നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവം: സൈബർ സെൽ സഹായത്തോടെ അന്വേഷണം തുടങ്ങി
text_fieldsചാത്തന്നൂർ: കല്ലുവാതുക്കൽ ഊഴായ്ക്കോട്ട് കരിയിലക്കൂട്ടത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കാൻ പൊലീസ് സൈബർ സെല്ലിെൻറ സഹായം തേടി. കുഞ്ഞിെൻറ മാതാവ് രേഷ്മ, ബന്ധുക്കൾ, ഇത്തിക്കരയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ ആര്യ, ഗ്രീഷ്മ എന്നിവരുടെ മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. റിമാൻഡിലുള്ള രേഷ്മയുടെ മൊഴിയിൽ, സംഭവത്തിനുകാരണക്കാരനെന്ന് പറയപ്പെടുന്ന ഫേസ്ബുക്ക് കാമുകൻ ഇപ്പോഴും മറവിൽത്തന്നെയാണ്. അതേസമയം, ഇങ്ങനെയൊരാൾ ഉണ്ടാകാനിടയില്ലെന്ന നിഗമനത്തിലാണ് പൊലീസ്.
രേഷ്മ ഫേസ്ബുക്കിലും നവമാധ്യമങ്ങളിലും ഏറെസമയം ചെലവിടുന്നതുസംബന്ധിച്ച് ഭർത്താവ് വിഷ്ണുവുമായി വഴക്കുണ്ടാവുകയും മൊബൈൽ ഫോൺ തല്ലിപ്പൊട്ടിക്കുകയും ചെയ്തിരുന്നത്രെ. അതിനുശേഷം ഭർതൃസഹോദരഭാര്യയായ ആര്യയുടെ സിം കാർഡായിരുന്നു രഹസ്യമായി ഉപയോഗിച്ചിരുന്നത്. ഇതാണ് ഫേസ്ബുക്ക് അക്കൗണ്ടിനും ഉപയോഗിച്ചത്. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ വിളിപ്പിച്ചപ്പോഴാണ് ആര്യയും ഭർതൃസഹോദരീപുത്രി ഗ്രീഷ്മയും ജീവനൊടുക്കിയത്.
ഫേസ്ബുക്ക് കാമുകൻ രേഷ്മയെ അടുത്തറിയുന്നവരാരോ തയാറാക്കിയ വ്യാജ ഐഡി ആയേക്കാമെന്നും പൊലീസ് കരുതുന്നു. തമാശക്ക് തുടങ്ങിയ ബന്ധം കൈവിട്ടുപോയതാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. രേഷ്മയുമായി കാമുകനെന്ന മട്ടിൽ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത പെൺകുട്ടികളാണോ എന്ന നിലയിലും അന്വേഷണം നടക്കുന്നുണ്ട്.
കാമുകനെ ഒരിക്കലും കണ്ടിട്ടില്ലെന്ന് രേഷ്മ വ്യക്തമാക്കിയിട്ടുമുണ്ട്. ഫേസ്ബുക്ക് മെസഞ്ചറിലൂടെയും വാട്സ്ആപ് കാളിലൂടെയും ബന്ധപ്പെട്ടതായും പറയുന്നു. ഇത്തരം വിവരങ്ങൾക്കായി ഫേസ്ബുക്ക് അധികൃതരെ സമീപിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. രേഷ്മയുടെ ഭർത്താവ് വിഷ്ണുവിനെയും മറ്റ് ബന്ധുക്കളെയും ഉടൻ ചോദ്യം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.