പെസ നിയമം നടപ്പാക്കാൻ കേരളം നടപടി സ്വീകരിക്കണമെന്ന് ദേശീയ ട്രൈബൽ കമീഷൻ
text_fieldsകോഴിക്കോട്: 1996 ൽ പാർലമെൻറ് പാസാക്കിയ പെസ നിയമം സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ദേശീയ ട്രൈബൽ കമീഷൻ. അട്ടപ്പാടി ആക്ഷൻ കൗൺസിൽ കൺവീനർ പി.വി. സുരേഷ് നൽകിയ പരാതിയിലാണ് ട്രൈബൽ കമീഷൻ അംഗം ജാടോത്തു ഹുസൈൻ നിർദേശം നൽകിയത്. 30 ദിവസത്തിനകം സംസ്ഥാനം ഇത് സംബന്ധിച്ച് മറുപടി നൽകണം.
ഇന്ത്യയിലെ ഷെഡ്യൂൾഡ് ഏരിയകളിൽ താമസിക്കുന്ന ആളുകൾക്ക് പരമ്പരാഗത ഗ്രാമസഭകളിലൂടെ സ്വയം ഭരണം ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നിയമമാണ് 1996 ലെ പഞ്ചായത്തുകളുടെ (പട്ടികയിലുള്ള പ്രദേശങ്ങളിലേക്കുള്ള വിപുലീകരണം) നിയമം എന്ന പെസ ആക്ട്. 1996 ഡിസംബർ 24 നാണ് നിയമം നിലവിൽ വന്നത്. രജ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ നിയമം നടപ്പാക്കി. അവിടെ ആദിവാസികൾക്ക് നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്നുണ്ട്.
വ്യാപകമായ ഭൂമി ഏറ്റെടുക്കലും വികസന പദ്ധതികൾ മൂലമുള്ള കുടിയിറക്കലും പട്ടിക പ്രദേശങ്ങളിൽ താമസിക്കുന്ന ആദിവാസി സമൂഹങ്ങളെ വലിയ തോതിലുള്ള ദുരിതത്തിലേക്ക് നയിച്ചു. ഈ ദുർബലതകളിൽ പലതിനുമുള്ള ഒരു പ്രതിവിധിയായിട്ടാണ് പെസ നിയമം പാർലമന്റെ് പാസിക്കിയത്. പട്ടിക പ്രദേശങ്ങളിലെ ആദിവാസി സമൂഹങ്ങൾ അവരുടെ വികസനത്തിൻറെ സ്വഭാവവും മുൻഗണനകളും സ്വയം തീരുമാനിക്കുന്ന വികസനത്തിൻറെ ഒരു പുതിയ മാതൃക അവതരിപ്പിക്കാൻ നിയമം വഴി ശ്രമിച്ചു.
നിയമത്തിൽ ആദിവാസികളുടെ പരമ്പരാഗത രാഷ്ട്രീയ വ്യവസ്ഥകളെ മാനിക്കുകയും ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് ഗ്രാമീണരുമായി കൂടിയാലോചിക്കുകയും ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തു. ഇപ്പോൾ നിയമങ്ങളിൽ പെസ ഭേദഗതികളുള്ള 10 സംസ്ഥാനങ്ങളുണ്ട്. ആദിവാസി മേഖകൾക്ക് ലഭിക്കേണ്ട സ്വയംഭരണാവകാശമാണ് കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലധികമായി കേരളം നിരാകരിച്ചത്. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല.
കേരളം ഭരിച്ചവർ മുന്നണി ഭേദം മറന്ന് ഒറ്റക്കെട്ടായി ആദിവാസികളുടെ ഭരണഘടനാവകാശത്തിന് എതിരായി പ്രവർത്തിച്ചുവെന്നാണ് രേഖകൾ തെളിയിക്കുന്നത്. 2001 ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ ആദിവാസികളുടെ കുടിൽകെട്ടി സമരത്തെ തുടർന്ന് പെസ നിയമം നടപ്പാക്കാൻ കേന്ദ്ര ആദിവാസി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. പിന്നീട് ഒന്നും സംഭവിച്ചില്ല.
2013ൽ നിൽപ്പ് സമരത്തെ തുടർന്നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പെസ നിയമം നടപ്പാക്കുന്നതിന് പ്രഥമിക നീക്കം നടത്തി. സംസ്ഥാനം ആദിവാസി ഊരുകളുടെ കണക്ക് എടുത്ത് ആദിവാസി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. എന്നാൽ, ഫയൽ പരിശോധിച്ച ശേഷം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ചില സംശയങ്ങൾ ഉന്നയിച്ചു.
ഇതിനു സംസ്ഥാനം മറുപടി നൽകിയില്ല. പട്ടികവർഗ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല കമ്മറ്റിയെ നിയോഗിച്ചുവെങ്കിലും തുടർ നടപടിയുണ്ടായില്ല. പെസ നിയമത്തെക്കുറിച്ച് ദീർഘകാലമായി കിർത്താട്സ് പഠനം നടത്തുകയാണ്. അട്ടപ്പാടിയിലെ ആദിവാസികൾക്ക് പെസ നിയമത്തിന്റെ പരിരക്ഷ ലഭിക്കണം. അതിനായിട്ടാണ് പി.വി സുരേഷ് പരാതി നൽകിയത്. ട്രൈബൽ മന്ത്രാലയം ഇടപെടുമെന്നാണ് ആദിവാസികളുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.