പൊന്നാനി മാതൃശിശു ആശുപത്രിയിൽ നവജാത ശിശുവിനെ 'കാണാതായി'
text_fieldsപൊന്നാനി: ബുധനാഴ്ച രാവിലെ പതിനൊന്നോടെ പൊന്നാനി മാതൃ ശിശു ആശുപത്രിയിലെ നവജാത ശിശു വാർഡിൽനിന്ന് കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി അമ്മ നഴ്സിങ് റൂമിലെത്തി. ഇതോടെ ആശുപത്രിയിൽ അപായമണി മുഴങ്ങി. അപായസൂചന കേട്ടതോടെ ജീവനക്കാരെല്ലാം നവജാത ശിശുവാർഡിലെത്തി.
ഉടൻ സുരക്ഷ ജീവനക്കാർ പ്രധാന ഗേറ്റും ആശുപത്രിയുടെ മറ്റു കവാടങ്ങളും അടച്ചു പൂട്ടി. വിവരമറിഞ്ഞതോടെ മറ്റു അമ്മമാരും കൂട്ടിരിപ്പുകാരും രോഗികളായി എത്തിയവരും ഭയപ്പാടിലായി. ആശുപത്രിയിലെത്തിയവരും കുഞ്ഞിനായുള്ള തിരച്ചിലിൽ പങ്കുചേർന്നു. മിനിറ്റുകൾക്കകം തന്നെ കുഞ്ഞിനെ തിരികെ ലഭിച്ചെന്ന അറിയിപ്പും വന്നു. ഓടിയെത്തിയവർ കണ്ടത് കളിപ്പാവയുമായി നിൽക്കുന്ന ആശുപത്രി ജീവനക്കാരിയെ.
ഇതോടെയാണ് ആശുപത്രിയിൽ നടന്നത് വെറുമൊരു മോക്ഡ്രിലാണെന്ന് തിരിച്ചറിഞ്ഞത്.ആശുപത്രിയിൽ ഇത്തരമൊരു സാഹചര്യമുണ്ടായാൽ എങ്ങനെ പ്രതികരിക്കണമെന്ന് പൊതുജനങ്ങളെയും രോഗികളെയും ബോധവത്കരിക്കുന്നതിനായാണ് ഇത്തരമൊരു മോക്ഡ്രിൽ നടത്തിയതെന്ന് ആശുപത്രി ആർ.എം.ഒ ഹഫീസ് പറഞ്ഞു.വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന ലക്ഷ്യ പരിശോധനയുടെ മുന്നോടിയായാണ് മോക്ഡ്രിൽ നടന്നത്. ആശുപത്രിയിലെ കോഡ് പിങ്ക് ടീമാണ് മോക്ഡ്രില്ലിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.