പിതാവ് കൊല്ലാൻ ശ്രമിച്ച കുഞ്ഞിന്‍റെ അവസ്ഥയിൽ നേരിയ പുരോഗതി
text_fieldsഅങ്കമാലി: പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ച കുട്ടിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. കുഞ്ഞ് സ്വയം കണ്ണ് തുറന്നു. കൈകാലുകൾ അനക്കിത്തുടങ്ങിയെന്നും കരയാൻ തുടങ്ങിയെന്നും ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.സോജൻ ഐപ് പറഞ്ഞു. തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുന്നതാണ് നിലവിലെ ചലനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ അടുത്ത 36 മണിക്കൂറുകൾ നിർണായകമാണ്. കുട്ടി തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. കുഞ്ഞിന്‍റെ ചികിത്സയുടെ ചെലവ് ശിശുക്ഷേമ സമിതിയാണ് വഹിക്കുന്നത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടുകൂടിയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയ കുട്ടിയുടെ തലച്ചോറിൽ കെട്ടിക്കിടക്കുന്ന രക്തവും നീർക്കെട്ടും ഒഴിവാക്കുന്നതിനു വേണ്ടിയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കുട്ടി അബോധാവസ്ഥയിലായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതിനെ തുടർന്ന് കുട്ടിയെ ഓക്‌സിജന്‍റെ സഹായത്തോടെ ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു.
മൂന്ന് ദിവസം മുമ്പാണ് ജനിച്ചത് പെൺകുഞ്ഞാണെന്നതിന്‍റെ പേരിൽ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിലാകുന്നത്. അങ്കമാലി ജോസ്പുരത്ത് താമസിക്കുന്ന ഷൈജു തോമസ്(40)ആണ് പിടിയിലായത്. അൻപത്തിനാല് ദിവസം പ്രായമായ കുഞ്ഞിനെ കട്ടിലിലേക്ക് വലിച്ചെറിച്ചും തലക്കടിച്ചുമാണ് ഇയാൾ കൊല്ലാൻ ശ്രമിച്ചത്. സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോൾ കുഞ്ഞ് ഗുരുതര അവസ്ഥയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.