പുതിയ ബാറുകൾ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനുശേഷം
text_fieldsകോഴിക്കോട്: ഇടതു സർക്കാറിെൻറ മദ്യനയത്തിനെതിരെ ക്രിസ്ത്യൻ സഭ പ്രക്ഷോഭം പ്രഖ്യാപിച്ച സാഹചര്യത്തിൽ ചെങ്ങന്നൂർ നിയമസഭ ഉപതെരഞ്ഞെടുപ്പുവരെ പുതിയ ബാറുകൾ അനുവദിക്കുന്നത് നിർത്തിവെക്കും. ജനങ്ങളുടെ കണ്ണിൽപൊടിയിടുന്ന ഈ തീരുമാനം പുതിയ ബാറിന് അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് രഹസ്യമായി കൈമാറി. പുതിയ ബാറിന് അറുപതോളം അപേക്ഷകൾ എക്സൈസ് വകുപ്പിന് മുന്നിലുള്ളതായാണ് വിവരം. ഇതിൽ ഉടൻ നടപടി വേണ്ടെന്നാണ് വകുപ്പുതല തീരുമാനം. യു.ഡി.എഫ് സർക്കാർ പൂട്ടിയ ബാറുകളാണ് ഇതിനകം തുറന്നുകൊടുത്തതെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ആവർത്തിക്കുമ്പോഴും അദ്ദേഹത്തിെൻറ സ്വന്തം ജില്ലയായ കോഴിക്കോട്ട് തന്നെ അര ഡസനോളം പുതിയ ബാറുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് നാൽപതോളം ബാറുകൾ ഇതുപോലെ പുതുതായി അനുവദിച്ചെന്നാണ് അറിയുന്നത്. പുതിയ അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് സർക്കാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് വ്യക്തമായ ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിലാണ് അവർ ലക്ഷങ്ങൾ മുടക്കി ഹോട്ടലുകൾക്ക് ത്രീ സ്റ്റാർ ക്ലാസിഫിക്കേഷൻ സമ്പാദിച്ചത്.
2016 ജൂലൈ ഒന്നിന് നടപ്പിൽവന്ന എൽ.ഡി.എഫ് സർക്കാറിെൻറ അബ്കാരി നയം അനുസരിച്ച് സംസ്ഥാനത്ത് ബാർ ലൈസൻസ് സമ്പാദിക്കൽ വളരെ എളുപ്പമാണ്. ത്രീ സ്റ്റാറിനും അതിന് മുകളിലുമുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസിന് അപേക്ഷിക്കാം. വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽനിന്ന് നേരത്തേ 200 മീറ്റർ അകലം പാലിക്കേണ്ടിയിരുന്നെങ്കിൽ ഇപ്പോൾ 50 മീറ്റർ മതി. വരുന്ന ഏപ്രിൽ ഒന്നിന് നിലവിൽവരുന്ന പുതിയ സാമ്പത്തിക വർഷത്തെ അബ്കാരി നയവും മദ്യവ്യാപാരികളെ സംബന്ധിച്ച് കൂടുതൽ ഉദാരമാണ്. ബാറുകൾക്ക് പുതിയ ലൈസൻസ് അനുവദിക്കില്ലെന്ന് നയത്തിൽ വ്യക്തമാക്കാത്തിടത്തോളം അപേക്ഷിച്ചാൽ ലൈസൻസ് കൊടുത്തേ പറ്റൂ. അപേക്ഷയിൽ നടപടി നീട്ടിക്കൊണ്ടുപോയാൽ കോടതിയിൽ പോയി അനുകൂല വിധി സമ്പാദിക്കാൻ എളുപ്പമാണ്.
ലഹരിമുക്ത കേരളം വാർത്തെടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് അബ്കാരി നയത്തിെൻറ ആമുഖത്തിൽ പറയുന്നുണ്ടെങ്കിലും എല്ലാ പഞ്ചായത്തിലും മദ്യശാല എന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്. ദേശീയപാതയോര മദ്യശാലകൾക്ക് സുപ്രീംകോടതി നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ നൽകിയ ഹരജിയിൽ കേരളം ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ, പതിനായിരം വരെ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരമായി കണക്കിലെടുത്ത് ബാറുകൾ അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നു. സുപ്രീംകോടതി ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച വിധിയിൽ, ബാറുകൾ വേണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അധികാരം പൂർണമായി സംസ്ഥാന സർക്കാറുകൾക്ക് നൽകി. ഈ അധികാരം സോദ്ദേശ്യപരമായി ഉപയോഗിക്കാതെ കോടതിവിധിയുടെ മറപിടിച്ച് മദ്യലോബിക്ക് ഒത്താശ ചെയ്യുകയാണ് എക്സൈസ് വകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.