ആലപ്പുഴ മെഡിക്കൽ കോളജിൽ നവജാതശിശു മരിച്ചു; പ്രതിഷേധം
text_fieldsഅമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാത ശിശുമരിച്ചു. പ്രസവത്തിനുമുമ്പ് മാതാവിന് മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ലേബര്‍ മുറിയുടെ മുന്നില്‍ മൃതദേഹവുമായി പ്രതിഷേധിച്ചു. വണ്ടാനം വ്യക്ഷവിലാസം തോപ്പ് മനുവിന്റെ ഭാര്യ സൗമ്യയുടെ (28) എട്ടു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്.
ബുധനാഴ്ച അർധരാത്രി 12നായിരുന്നു സംഭവം. കുട്ടി മരിക്കാനിടയായ കാരണം അറിയണമെന്നാവശ്യപ്പെട്ട് മൃതദേഹം ഏറ്റെടുക്കാതെയാണ് ബന്ധുക്കള്‍ പ്രതിഷേധിച്ചത്. പൊലീസ് എത്തിയെങ്കിലും പിന്മാറിയില്ല. ആശുപത്രി സൂപ്രണ്ട് എ. അബ്ദുല്‍ സലാം എത്തി ബന്ധുക്കളുമായി ചര്‍ച്ച നടത്തിയശേഷം പുലര്‍ച്ച രണ്ടോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞത്. മൃതദേഹം രാവിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ചികിത്സാപ്പിഴവെന്ന ആരോപണത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നവജാതശിശു ഉള്‍പ്പെടെ അടുത്തിടെ മരിച്ചത് മൂന്നുപേരാണ്.
28നാണ് സൗമ്യയെ രണ്ടാമത്തെ പ്രസവവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇതിനുശേഷം രക്തസ്രാവമുണ്ടായി. വിവരം ഡ്യൂട്ടി ഡോക്ടറെ അറിയിച്ചെങ്കിലും കാര്യമാക്കിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. മരണം അണുബാധയെ തുടർന്നാണെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം. ജനിച്ചപ്പോഴുണ്ടായ അണുബാധയാണ് മരണകാരണം. കുട്ടി ജനിച്ചത് പ്രസവവാർഡിൽ ആണെന്നത് തെറ്റായ പ്രചാരണമാണ്. പ്രസവശേഷമാണ് വാർഡിലേക്ക് മാറ്റിയത്. സീനിയർ ഡോക്ടർമാർ പരിചരിച്ചില്ലെന്നതും തെറ്റാണെന്ന് സൂപ്രണ്ട് ഡോ. എ. അബ്ദുല്‍ സലാം, ഗൈനക് എച്ച്.ഒ.ഡി ഡോ. സംഗീതാ മേനോന് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കുഞ്ഞിന്റെ പിതാവിന്റെ പരാതിയിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.