ലൈസൻസ് പുതുക്കലിന് പുതിയ കടമ്പ; വർക്ഷോപ്പുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
text_fieldsതിരുവനന്തപുരം: ലൈസൻസ് പുതുക്കലിനുള്ള പുതിയ നിബന്ധനകളും കടമ്പകളും ചെറുകിട വർക്ഷോപ്പുകളുടെ നിലനിൽപ് പ്രതിസന്ധിയിലാക്കുന്നു. തദ്ദേശ സ്ഥാപനങ്ങളാണ് വർഷാവർഷം ലൈസൻസ് പുതുക്കിനൽകുന്നത്. എന്നാൽ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് വേണമെന്നതാണ് പുതിയ നിബന്ധന.
ഉയർന്ന ഫീസും, ഫീൽഡ് സന്ദർശനവും നടപടി ക്രമങ്ങളും പൂർത്തിയാക്കി സർട്ടിഫിക്കറ്റ് കിട്ടാനെടുക്കുന്ന താമസവുമാണ് വർക്ഷോപ്പുകാരെ വെട്ടിലാക്കുന്നത്. ലൈസൻസ് പുതുക്കേണ്ട അവസാന തിയതി ജൂൺ 30 ആയിരുന്നത് സെപ്റ്റംബർ 30ലേക്ക് മാറ്റിയെങ്കിലും ഭൂരിപക്ഷം സ്ഥാപനങ്ങൾക്കും പുതുക്കാനായിട്ടില്ല.
സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയാണെങ്കിൽ വർക്ഷോപ് നിൽക്കുന്ന സ്ഥലം, കെട്ടിടം, യന്ത്രങ്ങൾ എന്നിവയുടെ മൂല്യം കണക്കാക്കിയാണ് പൊല്യൂഷൻ സർട്ടിഫിക്കറ്റിന്റെ നിരക്ക് നിശ്ചയിക്കുന്നത്. വാടകക്കെട്ടിടത്തിലാണെങ്കിൽ ഒരു വർഷത്തെ വാടകയുടെ അഞ്ചിരട്ടി കണക്കാക്കിയാകും ഫീസ് നൽകേണ്ടത്. ഓൺലൈൻ വഴി അപേക്ഷിച്ച് പണമടച്ചാലും ഫീൽഡ് വിസിറ്റിനടക്കം താമസമേറെയാണ്.
കേന്ദ്ര ജല നിയമപ്രകാരമാണ് പൊല്യൂഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. ഇതു പ്രകാരം അപേക്ഷ ലഭിച്ച് നാലുമാസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് അനുവദിച്ചാൽ മതി. ഉദ്യോഗസ്ഥർ ഫീൽഡ് സന്ദർശനം നടത്തുമ്പോൾ എന്തെങ്കിലും പോരായ്മ കണ്ടാൽ അത് നേരിട്ട് പറയില്ലെന്നതാണ് മറ്റൊരു പരാതി. ലൈസൻസ് നിഷേധിച്ചുള്ള അറിയിപ്പിലാകും ഇക്കാര്യം ചൂണ്ടിക്കാട്ടുക. വീണ്ടും നടപടി ഒന്നുമുതൽ തുടങ്ങണം. സെപ്റ്റംബർ 30നുള്ളിൽ ലൈസൻസ് പുതുക്കിക്കിട്ടിയില്ലെങ്കിൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട സ്ഥിതിയാണ്.
കെ-സ്മാർട്ട് വഴിയാണ് ലൈസൻസിന് അപേക്ഷ സമർപ്പിക്കേണ്ടത്. പൊല്യൂഷൻ സർട്ടിഫിക്കറ്റില്ലാതെ അപേക്ഷ നടപടി പൂർത്തിയാക്കാനാവില്ല. ഇതിൽ തന്നെ കരി ഓയിൽ എന്തു ചെയ്യുന്നുവെന്ന പ്രത്യേക ചോദ്യവുമുണ്ട്. കരി ഓയിൽ ശേഖരിക്കുന്ന കമ്പനികളുടെ സർട്ടിഫിക്കറ്റാണ് ഇവിടെ ചേർക്കേണ്ടത്. ലിറ്ററിന് 23 രൂപ വീതം ലഭിക്കുമെന്നതിനാൽ വലിയ കാനുകളിലാക്കി ഇവ കമ്പനികൾക്ക് കൈമാറുകയാണ് ചെയ്യുന്നതെന്നും ആരും മണ്ണിലേക്ക് ഒഴുക്കുന്നില്ലെന്നും സംരംഭകർ പറയുന്നു. ടൂ വീലർ വർക്ഷോപ്പുകൾ ഉൾപ്പെടെ 50000ത്തോളം സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. മേഖലയിൽ തൊഴിലെടുക്കുന്നവരാകട്ടെ രണ്ട് ലക്ഷത്തോളവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.