മരം കൊള്ളക്ക് പുതിയ തന്ത്രം: കേസെടുക്കാതെ അന്വേഷണം; കൈമലർത്തി അധികൃതർ
text_fieldsബദിയടുക്ക: പുഴയുടെ പുറമ്പോക്കു ഭൂമിയിലെ മരങ്ങൾ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ അധികൃതർ കൈമലർത്തുന്നു. മരം കടത്തിയതിൽ കേസെടുത്തിട്ടില്ലെങ്കിലും അഞ്ചുപേരെ ചോദ്യം ചെയ്തതായി പറയുന്നു. അതേസമയം, സംഭവത്തിന്റെ വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസെടുക്കാതെയുള്ള അന്വേഷണത്തിൽ പ്രതികൾ മുങ്ങുമോ എന്ന ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്.
സർക്കാർ സ്ഥലത്തെ മരങ്ങൾ കടത്തിക്കൊണ്ടുപോയ സംഭവത്തെ നിസ്സാരമായി കണ്ട് അധികൃതർ കൈമലർത്തുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. എന്നാൽ, കേസടുക്കാനുള്ള തെളിവുകൾ ലഭിച്ചില്ലെന്നും വ്യക്തമായ ചിത്രം ലഭിച്ചാൽ നടപടിയുണ്ടാകുമെന്നും ബദിയടുക്ക എസ്.ഐ ഉമേശൻ ‘മാധ്യമ’ത്തോട് പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗവും ഇതിന് പിറകിലുണ്ടെന്നാണ് വിവരം. ആഗസ്റ്റ് എട്ടിന് ‘മാധ്യമം’ വാർത്ത പുറത്തുവന്നതോടെയാണ് സ്പെഷൽ ബ്രാഞ്ച് നടത്തിയ രഹസ്യാന്വേഷണത്തിൽ പ്രദേശത്തെ അഞ്ചുപേരെ സ്റ്റേഷനിൽ വിളിപ്പിച്ച് ചോദ്യം ചെയ്തതായി പറയുന്നത്.
വിലപിടിപ്പുള്ള മരങ്ങൾ കൊള്ളയടിക്കാനുള്ള പുതിയ തന്ത്രവുമായി ഒരുസംഘം ബദിയടുക്കയിൽ സജീവമായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വേനൽക്കാലത്ത് പുഴ പുറമ്പോക്കിലെ വിലയുള്ള മരങ്ങളുടെ അടിഭാഗവേരുകൾ നീക്കം ചെയ്തുവെക്കുകയും കാലവർഷം ശക്തിപ്രാപിക്കുമ്പോൾ ഇവ കടപുഴകി പുഴയിലേക്ക് ഒഴുകുകയുമാണ് ചെയുന്നത്.
ഇതിന് പ്രത്യേക സംഘം തന്നെയുണ്ടെന്നാണ് ആരോപണം. ഇങ്ങനെ പുഴയിലേക്ക് നിലംപൊത്തിയ മരങ്ങൾ ചെക്ക് ഡാമിൽ കുടുങ്ങിയാൽ അവിടന്ന് അത് മുറിച്ച് വിൽപനക്കായി കടത്തിക്കൊണ്ടുപോകുകയാണ് ഈ സംഘം. എല്ലാവർഷവും ഇത് നടക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, അത്തരക്കാരുടെ ഭീഷണിയും പ്രദേശത്ത് പകൽ മാന്യന്മാരായി നിൽക്കുന്ന പ്രമുഖർ ഇതിന്റെ പിന്നിലുള്ളതുമാണ് സംഭവം ഇതുവരെ ആരും പുറത്തുപറയാതിരുന്നതും പ്രതികൾ രക്ഷപ്പെടാനും കാരണമായി പറയുന്നത്. ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള പ്ലാവ് മരത്തടി സംഭവസ്ഥലത്തുനിന്ന് അപ്രത്യക്ഷമായതിന് പഞ്ചായത്ത് സെക്രട്ടറി സി. രാജേന്ദ്രൻ ബദിയടുക്ക പൊലീസിൽ പരാതി നൽകിയിരുന്നു.
ജൂലൈ 31ന് ചെക്ക് ഡാമിൽ കുടുങ്ങിയ പ്ലാവ് മരം മാഫിയ മുറിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ ബദിയടുക്ക വില്ലേജിൽ വിവരം നൽകുകയായിരുന്നു. എന്നാൽ, അധികൃതർ സംഭവസ്ഥലത്ത് എത്തുന്നതിനുമുമ്പ് സംഘം കടന്നുകളഞ്ഞു. വില്ലേജ് ഉദ്യോഗസ്ഥർ മുറിച്ച മരത്തിന്റെ അടിഭാഗം തേടി നടത്തിയ അന്വേഷണത്തിൽ കഡാർ പുഴ അരികിലെ പുറമ്പോക്ക് സ്ഥലത്തുള്ള പ്ലാവ് മരമാണെന്ന് ഉറപ്പിച്ച് വില്ലേജ് ഓഫിസർ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി. ഇതിനെ തുടർന്ന് സംഭവസ്ഥലത്ത് എത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥർ നോക്കുമ്പോൾ മരത്തടികൾ അപ്രത്യക്ഷമായതാണ് കണ്ടത്.
ഇതിനെതിരെയാണ് സെക്രട്ടറി ബദിയടുക്ക പൊലീസിൽ പരാതി നൽകിയത്. എന്നാൽ, സംഭവം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും കടത്തിയ മരങ്ങൾ കണ്ടെടുക്കാനും പ്രതികളെ തിരിച്ചറിയാൻ കഴിയാത്തതും ആരെ സംരക്ഷിക്കാനെന്നാണ് നാട്ടുകാരുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.