പുതുമുഖത്തെ കോൺഗ്രസ് നിർത്തിയാൽ ദുർബല, സി.പി.എം നിർത്തിയാൽ പ്രബല; വി.കെ. പ്രശാന്തിനെതിരെ കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർഥി വീണ എസ്. നായരെ വിമർശിച്ച എൽ.ഡി.എഫ് സ്ഥാനാർഥി വി.കെ. പ്രശാന്തിന് മറുപടിയുമായി കെ. മുരളീധരൻ എം.പി. പുതുമുഖത്തെ കോൺഗ്രസ് നിർത്തിയാൽ ദുർബലയെന്നും സി.പി.എം നിർത്തിയാൽ പ്രബല എന്നും പറയുമെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.
വട്ടിയൂർക്കാവിൽ വീണ മത്സരിക്കുന്നത് ജയിക്കാനാണ്. വീണയെ കുറിച്ചുള്ള പ്രശാന്ത് നടത്തിയത് ചീപ്പ് പ്രതികരണമാണ്. പ്രശാന്തിനെ പോലുള്ള ഒരാൾ അത്തരം പ്രതികരണം നടത്താൻ പാടില്ലായിരുന്നുവെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി.
പ്രശാന്ത് നേതാവായത് എങ്ങനെയെന്ന് ഒാർക്കണം. ആദ്യം മത്സരിക്കുമ്പോൾ പ്രശാന്തും പുതുമുഖമായിരുന്നു. മേയറാകുന്നത് വരെ പ്രശാന്തിനെ ആരെങ്കിലും അറിയുമായിരുന്നോ എന്നും മുരളീധരൻ ചോദിച്ചു. പ്രശാന്തിനെ ജൂനിയർ ആയിട്ടാണ് അറിഞ്ഞിരുന്നതെന്നും മുരളീധരൻ വ്യക്തമാക്കി.
ശുക്രൻ ഉദിച്ചപ്പോൾ പ്രശാന്ത് മേയറായി. മേയർ ബ്രോ എന്ന് പറഞ്ഞ് പിന്നീട് എം.എൽ.എയായി. അതൊക്കെ അദ്ദേഹത്തിന് മെച്ചം കിട്ടിയ കാര്യമാണ്. തന്നെ പോലെ താൻ മാത്രം മതിയെന്ന നിലപാടാണിതെന്നും മുരളീധരൻ വ്യക്തമാക്കി.
നിലവിലെ മേയർ ആര്യ രാജേന്ദ്രനെ കുറിച്ച് കഴിഞ്ഞ രണ്ട് മാസം മുമ്പുവരെ ആരെങ്കിലും കേട്ടിട്ടുണ്ടോ?. ഒരു ദുർബലയെ ആണ് മേയറാക്കിയതെന്ന് തങ്ങൾ പറഞ്ഞിട്ടില്ല. ശശി തരൂർ അടക്കമുള്ളവർ ആര്യക്ക് ആശംസ നേർന്നിരുന്നു. അതാണ് കോൺഗ്രസിന്‍റെ സംസ്കാരമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
ബി.ജെ.പിക്ക് വോട്ട് മറിക്കുന്നുവെന്ന ആരോപണം ചീപ്പാണെന്നും മീഡിയവണിന് നൽകിയ അഭിമുഖത്തിൽ കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.