ന്യൂസിലൻഡ് കൂട്ടക്കൊല: ശിക്ഷ വിധിയിൽ ആശ്വാസത്തോടെ കൊടുങ്ങല്ലൂരും
text_fieldsകൊടുങ്ങല്ലൂർ: ന്യൂസിലൻഡ് ക്രൈസ്റ്റ് ചർച്ചിലെ അൽനൂർ മസ്ജിദ്, ലിൻവുഡ് ഇസ്ലാമിക് സെൻറർ എന്നിവിടങ്ങളിലുണ്ടായ കൂട്ടക്കൊലയിലെ വിധി വന്നതിെൻറ ആശ്വാസത്തിലാണ് കൊടുങ്ങല്ലൂരും. ആസ്ട്രേലിയൻ സ്വദേശിയായ പ്രതി ബ്രൈൻറൻ ടാരന്‍ ജീവപര്യന്തം തടവാണ് ക്രൈസ്റ്റ് ചർച്ച് കോടതി ജഡ്ജി കാമറൂൺ മാൻഡൻ വ്യാഴാഴ്ച വിധിച്ചത്.
ഇരകളുടെ ഭാഗത്തുനിന്ന് അറുപതോളം പേർ വിചാരണയിൽ പങ്കെടുത്തു. പ്രതി തനിച്ചാണ് തെൻറ ഭാഗം വാദിച്ചത്. 2019 മാർച്ച് 15നാണ് 51 പേർ മരിച്ച കൂട്ടക്കൊല അരങ്ങേറിയത്.കൊടുങ്ങല്ലൂർ സ്വദേശിനി അൻസിയും മരിച്ചവരിലുൾപ്പെട്ടിരുന്നു. അൽനൂർ മസ്ജിദിൽ നടത്തിയ ആക്രമണത്തിലാണ്, കൊടുങ്ങല്ലൂർ കരിപ്പാക്കുളത്തെ പരേതനായ അലിബാവയുടെ മകളും തിരുവെള്ളൂർ പൊന്നാത്ത് അബ്ദുൽ നാസറിെൻറ ഭാര്യയുമായ അൻസി മരിച്ചത്.
ന്യൂസിലൻഡിൽ സർവകലാശാല വിദ്യാർഥിനിയായിരുന്നു. അവിടെ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന ഭർത്താവിനൊപ്പം താമസിച്ചായിരുന്നു പഠനം. പള്ളിയിലുണ്ടായിരുന്ന അബ്ദുൽ നാസർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇദ്ദേഹം ഇപ്പോഴും ന്യൂസിലൻഡിലാണ്.
സംഭവത്തിെൻറ 11ാം നാളിൽ ജന്മാനാട്ടിലെത്തിയ അൻസിയുടെ മൃതദേഹത്തിൽ അന്ത്യാഞ്ജലിയർപ്പിക്കാനും ഖബറടക്കത്തിലും നാനാതുറകളിൽപെട്ട ആയിരങ്ങളാണ് ഒഴുകിയെത്തിയത്. അഞ്ച് ഇന്ത്യക്കാരാണ് അന്ന് കൊല്ലപ്പെട്ടത്. 42 പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു. മരിച്ചവരുടെ ഉറ്റവരെ ചേർത്തുപിടിച്ച ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേനും ന്യൂസിലൻഡ് ജനതക്കും വേണ്ടി കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാമസ്ജിദിൽ പ്രാർഥന നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.