മുൻഗണന പട്ടികയിൽനിന്ന് പുറത്തായവർ ചികിത്സ ആനുകൂല്യം കിട്ടാതെ വെട്ടിൽ
text_fieldsകോഴിക്കോട്: പുതിയ കാർഡ് ലഭിച്ചതോടെ റേഷൻ മുൻഗണന പട്ടികയിൽനിന്ന് പുറംതള്ളപ്പെട്ടവർ ചികിത്സ ആനുകൂല്യം ലഭിക്കാതെ വെട്ടിലായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിത്യരോഗികളാണ് ഏറെയും ദുരിതത്തിലായത്. രോഗവിവരങ്ങൾ സഹിതം അപേക്ഷിച്ചവർക്ക് ജില്ല കലക്ടർമാരുടെ നിർദേശാനുസരണം നേരത്തേ കാർഡിൽ സീൽചെയ്ത് സൗജന്യ ചികിത്സ ലഭ്യമാക്കിയിരുന്നു. ഇവരാണ് പുതിയ കാർഡ് ലഭിച്ചതോടെ പൂർണമായും വെട്ടിലായത്. ഇത്തരക്കാർക്ക് ലഭിച്ച കാർഡുകളിൽ സീൽ ചെയ്ത് ആനുകൂല്യം ലഭ്യമാക്കാനോ മുൻഗണന പട്ടികയിലുൾപ്പെടുത്താനോ ഇതുവരെ നടപടിയാരംഭിച്ചിട്ടില്ല. ആശുപത്രികൾ പുതിയ കാർഡിൽ സൗജന്യ ചികിത്സ നൽകുന്നില്ലെന്നാണ് നിത്യരോഗികളുള്ള കുടുംബങ്ങൾ പറയുന്നത്. ഒാരോ റേഷൻകടയിലെ കാർഡുകളുടെ എണ്ണം നോക്കുേമ്പാൾ 50 മുതൽ 80 വരെ കുടുംബങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യമാണ് ഇല്ലാതായത്. കരട് ലിസ്റ്റിൽ ഉണ്ടായിരുന്നവരിൽ 20 ശതമാനത്തിലധികം പേർ പുറത്തായിട്ടുെണ്ടന്നാണ് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർതന്നെ വ്യക്തമാക്കുന്നത്.
മുൻഗണന പട്ടികയിൽ ഉൾപ്പെടാത്ത നിരവധി പേർ നേരത്തേ ജനപ്രതിനിധികളുടെ സാക്ഷ്യപത്രത്തോടെ സപ്ലൈ ഒാഫിസുകളിൽ അപേക്ഷ നൽകിയിരുന്നു. ഇക്കൂട്ടരെ പട്ടികയിലുൾപ്പെടുത്തിയതോടെയാണ് മുമ്പ് ആനുകൂല്യം ലഭിച്ച പലരും പുറത്തായെതന്നാണ് സപ്ലൈ ഒാഫിസർമാർ ചൂണ്ടിക്കാട്ടുന്നത്. അന്തിമപ്പട്ടിക ഗ്രാമസഭകളിൽ അവതരിപ്പിച്ചപ്പോൾ വലിയ വിമർശനമാണ് ഉയർന്നത്. നിത്യരോഗികളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും പുറത്തായപ്പോൾ പ്രവാസികളും സാമ്പത്തികശേഷിയുള്ളവരും പട്ടികയിലിടം നേടിയതായിരുന്നു കാരണം. പുറത്തായവർക്ക് അപേക്ഷ നൽകി പട്ടികയിലിടം നേടാൻ അവസരമുണ്ടാകുമെന്നാണ് അന്ന് അധികൃതർ വ്യക്തമാക്കിയത്. എന്നാൽ, റേഷൻ കാർഡിെൻറ വിതരണം മുക്കാൽ ഭാഗവും പൂർത്തിയായിട്ടും ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല.
പുറംതള്ളപ്പെട്ട നിർധനർ ചികിത്സ ആനുകൂല്യവും രണ്ടുരൂപ അരിയും പുനഃസ്ഥാപിച്ചുകിട്ടുന്നതിന് തദ്ദേശ സ്ഥാപനങ്ങളും സപ്ലൈ ഒാഫിസുകളും കയറിയിറങ്ങുകയാണിപ്പോൾ. സപ്ലൈ ഒാഫിസുകൾ അപേക്ഷ വാങ്ങിവെക്കുന്നതല്ലാതെ തുടർ നടപടികളൊന്നും സ്വീകരിക്കുന്നില്ല. ഇക്കാര്യത്തിൽ മുകളിൽനിന്ന് ഒരു നിർദേശവും ലഭിക്കാത്തതാണ് കാരണം. നിലവിൽ മുൻഗണന പട്ടികയിൽ 48 ശതമാനത്തിന് ഇടംകിട്ടുമെങ്കിലും പട്ടികയിലെ അനർഹരെ ഒഴിവാക്കുന്ന മുറക്ക് മാത്രമേ അർഹരായവരെ ഉൾപ്പെടുത്താനാവൂ എന്നാണ് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇൗ നടപടി പൂർത്തിയാവാൻ മാസങ്ങളെടുക്കുമെന്നതിനാൽ അതുവരെ പാവങ്ങളുടെ ചികിത്സ ആനുകൂല്യം മുടങ്ങുന്ന അവസ്ഥയാണുള്ളത്. സംസ്ഥാനത്ത് 14235 റേഷൻ കടകളിലായി 80 ലക്ഷത്തിൽപരം റേഷൻ കാർഡുകളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.