ക്ലിക്കാവാതെ പൊന്നാനി-തിരൂർ-മൈസൂരു സൂപ്പർ ഫാസ്റ്റിന്‍റെ പുതിയ റൂട്ട്
text_fieldsതിരൂർ: പൊന്നാനിയിൽ നിന്ന് തിരൂർ -കോഴിക്കോട് വഴി മൈസൂരുവിലേക്ക് സർവിസ് നടത്തിയിരുന്ന സൂപ്പർഫാസ്റ്റ് ബസ് തിരൂർ -മലപ്പുറം -അരീക്കോട് -താമരശ്ശേരി വഴി റൂട്ട് മാറ്റി ഓടിച്ചതോടെ വരുമാനം കുത്തനെ കുറഞ്ഞു. മുമ്പുണ്ടായിരുന്ന വരുമാനത്തിന്‍റെ നേർ പകുതിയാണെന്ന് മാത്രമല്ല മിക്ക ദിവസങ്ങളിലും ഡീസലിന് പോലും വരുമാനം തികയാത്ത അവസ്ഥയാണ്. ഇതോടെ മിക്ക ദിവസങ്ങളിലും മൈസൂരു ബസ് സർവിസ് മുടക്കുകയാണ്.
സർവിസ് നടത്താത്ത ദിവസങ്ങളിൽ കോഴിക്കോട്ടുനിന്ന് തിരൂർ, പൊന്നാനി ഭാഗത്തേക്കുള്ള അവസാന ബസായ മൈസൂരു -പൊന്നാനി സൂപ്പർ ഫാസ്റ്റ് പ്രതീക്ഷിച്ചു നിൽക്കുന്ന യാത്രക്കാർ പെരുവഴിയിലാകുന്നതും പതിവാണ്.പുതിയ റൂട്ടിലൂടെ ഓടിത്തുടങ്ങിയ ശേഷം മിക്ക ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. മലപ്പുറം, മഞ്ചേരി, താമരശ്ശേരി എന്നിവിടങ്ങളിൽ നിന്നും തൊട്ടു മുന്നിൽ പോകുന്ന മറ്റു മൈസൂരു ബസുകളാണ് ഈ സർവിസിന് വിനയാകുന്നത്.
പൊന്നാനി -മൈസൂരു സൂപ്പർ ഫാസ്റ്റ് മലപ്പുറത്തെത്തുന്നതിന് അഞ്ച് മിനിറ്റ് മുമ്പാണ് മലപ്പുറത്തു നിന്ന് കർണാടകയുടെ ആർ.ടി.സി മൈസൂരുവിലേക്ക് പുറപ്പെടുന്നത്. ഇത് ഗൂഡല്ലൂർ വഴിയായതിനാൽ സമയവും ടിക്കറ്റ് നിരക്കും കുറവാണ്. ഇതാണ് മലപ്പുറം ഭാഗത്തു നിന്നുള്ള യാത്രക്കാരെ ഇതിലേക്ക് ആകർഷിക്കുന്നത്. പൊന്നാനിയുടെ മൈസൂരു ബസ് മഞ്ചേരി എത്തുന്നതിന്‍റെ അരമണിക്കൂർ മുമ്പാണ് സമാന റൂട്ടിൽ പെരിന്തൽമണ്ണ -മൈസൂരു സൂപ്പർ ഫാസ്റ്റ് കടന്നുപോകുന്നത്. താമരശ്ശേരി എത്തുന്നതോടെ കോഴിക്കോട്ടുനിന്നുള്ള മൈസൂരു -ബംഗളൂരു സൂപ്പർ ഫാസ്റ്റും പൊന്നാനി -മൈസൂരു ബസിന് 10 മിനിറ്റ് മുന്നിൽ പോകും.
ഇതെല്ലാം തിരിച്ചടിയായി. മുമ്പ് മൈസൂരുവിൽ നിന്നും വൈകീട്ട് നാലിന് പുറപ്പെട്ടിരുന്നത് 3.45 ആക്കിയത് തിരിച്ചുള്ള കലക്ഷനെയും ബാധിച്ചു. തിരൂർ -കോഴിക്കോട് വഴി സർവിസ് നടത്തിയിരുന്നപ്പോൾ പൊന്നാനി, ആലത്തിയൂർ, തിരൂർ, താനൂർ, പരപ്പനങ്ങാടി, ചെട്ടിപ്പടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കടക്കം അതിരാവിലെ കോഴിക്കോട്ടെത്തേണ്ട നിരവധി യാത്രക്കാർ ഈ ബസിനെയാണ് ആശ്രയിച്ചിരുന്നത്.
രാത്രി വൈകി കോഴിക്കോട്ടുനിന്ന് താനൂർ, തിരൂർ, പൊന്നാനി ഭാഗത്തേക്ക് വരേണ്ട യാത്രക്കാരുടേയും അവസാന ആശ്രയമായിരുന്നു ഈ ബസ്. നിലവിലെ അവസ്ഥയിൽ ലാഭകരമല്ല എന്ന് ചൂണ്ടിക്കാണിച്ച് സർവിസ് എന്നേക്കുമായി നിർത്തിവെക്കുമോ എന്നാണ് യാത്രക്കാരുടെ ആശങ്ക. പൊന്നാനിയിൽനിന്ന് മുമ്പുണ്ടായിരുന്നതുപോലെ തിരൂർ -കോഴിക്കോട് വഴിതന്നെ സർവിസ് നടത്തണം എന്നാണ് യാത്രക്കാരുടെ അഭിപ്രായം.
അപ്പോൾ പുലർച്ച നാലിനാണ് പൊന്നാനിയിൽ നിന്ന് പുറപ്പെട്ടിരുന്നത്. ഇത് അരമണിക്കൂർ കൂടി വൈകി 4.30ന് പൊന്നാനിയിൽനിന്ന് പുറപ്പെട്ട് അഞ്ചിന് തിരൂരിലും 6.20ന് കോഴിക്കോടും ഉച്ചക്ക് 12.30ന് മൈസൂരുവിലും എത്തിച്ചേരുന്ന രീതിയിൽ ക്രമീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കോഴിക്കോട്ടുനിന്ന് നിലവിൽ പുലർച്ച അഞ്ചിനു ശേഷം ഏഴിനാണ് മൈസൂരു ഭാഗത്തേക്ക് സർവിസുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.