നവവധുവിന് ഭർത്താവിന്റെ ക്രൂരമർദനം; ഹൈകോടതിയെ സമീപിച്ച് കുടുംബം
text_fieldsവേങ്ങര: നവവധുവിന് ഭർതൃവീട്ടിൽ ക്രൂര പീഡനമെന്ന് പരാതി. സംഭവത്തിൽ ജില്ല പൊലീസ് മേധാവിക്കടക്കം പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം ഹൈകോടതിയെ സമീപിച്ചു.
വേങ്ങര വലിയോറ സ്വദേശിയായ ഭർത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മർദിച്ചെന്നാണ് പരാതി. മൊബൈൽ ഫോൺ ചാർജറിന്റെ വയർ ഉപയോഗിച്ചും കൈ കൊണ്ടും ക്രൂരമായി മർദിച്ചെന്ന് പരാതിയിലുണ്ട്. യുവതിയുടെ ശരീരത്തിലാകെ മർദനമേറ്റതിന്റെ മുറിവുകളുണ്ട്. അടിവയറ്റിൽ മർദിച്ചതായും നട്ടെല്ലിന് ക്ഷതമേറ്റതായും കേൾവിശക്തി തകരാറിലായതായും പരാതിയിൽ പറയുന്നു. ഭാര്യയെ സംശയിച്ച ഫായിസ്, സുഹൃത്തുക്കളുടെ പേര് പറഞ്ഞാണത്രേ മർദനം അഴിച്ചുവിട്ടത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും ഇയാൾ ഭാര്യയെ ഉപദ്രവിച്ചു.
2024 മേയ് രണ്ടിനായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതൽ യുവതിക്ക് മർദനമേറ്റതായി കുടുംബം നൽകിയ പരാതിയിൽ പറയുന്നു. മർദന വിവരം പുറത്തുപറഞ്ഞാൽ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്നും ആത്മഹത്യ ചെയ്യുമെന്നും ഫായിസ് യുവതിയെ ഭീഷണിപ്പെടുത്തി. യുവതി കുടുംബത്തെ ഫോണിൽ വിളിച്ച് കരഞ്ഞതോടെ സംശയം തോന്നി ഭർതൃവീട്ടിലെത്തിയപ്പോഴാണ് മകൾ ക്രൂരമായ പീഡനത്തിനിരയായതായി കുടുംബം മനസ്സിലാക്കുന്നത്.
ഇതോടെ യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ശരീരത്തിലാകെ മർദനമേറ്റതിന്റെ പാടുകൾ കണ്ടതിനെ തുടർന്ന് മേയ് 22ന് മലപ്പുറം വനിത പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി പരാതി നൽകി. മെഡിക്കൽ സർട്ടിഫിക്കറ്റുകളടക്കം സമർപ്പിച്ച് നൽകിയ പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുന്നതിലും പ്രതിയെ പിടികൂടുന്നതിലും പൊലീസ് അമാന്തം കാട്ടിയതായി പറയുന്നു.
പിന്നീട് ജില്ല പൊലീസ് മേധാവിക്കടക്കം പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ലത്രെ. കുറ്റാരോപിതനായ യുവാവ് വിദേശത്തേക്ക് കടന്നുകളഞ്ഞതായി സംശയിക്കുന്നുവെന്ന് വേങ്ങര പൊലീസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.