പുതുവത്സര ആഘോഷം; ആദിൽ ഫർഹാൻ യാത്രയായത് മരണത്തിലേക്ക്
text_fieldsബാലുശ്ശേരി: രക്ഷിതാക്കളോടു പറയാതെ പുതുവത്സരം ആഘോഷിക്കാൻ ആദിൽ ഫർഹാൻ യാത്രയായത് മരണത്തിലേക്ക്. ബാലുശ്ശേരി തിരുവാഞ്ചേരിപ്പൊയിലിൽ ജംഷാദിന്റെ മകൻ ആദിൽ ഫർഹാനാണ് (17) കോഴിക്കോട് കടപ്പുറത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിവരവെ തിങ്കളാഴ്ച പുലർച്ച ഒരു മണിയോടെ ഗാന്ധി റോഡ് റെയിൽവേ ഗേറ്റിൽ ട്രെയിൻ തട്ടി മരിച്ചത്. അറപ്പീടിക തിരുവാഞ്ചേരിപ്പൊയിലിലും കറ്റോടും പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നിരവധി പരിപാടികൾ ഞായറാഴ്ച ഉണ്ടായിരുന്നു.
വായനശാലയുടെ നേതൃത്വത്തിൽ നടന്ന കലാപരിപാടികൾ കണ്ടശേഷം വീട്ടുകാരോട് ഇവിടെത്തന്നെയുണ്ടാകുമെന്നു പറഞ്ഞാണ് സുഹൃത്തുക്കളായ നാലു പേരും ചേർന്ന് രണ്ടു സ്കൂട്ടറുകളിലായി കോഴിക്കോട് കടപ്പുറത്തേക്ക്, ഞായറാഴ്ച ഉച്ചക്കുശേഷം യാത്രപോയത്.
കസബ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ പിതാവ് ജംഷാദ് ശബരി ക്ഷേത്രത്തിൽ ഡ്യൂട്ടിയിലായതിനാൽ തന്റെ ബുള്ളറ്റ് ബൈക്ക് മകൻ എടുത്തുകൊണ്ടുപോകാതിരിക്കാനായി മുൻകരുതലെന്നോണം ജോലിസ്ഥലത്തേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ, ആദിൽ ഫർഹാൻ ഉമ്മയുടെ സ്കൂട്ടറെടുത്ത് തൊട്ടടുത്തുള്ള സ്ഥലത്തേക്കാണെന്നു പറഞ്ഞ് പോകുകയായിരുന്നു. സുഹൃത്തിനെയും പിന്നിൽ കയറ്റിയിരുന്നു.
ആഘോഷമെല്ലാം കഴിഞ്ഞ് നേരം വൈകിയതിനാൽ വേഗത്തിൽ വീട്ടിലെത്താനുള്ള യാത്രയിൽ ഗാന്ധി റോഡ് ഓവർ ബ്രിഡ്ജിനടിയിലെ റെയിൽവേ ട്രാക്ക് മറികടന്ന് സ്കൂട്ടർ ഓടിച്ച് കടത്തിയതാണ് അപകടത്തിൽ കലാശിച്ചത്. പിന്നിലിരുന്ന സുഹൃത്ത് പുറത്തേക്ക് ചാടിയതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. ട്രെയിനിനടിയിൽ കുടുങ്ങിയ സ്കൂട്ടറുമായി വണ്ടിനിന്നത് 100 മീറ്ററോളം പിന്നിട്ട ശേഷമായിരുന്നു. നാട്ടിൽ കലാകായിക രംഗത്ത് പ്രവർത്തിക്കുന്ന ആദിൽ ഫർഹാൻ ഫുട്ബാൾ കളിക്കാരൻ കൂടിയാണ്. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ പാവണ്ടൂർ സ്കൂളിലെ അധ്യാപകരും സഹപാഠികളുമടക്കം നിരവധി പേർ അന്ത്യാഞ്ജലിയർപ്പിച്ചു. ബാലുശ്ശേരി മുക്ക് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.