വാഹനാപകടങ്ങളിൽ നടുങ്ങി പുതുവർഷം; ഒമ്പത് മരണം
text_fieldsതിരുവനന്തപുരം/ആലപ്പുഴ/ പത്തനംതിട്ട/ കൊല്ലം/ കോഴിക്കോട്: വാഹനാപകട മരണങ്ങളിൽ നിറം മങ്ങി പുതുവർഷം. പുതുവർഷ രാവിലും ഞായറാഴ്ചയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളിൽ ഒമ്പത് പേരാണ് മരിച്ചത്. ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് വാഹനാപകട മരണങ്ങൾ.
ആലപ്പുഴയിൽ ഡിവൈ.എസ്.പിയുടെ ജീപ്പിടിച്ച് ബന്ധുക്കളായ രണ്ട് യുവാക്കൾ മരണപ്പെട്ടു. പുതുവത്സരാഘോഷം കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങിയ കോട്ടയം വേളൂർ ചുങ്കത്ത് മുപ്പത് അകംപാടം എഡ്വേർഡിന്‍റെ മകൻ ജസ്റ്റിൻ (അനിയച്ചൻ -38), കുമരകം പുത്തൻറോഡ് നാലുകണ്ടം ജൂലിയാമ്മയുടെ മകൻ ആഷിക് എഡ്വേർഡ് അലക്സ് (വാവച്ചി -20) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ച 3.30ന് തലവടി ജങ്ഷന് സമീപമാണ് അപകടം. പത്തനംതിട്ട തിരുവല്ല ബൈപാസിൽ ടാങ്കർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് കുന്നന്താനം അരുൺ നിവാസിൽ രവീന്ദ്രനാഥിന്റെ മകൻ അരുൺകുമാർ (29), ചിങ്ങവനം പെരുമ്പായിക്കാട് അഞ്ചേരിൽ വീട്ടിൽ രാജേന്ദ്രന്റെ മകൻ ശ്യാം രാജ് (27) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ച 1.15നാണ് അപകടം.
അടിമാലി പണിക്കൻക്കുടി മുനിയറക്ക് സമീപം കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് മഞ്ചേരി റീജനൽ കോളജ് വിദ്യാർഥിയും വളാഞ്ചേരി ആതവനാട് ചേനാടൻ സൈനുദ്ദീന്‍റെ മകനുമായ മുഹമ്മദ് മിൻഹാജ് (21) മരിച്ചത്. 44 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ച ഒന്നോടെയാണ് സംഭവം. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: സുഹൈർ, സുബൈദ ഷെരീഫ്.
കോഴിക്കോട് കക്കോടി യിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ കക്കോടി ചെറിയേടത്ത് പരേതനായ പന്തവീട്ടിൽ പത്മനാഭൻ നായരുടെ മകൻ ബിജു (43)വാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചയാണ് അപകടം. അവിവാഹിതനാണ്. മാതാവ്: പരേതയായ ശാന്ത. സഹോദരൻ: സി. ബൈജു (സീനിയർ സി.പി.ഒ, ഡി.എച്ച്.ബി). കൊയിലാണ്ടി നഗരസഭ ബസ് സ്റ്റാൻഡിൽ ബസിടിച്ച് നെല്യാടി വിയ്യൂർ വളപ്പിൽ താഴെ ശ്യാമള (65) മരിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. ഭർത്താവ്: രാഘവൻ. മക്കൾ: രാകേഷ്, ഹരീഷ്, രേഷ്മ. മരുമകൻ: വിജയൻ. തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് ബൈക്കപകടത്തിൽ സൈനികനായ ആരോമലാണ് മരിച്ചത്. ചാത്തന്നൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ആറ്റിങ്ങൽ സ്വദേശി ജയകുമാറാണ് (40) മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.