വരുന്നു പുതിയ ഇനം ഇഞ്ചിയും മഞ്ഞളും ഉലുവയും
text_fieldsകോഴിക്കോട്: ഇഞ്ചി, മഞ്ഞൾ, ഉലുവ എന്നിവയുടെ പുതിയ ഇനങ്ങൾ കർഷകരിലേക്കെത്തിക്കാൻ സുഗന്ധവിള ഗവേഷണ പദ്ധതികളുടെ ദേശീയ ഏകോപന സമിതിയുടെ (എ.ഐ.സി.ആർ.പി.എസ്.) ദേശീയ ശിൽപശാലയിൽ തീരുമാനം. ഗുണമേന്മയും വിവിധ പരീക്ഷണങ്ങളും വിലയിരുത്തി ഇവ കർഷകരിലേക്കെത്താൻ തയാറാണെന്ന് കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ നടന്ന രണ്ടു ദിവസത്തെ ഓൺലൈൻ ശിൽപശാല വിലയിരുത്തി.
മഞ്ഞളിെൻറ രണ്ടും ഇഞ്ചിയുടെയും ഉലുവയുടെയും ഓരോ ഇനങ്ങളുമാണ് തയാറായിട്ടുള്ളത്. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. ഡി. പ്രസാദ് ആണ് പുതിയ ഇഞ്ചി വിത്തിന് പിന്നിൽ. കേരളം, കർണാടകം, ഒഡിഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ കർഷകർക്ക് പുത്തൻ പ്രതീക്ഷ നൽകുന്നതാണ് എ.സി.സി 247 എന്ന ഈ ഇനം.
ഗുണ്ടൂരിൽനിന്നുള്ള എൽ.ടി.എസ് 2, ഡൊപാളിയിൽനിന്നുള്ള രാജേന്ദ്ര ഹൽദി എന്നീ മഞ്ഞൾ ഇനങ്ങളും ഹിസാറിൽനിന്നുള്ള ഉലുവ ഇനവുമാണ് മറ്റു സുഗന്ധ വിളകൾ. ഐ.സി.എ.ആർ അസി. ഡയറക്ടർ ജനറൽ ഡോ. വിക്രമാദിത്യ പാണ്ഡെ അധ്യക്ഷനായ സമിതിയാണ് കൃഷിപരീക്ഷണങ്ങൾ അടിസ്ഥാനമാക്കി വിത്തുകൾ പുറത്തിറക്കാൻ തീരുമാനിച്ചത്.
ഗവേഷണ അവലോകന സമിതി യോഗം അധ്യക്ഷൻ ഡോ. എൻ.കെ. കൃഷ്ണകുമാർ, ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. സന്തോഷ് ജെ. ഈപ്പൻ, ഐ.സി.എ.ആർ നാഷനൽ റിസർച്ച് സെൻറർ ഫോർ സീഡ് സ്പൈസസ് ഡയറക്ടർ ഡോ. ഗോപാൽ ലാൽ, ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം മുൻ ഡയറക്ടറും എ.ഐ.സി.ആർ.പി.എസ് മുൻ പ്രോജക്ട് കോർഡിനേറ്ററുമായ ഡോ. കെ. നിർമൽ ബാബു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.