നിയമസഭാ ദൃശ്യങ്ങൾക്ക് ‘കട്ട്’; സഭയിലെ ദൃശ്യങ്ങൾ കാണിക്കുന്നതിന് പുതിയ നിബന്ധനകൾ
text_fieldsതിരുവനന്തപുരം: നിയമസഭാ നടപടികൾ മാധ്യമങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് കൂടുതൽ നിബന്ധനകൾ. ജനപ്രതിനിധികളെയോ നിയമസഭയെയോ സർക്കാറിനെയോ അവഹേളിക്കുന്ന തരത്തിലോ മറ്റുവിധത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലോ സഭയുമായി ബന്ധപ്പെട്ട വിഡിയോകൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് പുതിയ മാർഗനിർദേശം. മാധ്യമങ്ങൾ കാണിച്ച ദൃശ്യങ്ങൾ അവഹേളനപരമെന്ന് ആരെങ്കിലും പരാതി ഉന്നയിച്ചാൽ ബന്ധപ്പെട്ട സ്ഥാപനം കുടുങ്ങുന്ന നിലയാണ് വരാൻ പോകുന്നത്.
ഫലത്തിൽ ചാനലുകളിലും ഓൺലൈൻ പോർട്ടലുകളിലും വാർത്താധിഷ്ഠിത പരിപാടികളിൽ നിയസഭയിലെ ദൃശ്യങ്ങൾ ഉപയോഗിക്കുന്നത് വിലക്കുന്നതിന് സമാനമാണ് പുതിയ നിബന്ധനകൾ. കോവിഡ് കാലത്ത് നിയമസഭ നടപടി ചിത്രീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങളെല്ലാം മാറിയിട്ടും നിയമസഭയിലെ മാധ്യമ വിലക്ക് നീക്കിയിട്ടില്ല. സഭാ ടി.വി നൽകുന്ന ദൃശ്യങ്ങൾ മാത്രമാണ് ഇപ്പോൾ മാധ്യമങ്ങൾക്ക് ലഭിക്കുന്നത്. സഭ പ്രക്ഷുബ്ധമാകുമ്പോൾ അതിന്റെ ദൃശ്യങ്ങൾ ലഭിക്കാറില്ല. പ്രതിപക്ഷ പ്രതിഷേധം സഭാ ടി.വി സെൻസർ ചെയ്യുന്നുവെന്ന പരാതി പ്രതിപക്ഷത്തിനുമുണ്ട്.
അതിനിടെയാണ് കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്തി നിയമസഭ സെക്രട്ടറിയുടെ മാർഗനിർദേശം. സഭാ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വിഡിയോകളുടെ ചെറിയൊരുഭാഗം മാത്രം മുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അപ്ലോഡ് ചെയ്യാൻ പാടില്ലെന്ന് മാർഗനിർദേശത്തിൽ പറയുന്നു. സഭാ ടി.വിയുടെ ഉള്ളടക്കം സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുമ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള തലക്കെട്ടുകളും തമ്പ് നെയിലുകളും ഒഴിവാക്കണം. സഭാ ടി.വിയുടെ വാട്ടർമാർക്കും ലോഗോയും പ്രേക്ഷകർക്കു കാണാൻ കഴിയുന്ന തരത്തിൽ വിഡിയോയുടെ ആദ്യാവസാനം കാണിക്കണം എന്നിങ്ങനെയാണ് നിയമസഭാ സെക്രട്ടറിയുടെ നിർദേശത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.