കേരളത്തിൽ പുതിയ പാഠപുസ്തകം 2024ൽ: ദേശീയ വിദ്യാഭ്യാസ നയത്തിലെ മോശം ആശയങ്ങൾ ഒഴിവാക്കും
text_fieldsതിരുവനന്തപുരം: സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിനനുസൃതമായുള്ള പുതിയ പാഠപുസ്തകങ്ങളുടെ ഒന്നാംഘട്ടം 2024-25 വർഷം പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. അടുത്ത അധ്യയനവർഷം പാഠ്യപദ്ധതി പരിഷ്കരിക്കാൻ കഴിയില്ലെന്നും മന്ത്രി അറിയിച്ചു.
ടി.വി. ഇബ്രാഹിം, പി.അബ്ദുൽ ഹമീദ്, യു.എ. ലത്തീഫ്, നജീബ് കാന്തപുരം എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. പാഠ്യപദ്ധതി പരിഷ്കരണത്തിന് എസ്.സി.ഇ.ആർ.ടി തയാറാക്കി അവതരിപ്പിച്ച സമയക്രമത്തിൽ അടുത്ത അധ്യയനവർഷം പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കാനാകുമെന്ന് വ്യക്തമാക്കിയിരുന്നു.
ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്ന പ്രതിലോമകരമായ ആശയങ്ങളെ ഒഴിവാക്കിയും ഗുണകരമായ ആശയങ്ങളെ സ്വീകരിച്ചും കേരളം പൊതുവിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നതിനുള്ള ആശയങ്ങൾ കൂട്ടിച്ചേർത്തും സംസ്ഥാനത്തിെൻറ പാഠ്യപദ്ധതി രൂപവത്കരിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
സ്കൂളുകൾക്ക് ഗ്രേഡിങ് നടപ്പാക്കില്ല
വിദ്യാലയങ്ങൾക്ക് ഗുണനിലവാരത്തിന്‍റെ അടിസ്ഥാനത്തിൽ ഗ്രേഡിങ് സമ്പ്രദായം നടപ്പാക്കാനുദ്ദേശിക്കുന്നില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. ഇതുസംബന്ധിച്ച് സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു. നേരത്തേ അധ്യാപക സംഘടനകളുടെ യോഗത്തിൽ സ്കൂളുകൾക്ക് ഗ്രേഡിങ് നടപ്പാക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. പ്രതിപക്ഷ അധ്യാപക സംഘടനകൾ ഇതിനെതിരെ രംഗത്തുവന്നിരുന്നു. വിദ്യാർഥികളുടെ ആർജിത അറിവ് നിരന്തരം വിലയിരുത്തുന്നതിനാവശ്യമായ രീതിശാസ്ത്രം രൂപവത്കരിക്കാൻ എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ സ്വയംഭരണ സ്വഭാവത്തോടെ അസസ്മെന്‍റ് സെല്ലിന് രൂപം നൽകുമെന്നും മന്ത്രി അറിയിച്ചു.
ഭിന്നശേഷി വിദ്യാർഥികൾക്ക് 25 ശതമാനം ഗ്രേസ് മാർക്ക് ഹയർസെക്കൻഡറിയിലും
ഹയർസെക്കൻഡി പരീക്ഷയിൽ വിജയിക്കാൻ ഭിന്നശേഷി വിദ്യാർഥികൾക്ക് അടുത്ത വർഷം മുതൽ 25 ശതമാനം ഗ്രേസ് മാർക്ക് നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ശ്രവണ വൈകല്യമുള്ളവർ, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ എന്നീ വിഭാഗം വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷ വിജയിക്കുന്നതിനുവേണ്ടി മാത്രം ഓരോ വിഷയത്തിനും നൽകുന്ന 25 ശതമാനം ഗ്രേസ് മാർക്ക് ഈ വർഷം മുതൽ ഇതര ഭിന്നശേഷി വിഭാഗങ്ങൾക്കും നൽകാൻ തീരുമാനിച്ചിരുന്നു. അടുത്ത വർഷം ഇത് ഹയർസെക്കൻഡറി തലത്തിലുള്ള കുട്ടികൾക്കും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.