അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം: അന്വേഷണ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിൽ- ഒ.ആർ.കേളു
text_fieldsതിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് പട്ടികവർഗ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി ഒ.ആർ.കേളു. സംസ്ഥാനത്തെ പട്ടികവർഗക്കാരുടെ ഭൂമിയിലുള്ള അവകാശം സംരക്ഷിക്കുന്നതിനായി ഭൂമി കൈയേറ്റം നിയന്ത്രിക്കുവാനും അന്യാധീനപ്പെട്ട ഭൂമി പുനഃസ്ഥാപിച്ച് നൽകുവാനും നടപടി സ്വീകരിച്ചുവെന്നും നിയമസഭയിൽ കെ.കെ രമയെ രേഖാമൂലം അറിയിച്ചു.
അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് പരാതി ലഭിക്കുമ്പോൾ അത് വകുപ്പിലെ ഫീൽഡ്‌തല ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. കൈയേറ്റം നടന്നത് സംബന്ധിച്ച് ഭൂരേഖകളുടെ അധികാരികത പരിശോധിച്ച് ഉറപ്പാക്കുന്നതിനും അനന്തര നടപടികൾ സ്വീകരിക്കുന്നതിനുമായി പരാതികൾ ജില്ലാ ഭരണകൂടത്തിന്റെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും ശ്രദ്ധയിൽപ്പെടുത്തുകയാണ് ചെയ്യുന്നത്.

അട്ടപ്പാടിയിൽ വ്യാജരേഖ ഉപയോഗിച്ച് ആദിവാസി ഭൂമി കൈയേറിയത് സംബന്ധിച്ച് അഗളി, മട്ടത്തുകാട്, വട്ടലക്കി ഫാമിൽ ആദിവാസി ഭാരത് മഹാസഭ കൺവീനർ ടി.ആർ. ചന്ദ്രൻ ഉൾപ്പെടെയുള്ള 18 പേർ മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതി നൽകിയിരുന്നു. ഇതിൽ പരിശോധന നടത്തുന്നതിന് ആദിവാസി പുനരധിവാസ വികസന മിഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ഒരു സംഘം രൂപീകരിച്ചു.
അട്ടപ്പാടിയിലെ പരാതികൾ പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ സഹിതം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പട്ടികവർഗ ഡയറക്ടർ 2024 സെപ്തംബർ 15ന് ഉത്തരവിട്ടു. പരിശോധന സംഘത്തെ സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. പട്ടികവർഗ ഡെപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനിയിലാണെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.