നവവധു പീഡനം; രണ്ടും മൂന്നും പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും
text_fieldsകോഴിക്കോട്: പന്തീരാങ്കാവ് നവവധു പീഡനക്കേസിൽ രണ്ട് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. കേസിലെ ഒന്നാം പ്രതി പന്നിയൂർകുളം സ്വദേശി രാഹുലിന്റെ മാതാവ് ഉഷ, സഹോദരി തിരുവങ്ങൂർ സ്വദേശി കാർത്തിക എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ല കോടതി പരിഗണിക്കുന്നത്.
അതേസമയം പ്രതികൾക്ക് ജാമ്യം നൽകുന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും തെളിവുകൾ നശിപ്പിക്കാനിടയാക്കുമെന്നും ചൂണ്ടിക്കാട്ടി പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേസന്വേഷിക്കുന്ന ഫറോക്ക് അസി. കമീഷണർ സജു കെ. അബ്രഹാം പറവൂരിൽ പോയി യുവതിയുടെ വിശദ മൊഴി രേഖപ്പെടുത്തിയതിനുപിന്നാലെയാണ് ഇരുവരെയും പ്രതി ചേർത്തത്.
ഉഷക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയതോടെ ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ചിരുന്നു. ഇതിനിടയിലാണ് ഇരുവരും മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചത്.
അതേസമയം രാഹുലിനെ ജർമനിയിലേക്കു കടക്കാൻ സഹായിച്ച സുഹൃത്ത് മാങ്കാവ് സ്വദേശി രാജേഷിനെ നേരത്തെ അറസ്റ്റുചെയ്തെങ്കിലും കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. വിശദാന്വേഷണത്തിൽ രാഹുലിന് രക്ഷപ്പെടാൻ ഉപദേശവും സഹായവും നൽകിയെന്ന് കണ്ടെത്തി പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ബാലുശ്ശേരി സ്വദേശി കെ.ടി. ശരത്ലാലിനെ കേസിൽ അഞ്ചാം പ്രതിയാക്കിയിട്ടുണ്ട്.
സസ്പെൻഷനിലായ ശരത്ലാൽ അന്വേഷണസംഘത്തിനുമുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. നാട്ടിൽനിന്ന് മാറിനിൽക്കുന്ന ഇയാളും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ഈ ഹരജി മേയ് 31ന് കോടതി പരിഗണിക്കും. അതിനിടെ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ യുവതിയുടെ രഹസ്യമൊഴി പരിശോധിക്കാൻ കോടതിയിൽ അപേക്ഷ നൽകിയ അന്വേഷണസംഘം രാഹുലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.