നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം: ദുരൂഹത നീങ്ങുന്നില്ല, ആര്യയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്
text_fieldsചാത്തന്നൂർ (കൊല്ലം): കല്ലുവാതുക്കൽ ഊഴായ്ക്കോട്ട് കഴിഞ്ഞ ജനുവരി അഞ്ചിന് കരിയിലകൊണ്ട് മൂടിയ നിലയിൽ നവജാത ശിശുവിനെ കണ്ടത്തിയ സംഭവത്തിൽ ഉൾപ്പെട്ട ആര്യയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കുഞ്ഞിന്‍റെ മാതാവെന്ന് പറയപ്പെടുന്ന രേഷ്മ ഇത്ര വലിയ വഞ്ചകിയാണെന്ന് മനസ്സിലായില്ലെന്നും പിഞ്ചുകുഞ്ഞിനെ കൊന്ന കേസിൽ പിടിക്കപ്പെടുന്നത് സഹിക്കാൻ കഴിയില്ലെന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്.
സംഭവത്തിൽ രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തെതെങ്കിലും ദുരൂഹത നീങ്ങിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാനായി നോട്ടീസ് നൽകിയിരുന്ന രണ്ട് യുവതികൾ ഇത്തിക്കരയാറ്റിൽ ചാടി മരിച്ചതോടെ സംഭവത്തിൽ ദുരൂഹതയേറി. ആത്മഹത്യ ചെയ്യണ്ട തരത്തിൽ ഈ യുവതികൾക്ക് സംഭവത്തിൽ ബന്ധമുണ്ടായിരുന്നോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
നവജാതശിശുനെ കണ്ടെത്തിയ സ്ഥലത്തിെൻറ ഉടമസ്ഥൻ കൂടിയായ ഊഴായ്‌ക്കോട് പേഴ് വിളവീട്ടിൽ സുദർശനൻ പിള്ളയുടെ മകൾ രേഷ്മയെ (21) ആണ് സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ദിവസം മുമ്പ് പൊലീസ് അറസ്‌റ്റ് ചെയ്തത്. പാരിപ്പള്ളി പൊലീസ് ഡി.എൻ.എ ടെസ്റ്റ് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
ജനുവരി അഞ്ചിന് രാവിലെ ആറോടെ പുരയിടത്തിൽ നാവജാത ശിശുവിനെ ഉപേക്ഷിച്ചവിവരം പ്രതിയുടെ പിതാവ് സുദർശനൻ പിള്ള തന്നെയാണ് പൊലീസിനെയും ആരോഗ്യവകുപ്പ് അധികൃതരെയും അറിയിച്ചത്. വീട്ടുപറമ്പിലെ കരിയില കൂട്ടത്തിനിടയിൽ മൂന്ന് കിലോ തൂക്കമുള്ള പൊക്കിള്‍കൊടിയോടെയുള്ള ആൺകുഞ്ഞ് ദേഹമാസകലം കരിയിലയും പൊടിയും മൂടിയ നിലയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു.
പാരിപ്പള്ളി പൊലീസ് എത്തി രാവിലെ എേട്ടാടെ പാരിപ്പള്ളി മെഡിക്കൽ കോളജിലും തുടർന്ന് ഉച്ചക്ക് മൂന്നോടെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്കും മാറ്റി. ഐ.സി.യു യൂനിറ്റിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് എല്ലാവിധ അന്വേഷണങ്ങളും നടത്തിയെങ്കിലും പ്രതികളെ കുറിച്ച് സൂചന ലഭിക്കാത്തതിനെ തുടർന്ന് ഡി.എൻ.എ ടെസ്റ്റ് ഉൾപ്പെടെ നടത്തുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കുഞ്ഞിന്‍റെ അമ്മ തന്നെയാണ് പ്രതിയെന്ന് തെളിഞ്ഞത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.
ഫേസ്ബുക്കിൽ പരിചയപ്പെട്ട കാമുകനോടൊപ്പം പോകാൻ നവജാത ശിശുവിനെ ഉപേക്ഷിച്ചുവെന്നാണ് അറസ്റ്റിലായ രേഷ്മ മൊഴി നൽകിയിരുന്നത്. ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത ആര്യയും ഗ്രീഷ്മയും ചേർന്നാണ് ഫേസ്ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്തതെന്ന് സംശയിക്കുന്നു. ഇത് സ്ഥിരീകരിക്കാനും രേഷ്മയുടെ കാമുകനെ കണ്ടെത്താനുമായി സൈബർ സെല്ലിന്‍റെ സഹായം തേടിയിട്ടുണ്ട്. കാമുകനുമായി ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവ വഴി ആശയവിനിമയം നടത്തിയതായ വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
അതേസമയം, പൊലീസ് കൂടുതൽ ശാസ്ത്രീയ അന്വേഷണത്തിന് തയാറെടുക്കുകയാണ്. കേസിൽ രേഷ്മയുടെ ഭർത്താവിനും ബന്ധുക്കൾക്കും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. രണ്ട് യുവതികളുടെ ആത്മഹത്യ കൂടിയായതോടെ കൂടുതൽ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്.
കുറ്റം രേഷ്മ ഏറ്റെടുത്തതാണോ എന്ന സംശയവും പൊലീസിനുണ്ട്. ഒരു വീട്ടിൽ ഒരുമിച്ച് കഴിഞ്ഞ ഭർത്താവോ ബന്ധുക്കളോ പ്രസവ വിവരം അറിഞ്ഞില്ല എന്ന മൊഴി പൊലീസ് തള്ളിക്കളയുകയാണ്. പൂർണ വളർച്ചയെത്തിയ ആൺകുഞ്ഞിന് മുന്നരകിലോ ഭാരം ഉണ്ടായിരുന്നു. ഒരിക്കലും ഒളിപ്പിക്കാൻ ഒരു സ്ത്രീക്ക് പറ്റില്ലെന്ന് മെഡിക്കൽ രംഗത്തെ വിദഗ്ധർ തറപ്പിച്ച് പറയുമ്പോൾ വീട്ടിൽ ഉള്ളവരെയും രേഷ്മയെയും വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.