പുതിയ വേഷം, കയറ്റിറക്കിന് യന്ത്രങ്ങൾ, കൂലി അക്കൗണ്ടിൽ; ചുമട്ടുതൊഴിലാളി ന്യൂജനാകും
text_fieldsതിരുവനന്തപുരം: തലച്ചുമട് മാത്രമല്ല, ചുമട്ടുതൊഴിലാളികൾ ഇനി ഫോർക്ക് ലിഫ്റ്റും ക്രെയ്നും കൈകാര്യം ചെയ്യും, ചുമട്ടുകൂലി ഓൺലൈനായി വാങ്ങും, ലോഡുമായി ലോറിയെത്തിയാൽ ഓൺലൈനായിതന്നെ വിവരമറിയും.
മാറുന്ന കാലത്തിനൊത്ത് ചുമട്ടുതൊഴിലാളികളെയും ന്യൂജൻ ആക്കുന്നതിന് തൊഴിൽവകുപ്പ് തയാറാക്കിയ പദ്ധതിയാണ് കയറ്റിറക്ക് മേഖലയുടെ മുഖച്ഛായ മാറ്റുന്നത്. നിലവിൽ നൈപുണ്യം ആവശ്യമില്ലാത്തതും എന്നാൽ, മനുഷ്യാധ്വാനം ഏറെയുള്ളതുമായ ചുമുട്ടുതൊഴിലിൽ ഏർപ്പെട്ടവരെ അർധനൈപുണ്യമുള്ള (സെമി സ്കിൽഡ്) തൊഴിൽസേനയാക്കി മാറ്റുകയെന്നതാണ് ലക്ഷ്യം. ഇതിനായാണ് ഫോർക്ക് ലിഫ്റ്റും ക്രെയ്നും എക്സ്കവേറ്ററുമെല്ലാം കൈകാര്യം ചെയ്യാൻ പര്യാപ്തരാക്കുന്നത്. മാത്രമല്ല, ലൈസൻസും എടുത്തുനൽകും.
ഇതിനായി 1978 ലെ കേരള ചുമട്ടുതൊഴിലാളി നിയമത്തിൽ ദേഭഗതി വരുത്താനും സർക്കാർ ആലോചിക്കുന്നു. നിലവിലെ നിയമത്തിൽ ‘തലച്ചുമട്’ എന്നിവ അടിസ്ഥാനമാക്കിയാണ് ചുമട്ടുതൊഴിലാളിയെയും ചുമട്ടുതൊഴിലിനെയും നിർവചിച്ചിരിക്കുന്നത്. വൈദഗ്ധ്യം വേണ്ട സാധനങ്ങൾ കയറ്റിറക്കുന്നതിന് തടസ്സവുമുണ്ട്. ഈ പരിമിതികൾ മറികടന്ന് സാങ്കേതിക പരിജ്ഞാനം വേണ്ട ജോലികൾകൂടി ചെയ്യുന്നതിന് നിയമപരിരക്ഷ ഉറപ്പുവരുത്തുന്നതിനാണ് നിയമഭേദഗതി. മാത്രമല്ല, യന്ത്രങ്ങൾ ഉപയോഗിച്ച് കയറ്റിറക്ക് നടത്തേണ്ട ഘട്ടങ്ങളിൽ ഇതിൽ പരിജ്ഞാനമില്ലാത്തിന്റെ പേരിൽ തൊഴിൽ നഷ്ടമുണ്ടാകുന്നത് പുതിയ മാറ്റത്തോടെ ഒഴിവാക്കാനാകുമെന്നതാണ് തൊഴിൽ വകുപ്പിന്റെ വിലയിരുത്തൽ. ആദ്യഘട്ടത്തിൽ വ്യവസായ പാർക്കുകൾ, ഐ.ടി പാർക്കുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ജോലിയെടുക്കുന്ന 150 ഓളം തൊഴിലാളികൾക്കാണ് പരിശീലനം നൽകുന്നത്.
ഇവർക്കായി പ്രത്യേക യൂനിഫോമും രൂപകൽപന ചെയ്തിട്ടുണ്ട്. ചാരനിറത്തുള്ള ഷർട്ട്, ട്രാക്ക് സ്യൂട്ട്, നെയിം പ്ലേറ്റ്, ബാഡ്ജ്, ട്രൈകളർ ബാൻഡ് എന്നിങ്ങനെയാണ് പുതിയ വേഷം.
ചുമട്ടുതൊഴിലാളികൾക്ക് ഓൺലൈനായി ജോലി വിവരം നൽകുന്നതിന് സോഫ്റ്റ്വെയറും പോർട്ടലും തയാറാക്കുന്നുണ്ട്. ഉടമ ഈ പോർട്ടൽ വഴി ലോഡെത്തിയ വിവരം അപ്ലോഡ് ചെയ്യണം. എസ്.എം.എസ് വഴി തൊഴിലാളിക്ക് ലഭിക്കും. കൂലിയും അക്കൗണ്ടിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.