പുതിയ റേഷൻ കാർഡിനുള്ള അപേക്ഷ സ്വീകരിക്കാൻ സർക്കാർ നിർദേശം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ റേഷൻകാർഡിന് വേണ്ടിയുള്ള ജനങ്ങളുടെ കാത്തിരിപ്പിന് അറുതിയാകുന്നു. ഫെബ്രുവരി ഒന്നുമുതൽ പുതിയ റേഷൻകാർഡിനുള്ള അപേക്ഷ സ്വീകരിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കണമെന്നും 15ന് മുമ്പ് അപേക്ഷ സ്വീകരിച്ചുതുടങ്ങണമെന്നും സിവിൽ സപ്ലൈസ് ഡയറക്ടർക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകി.
ഈ ഘട്ടത്തിൽ തന്നെ നിലവിൽ വിതരണംചെയ്ത കാർഡുകൾ പുതുക്കുകയും ചെയ്യാം. ശനിയാഴ്ച ഭക്ഷ്യമന്ത്രി പി. തിലോത്തമെൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഇതോടെ 10 ലക്ഷത്തോളം വരുന്ന കുടുംബങ്ങളുടെ മൂന്നരവർഷത്തെ കാത്തിരിപ്പിനാണ് അറുതിയാകുന്നത്.
2014ൽ അന്നത്തെ യു.ഡി.എഫ് സർക്കാർ കാർഡ് പുതുക്കാൻ അപേക്ഷ ക്ഷണിച്ചെങ്കിലും കേന്ദ്ര ഭക്ഷ്യഭദ്രതനിയമം വിലങ്ങുതടിയായതോടെ പ്രവർത്തനം മന്ദഗതിയിലായി. കുറച്ചുകാലം താൽക്കാലിക റേഷൻ കാർഡ് നൽകിയെങ്കിലും പിന്നീട് അതും പിൻവലിച്ചു. ഇതോടെ താൽക്കാലിക കാർഡ് കൈവശംവെച്ച ലക്ഷക്കണക്കിന് കുടുംബങ്ങളാണ് കാർഡില്ലാതെ വഴിയാധാരമായത്. പുതിയ റേഷൻ കാർഡ് ലഭിക്കാത്തതിനാൽ ബി.പി.എൽ കുടുംബങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സസഹായം ഉൾപ്പെടെയുള്ളവ നിഷേധിക്കപ്പെട്ടിരുന്നു. കാർഡില്ലാത്തതിനാൽ കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ഭവനപദ്ധതികൾക്കും പാവപ്പെട്ടവർക്ക് അപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ഭക്ഷ്യഭദ്രത നിയമപ്രകാരം ആദിവാസി കുടുംബങ്ങൾക്ക് കാർഡില്ലാത്തതിനാൽ റേഷൻ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായത്.
പരാതികളും പ്രതിഷേധങ്ങളും വ്യാപകമായതോടെയാണ് പുതിയ റേഷൻകാർഡിനുള്ള അപേക്ഷകൾ അടുത്തമാസം 15നുള്ളിൽ സ്വീകരിച്ചുതുടങ്ങണമെന്ന് മന്ത്രി തിലോത്തമൻ നിർദേശം നൽകിയത്. താലൂക്ക് സപ്ലൈ ഓഫിസുകൾ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. സംസ്ഥാനത്ത് മൊത്തമുള്ള 1,07,965 ആദിവാസി കുടുംബങ്ങളില്‍ 82,970 കുടുംബങ്ങള്‍ക്കാണ് കാര്‍ഡുള്ളത്. വയനാട് ജില്ലയിലാണ് കാര്‍ഡില്ലാത്ത ആദിവാസി കുടുംബങ്ങളേറെയുള്ളത് -7672. തിരുവനന്തപുരം --796, കൊല്ലം -202, പത്തനംതിട്ട- -342, ആലപ്പുഴ --106, കോട്ടയം --517, ഇടുക്കി -2899, എറണാകുളം- -392, തൃശൂര്‍ -235, പാലക്കാട് -3968, മലപ്പുറം -1162, കണ്ണൂർ- -2092, കാസര്‍കോട് -4054 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ റേഷന്‍കാര്‍ഡില്ലാത്ത ആദിവാസി കുടുംബങ്ങൾ.
കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളില്‍ താമസിക്കുന്ന പണിയ വിഭാഗത്തില്‍ 5841 കുടുംബങ്ങള്‍ക്ക് കാര്‍ഡില്ല. 21,605 കുടുംബങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. വയനാട്ടിലും വാണിമേലിലും കഴിയുന്ന 8362 കുറിച്യര്‍ വിഭാഗം കുടുംബങ്ങളില്‍ 620 കുടുംബങ്ങള്‍ക്ക് കാര്‍ഡില്ല. കേന്ദ്ര ഭക്ഷ്യഭദ്രതനിയമം സംസ്ഥാനത്ത് നടപ്പാക്കാൻ വൈകിയതും മുൻഗണനപട്ടികയിൽ ഏഴരലക്ഷത്തോളം അനർഹർ കടന്നുകൂടിയതുമാണ് പുതിയ റേഷൻകാർഡുകൾക്ക് അപേക്ഷ ക്ഷണിക്കാൻ വൈകാൻ കാരണമായതെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ‘മാധ്യമ’ത്തോട് പറഞ്ഞു. മുൻഗണനപട്ടികയിൽ ഉൾപ്പെടുത്താൻ 7.65 ലക്ഷം പരാതികളാണ് ലഭിച്ചത്.
ഇതിൽ അഞ്ചരലക്ഷത്തോളം പരാതികൾ തീർപ്പാക്കിയിട്ടുണ്ട്. മുൻഗണന പട്ടികയിൽ കയറിക്കൂടിയത് 91,169 സർക്കാർ ഉദ്യോഗസ്ഥരാണ്. ഇവരെക്കൂടി പട്ടികയിൽനിന്ന് പുറത്താക്കി ജനുവരി 30നുള്ളിൽ മുൻഗണനപട്ടിക റീ റാങ്കിങ് നടത്തുമെന്നും മന്ത്രി അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.