ദേശീയ പാതയിലെ ബ്ലാക്ക് സ്പോട്ടുകളിൽ പുതിയ നിരീക്ഷണ കാമറകള്‍ മിഴി തുറക്കുന്നു
text_fieldsആമ്പല്ലൂര്‍: സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ദേശീയപാതയില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നു. ദേശീയപാത നിർമാണ കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ നടത്തറ, ആമ്പല്ലൂര്‍, പുതുക്കാട്, പാലിയേക്കര മേല്‍പ്പാലത്തിന് താഴെ,കൊടകര, പോട്ട ജംഗ്ഷനുകള്‍, ചാലക്കുടി നഗരസഭാ ജംഗ്ഷന്‍, ചാലക്കുടി പാലത്തിന് സമീപം, കൊരട്ടി എന്നിവിടങ്ങളിലാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത്.
ദേശീയപാതയില്‍ വാഹനക്കുരുക്കും അപകടങ്ങളും ഉണ്ടായാല്‍ അടിയന്തര ഇടപെടല്‍ നടത്തുന്നതിന് ഇത്തരം ക്യാമറകള്‍ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ദേശീയപാതയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന ബ്ലാക്ക് സ്പോട്ടുകളിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇതോടൊപ്പം ദേശിയപാതയില്‍ പുതുക്കാട് ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ സുരക്ഷാ മുന്നറിയിപ്പ് സന്ദേശങ്ങളും മറ്റും ഡിജിറ്റലായി അറിയിക്കുന്ന സംവിധാനമായ വെര്‍ച്വല്‍ മെസേജ് സർവീസ് ബോര്‍ഡുകളും സജ്ജമാക്കുന്നുണ്ട്.
ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ടു മാസത്തിനകം പൂര്‍ത്തിയാകുമെന്ന് കരാര്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി.തലോര്‍ ജറുസലേം,പുതുക്കാട്, ചാലക്കുടി ൈഫ്ല ഓവര്‍,കറുകുറ്റി എന്നിവിടങ്ങളിലും ഇവ സജ്ജമാക്കും.കൂടാതെ ഹൈവേ ട്രാഫിക് മാനേജ്മെന്‍റ് സിസ്റ്റത്തിനായി ദേശീയപാതയില്‍ ആര്‍.എഫ് ടവറുകള്‍ സ്ഥാപിക്കും. അപകടങ്ങളൊ വാഹനക്കുരുക്കോ ഉണ്ടായാല്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ സജ്ജമാക്കിയ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്നതിനായി അങ്കമാലി മുതല്‍ മണ്ണുത്തി വരെയുള്ള പാതയുടെ ഇരുശത്തുമായി 70 എമര്‍ജന്‍സി കോള്‍ ബോക്‌സുകളും സജ്ജമാക്കും.
രണ്ടുകിലോമീറ്റര്‍ ഇടവിട്ടായിരിക്കും ഇത്തരം കോള്‍ ബോക്‌സുകള്‍ സ്ഥാപിക്കുക. വാഹനയാത്രികര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ കോള്‍ ബോക്‌സിലെ ബട്ടണ്‍ അമര്‍ത്തിയാല്‍ ടോള്‍പ്ലാസയില്‍ നിന്നുള്ള സഹായം ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.