വാഹന രജിസ്ട്രേഷന് പുതിയ രീതി: ആർ.ടി.ഒ ഓഫിസിലെ സങ്കീർണതകൾക്ക് അറുതിയായി
text_fieldsകോഴിക്കോട്: പുതിയ വാഹന രജിസ്ട്രേഷൻ രീതി നിലവിൽ വന്നതോടെ ആർ.ടി.ഒ ഓഫിസിലെ സങ്കീർണമായ നടപടിക്രമങ്ങളിൽനിന്നൊഴിവായി വാഹന ഉടമകൾ. പൂർണമായും ഫാക്ടറി നിർമിത ബോഡിയോടുകൂടിയ പുതിയ വാഹനങ്ങൾ ആദ്യത്തെ രജിസ്ട്രേഷൻ പരിശോധനക്കുവേണ്ടി ആർ.ടി ഓഫിസുകളിൽ ഹാജരാക്കേണ്ടതില്ല. അപേക്ഷകളുടെ ഹാർഡ് കോപ്പിയും ഹാജരാക്കേണ്ടതില്ല. അപേക്ഷയുടെ ഫുൾ സെറ്റ് അപേക്ഷകന് നൽകുകയും വാഹനത്തിെൻറ കാലാവധി തീരുന്നതുവരെ സൂക്ഷിക്കുകയും ചെയ്താൽ മതിയെന്നാണ് പുതിയ ഉത്തരവ്. പുതിയ നമ്പർ രേഖപ്പെടുത്തിയ പ്ലേറ്റ് ഘടിപ്പിച്ച ശേഷമേ ഡീലർ വാഹനം ഉടമക്ക് വിട്ടുകൊടുക്കൂ. രജിസ്ട്രേഷനു വേണ്ടി ഡീലർ തന്നെയാണ് അപേക്ഷ അപ്ലോഡ് ചെയ്യേണ്ടത്. ഓരോ ദിവസവും വൈകീട്ട് നാലുവരെ ലഭിക്കുന്ന രജിസ്ട്രേഷനുള്ള അപേക്ഷകൾ അതത് ദിവസം തന്നെ സൂക്ഷ്മപരിശോധന നടത്തി നമ്പർ അനുവദിക്കണം. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വാഹന ഉടമക്ക് തപാൽ മാർഗം അയക്കും. നമ്പർ അനുവദിച്ച എല്ലാ വാഹനങ്ങളും ഹൈസെക്യൂരിറ്റി രജിസ്േട്രഷൻ പ്ലേറ്റ് ഘടിപ്പിച്ച് വിവരങ്ങൾ ഡീലർമാർ 'പരിവാഹൻ' സൈറ്റിൽ അപ്ലോഡ് ചെയ്യണം. താൽക്കാലിക രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചു വാഹനങ്ങൾ ഡീലർ വിട്ടുനൽകുവാൻ പാടുള്ളതല്ല. ഇതിൽ വീഴ്ച വരുത്തിയാൽ ഡീലർമാരിൽനിന്ന് പിഴ ഈടാക്കും. ഇതരസംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്നതിനായി വാങ്ങിയ ഷാസി മാത്രമായിട്ടുള്ള വാഹനങ്ങൾ താൽക്കാലിക രജിസ്ട്രേഷൻ നമ്പർ ലഭ്യമാക്കിയ ശേഷം എച്ച്.എസ്.ആർ.പി ഇല്ലാതെ തന്നെ ഉടമക്ക് വിട്ടുകൊടുക്കും.
രജിസ്ട്രേഷൻ നമ്പർ ഘടിപ്പിക്കാതെ വാഹനം പുറത്തിറക്കിയാൽ മോട്ടോർ വാഹന നിയമത്തിലെ പിഴക്കുപുറമെ ഒറ്റത്തവണ നികുതിയുടെ നിശ്ചിത ശതമാനം പിഴയും അടക്കേണ്ടി വരും. വാഹനം വാങ്ങിയ വ്യക്തിക്ക് ഇഷ്ടപ്പെട്ട നമ്പർ റിസർവ് ചെയ്യുന്നതിന് അപേക്ഷയോടൊപ്പം തൽപര്യപത്രം സമർപ്പിക്കാം. ഡീലർമാർ വാഹനങ്ങളുടെ വില, രജിസ്ട്രേഷൻ ഫീ, നികുതി, രജിസ്ട്രേഷൻ നടപടിക്രമങ്ങൾ എന്നിവ വ്യക്തമായി ഷോ റൂമിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.