പുതിയ വോട്ടർമാർ കൂടുന്നു; പട്ടികയിൽ പേര് ചേർക്കാൻ വൻതിരക്ക്
text_fieldsനാദാപുരം: തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ വൻ തിരക്ക്. യുവ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ മത്സരം കടുത്തതോടെ ഇലക്ഷൻ വിഭാഗത്തിനും പിടിപ്പതു പണിയായി. ജനുവരിയിൽ പുറത്തിറക്കിയ കരട് പട്ടികയിൽ ഇരുപതിനായിരത്തോളം അപേക്ഷകളാണ് താലൂക്ക് ഇലക്ഷൻ പരിധിയിലെ നാദാപുരം, കുറ്റ്യാടി, വടകര മണ്ഡലത്തിൽ നിന്നും ലഭിച്ചത്.
തെരഞ്ഞടുപ്പ് വിജ്ഞാപനത്തീയതിവരെ അപേക്ഷ സമർപ്പിക്കാൻ കഴിയുമെന്നതിനാൽ ഇതിനകം പരമാവധി പേരുകൾ പട്ടികയിൽ വരുത്താനുള്ള ഭഗീരഥപ്രയത്നമാണ് നടക്കുന്നത്. നേരിയ വ്യത്യാസം പോലും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും എന്നിരിെക്ക തങ്ങളുടെ വരുതിയിലുള്ള ഓരോ പ്രായം തികഞ്ഞ ആളെയും അന്തിമപട്ടികയിൽ ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് താഴെ തട്ടിലുള്ള പ്രവർത്തകർ. തെരഞ്ഞെടുപ്പ് കമീഷെൻറ കീഴിലുള്ള പ്രത്യേക പോർട്ടൽ വഴി സ്വീകരിക്കുന്ന അപേക്ഷകൾ താലൂക്ക് ഇലക്ഷൻ വിഭാഗമാണ് ബി.എൽ.ഒ വഴി ഉറപ്പു വരുത്തുന്നത്. അപേക്ഷകൾ തയാറാക്കുമ്പോൾ വരുന്ന പിഴവുകൾ ഇലക്ഷൻ വിഭാഗത്തിനും ബി.എൽ.ഒമാർക്കും ഏറെ വെല്ലുവിളി ഉയർത്തുകയാണ്.
ആളെ തിരിച്ചറിയാതെ നിരവധി അപേക്ഷകൾ ഇലക്ഷൻ വിഭാഗത്തിൽ കെട്ടിക്കിടക്കുകയാണ്. വരുന്ന തെരഞ്ഞെടുപ്പിൽ 80 കഴിഞ്ഞവർ, പ്രത്യേക പരിഗണന അർഹിക്കുന്ന പി.ഡബ്ലു.ഡി വിഭാഗത്തിൽപെട്ടവർ, കോവിഡ് ബാധിതർ എന്നിവർക്ക് പോസ്റ്റൽ ബാലറ്റ് സൗകര്യം ഉള്ളതിനാൽ അവരെ കണ്ടെത്താനുള്ള ശ്രമവും നടന്നുവരുകയാണ്. ഇതിനായി മണ്ഡലാടിസ്ഥാനത്തിൽ ബി.എൽ.ഒ മാർക്ക് പരിശീലനം നൽകിവരുകയാണ്. നാദാപുരം, കുറ്റ്യാടി, വടകര മണ്ഡലം പരിശീലനം ബുധൻ, വ്യാഴം ദിവസങ്ങളിലായി നടന്നു. ഇതുവരെ അഞ്ചുലക്ഷത്തോളം യുവ വോട്ടർമാർ പട്ടികയിൽ ഇടം പിടിച്ചതായാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.