയിരുത്തുന്നതിനും പൊലീസ് ആസ്ഥാനം, സ്പെഷ്യൽ സെൽ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നതിനുമായി സംസ്ഥാന തലത്തിൽ ലീഗൽ അഡ്വൈസറെയും നിയമിച്ചു.
അതിക്രമത്തിന് ഇരയാകുന്ന പട്ടികവിഭാഗക്കാർ വാദികളായ കേസുകളിൽ കേസ് രജിസ്റ്റർ ചെയ്താലുടൻ വിക്ടിം ലെയ്സൻ ഓഫിസർമാരെ നിയമിച്ചും നിയമപരമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടി ജില്ല ലീഗൽ സർവീസ് അതോറിറ്റിയെ അറിയിച്ചും അവർക്ക് ആവശ്യമായ സംരക്ഷണവും മറ്റു സഹായങ്ങളും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.