പാർട്ടി സർവിസ് കമീഷൻ
text_fieldsഏറ്റവും സുതാര്യമെന്ന് കേരളസമൂഹം വിശ്വസിച്ചിരുന്ന പബ്ലിക് സര്‍വിസ് കമീഷെൻറ വിശ്വാസ്യത ചില്ലുകൊട്ടാരംപോലെ തകര്‍ന്നുവീണ സംഭവമായിരുന്നു തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തുകേസ്. കേസിലെ പ്രതികളും മുൻ എസ്.എഫ്.ഐ നേതാക്കളുമായ മൂന്നുപേർ പി.എസ്.സി നടത്തിയ സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിൽ ഒന്നും രണ്ടും 28-ഉം റാങ്ക് നേടിയത് പി.എസ്.സിയെ മാത്രമല്ല കേരളത്തെ ഒന്നാകെ ഞെട്ടിച്ചു. പി.എസ്.സി പരീക്ഷകളില്‍ ബാഹ്യ ഇടപെടലുകള്‍ ഒരിക്കലും സാധ്യമാവില്ല എന്ന ധാരണയാണ് ഈ സംഭവത്തോടെ തിരുത്തപ്പെട്ടത്. സ്മാർട്ട് വാച്ചും ബ്ലൂടൂത്തും മൊബൈൽഫോണും ഉപയോഗപ്പെടുത്തി ഉത്തരങ്ങളെഴുതി ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവർ പരീക്ഷ രീതികളെ അട്ടിമറിച്ചു. പി.എസ്.സിയുടെ യശസ്സിന് വലിയ കളങ്കമാണ് അതുണ്ടാക്കിയത്. സംഭവത്തിൽ ആറുപേരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2019 ഡിസംബറിൽ അന്വേഷണം പൂർത്തിയായെങ്കിലും നാളിതുവരെ കുറ്റപത്രം സമർപ്പിക്കാനുള്ള അനുമതി അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ല. കുറ്റപത്രം വൈകുന്നതിനാൽ ഒന്നരവർഷമായി പ്രതികൾ പുറത്തു വിലസുകയാണ്. പിണറായി സർക്കാറിെൻറ അവസാനകാലത്ത് കേസ് എഴുതിത്തള്ളുന്നതിനുള്ള നീക്കങ്ങളും നടന്നിരുന്നു. പക്ഷേ, മാധ്യമങ്ങളുടെ ജാഗ്രതയിൽ ആ നീക്കം മരവിപ്പിച്ചു.
മുൻകാലങ്ങളിലും സമാന തട്ടിപ്പുകൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ശിവരഞ്ജിത്തിനും പ്രണവിനും നസീമിനും ഉത്തരങ്ങൾ പറഞ്ഞുകൊടുത്ത ഗോകുൽ പൊലീസിലും സഫീർ ഫയർഫോഴ്സ് റാങ്ക് ലിസ്റ്റിലും കയറിയത് ഇത്തരത്തിൽ ക്രമക്കേട് നടത്തിയാണ്. ഇരുവരുടെയും സഹായത്തോടെ മുമ്പും നിരവധി പേർ ജോലിക്ക് കയറിയതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചെങ്കിലും പി.എസ്.സിയുടെ വിശ്വാസ്യതയെ ബാധിക്കുെമന്നതിനാൽ കൂടുതൽ അന്വേഷിക്കേണ്ടെന്നായിരുന്നു ആഭ്യന്തരവകുപ്പിൽനിന്നുള്ള നിർദേശം. ഇതോടെ കത്തിക്കുത്തുകേസ് പ്രതികളിൽ മാത്രം അന്വേഷണം കേന്ദ്രീകരിച്ച് മറ്റുള്ളവരെ ഒഴിവാക്കുകയായിരുന്നു.
ശിവരഞ്ജിത്തിനും പ്രണവിനും നസീമിനും ലഭിച്ചത് 'സി'കോഡുള്ള ചോദ്യപേപ്പറാണ്. ഇതിനു പിന്നിലെ കള്ളക്കളികളും ക്രൈംബ്രാഞ്ച് അന്വേഷിച്ചില്ല. ഒരേ ചോദ്യപേപ്പറായിരിക്കും മൂന്നു പേർക്കും കിട്ടുക എന്നു ബോധ്യമുള്ളതിനാൽ നസീം മാത്രമാണ് ചോദ്യപേപ്പറിെൻറ ഫോട്ടോ സ്മാർട്ട് വാച്ചുപയോഗിച്ച് സുഹൃത്ത് പ്രവീണിന് അയച്ചുകൊടുത്തത്. ഈ ചോദ്യപേപ്പർ ഉപയോഗിച്ചാണ് ഗോകുലും സഫീറും മൊബൈൽ ഫോണിലൂടെ ഉത്തരങ്ങൾ കൈമാറിയത്. പി.എസ്.സി ആസ്ഥാനത്തെ ടെക്നിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെയോ അല്ലെങ്കിൽ പരീക്ഷ ഹാളിൽ ഉണ്ടായിരുന്ന മറ്റാരുടെയോ സഹായം ഇല്ലാതെ മൂവർക്കും ഒരേ ചോദ്യപേപ്പർ ലഭിക്കാൻ സാധ്യതയില്ലെന്നും വിജിലൻസ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അന്വേഷണം പാതിവഴിയിൽ നിലച്ചു.
പൊലീസ് നേതാക്കളുടെ പങ്കിൽ അന്വേഷണമില്ല
കാസർകോട് ബറ്റാലിയെൻറ കായികപരീക്ഷക്ക് ശിവരഞ്ജിത്തും പ്രണവും നസീമും കണ്ണൂരിലെത്തിയപ്പോൾ സി.പി.എം രാഷ്ട്രീയനേതൃത്വത്തിെൻറ പിൻബലമുണ്ടായിരുന്നതായി കേസ് അന്വേഷിച്ച ഉന്നത ഉദ്യോഗസ്ഥൻ പറയുന്നു. അവിടെ പൊലീസ് സംഘടനയുടെ ഭാരവാഹികളാണ് ഇവരുടെ കാര്യം നോക്കിയത്. കായികപരീക്ഷയിലടക്കം സഹായം ലഭിച്ചു. കല്ലറ സ്വദേശിയായ അസോസിയേഷൻ ഭാരവാഹി ശാരീരിക ക്ഷമതാപരിശോധന നടക്കുന്നിടത്ത് നേരിട്ട് എത്തിയിരുന്നു. കായിക പരീക്ഷ പാസാകാൻ മൂവരും ലക്ഷങ്ങളാണ് ഒഴുക്കിയത്. സി.പി.എമ്മിലെ പ്രമുഖരുമായും പൊലീസ് സംഘടനാ നേതാക്കളുമായും ഇവർക്ക് അടുത്തബന്ധമുണ്ടെന്ന് ഫോൺ രേഖകൾ പരിശോധിച്ചതിൽനിന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
എസ്.എഫ്.ഐ നേതാക്കളായിരുന്ന ഇവർക്കെതിരെ പൊലീസിനെ ആക്രമിച്ചതുൾപ്പെടെ ഒട്ടേറെ കേസുകൾ ഉണ്ടെങ്കിലും ഇവയെല്ലാം പൊലീസിലെ ഇടതു സംഘടനാ നേതാക്കളെ ഉപയോഗപ്പെടുത്തി തേച്ചുമായ്ച്ചു കളയുകയായിരുന്നു പതിവ്. തിരുവനന്തപുരം പാളയത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ യാത്രക്കാരുടെ മുന്നിലിട്ട് തല്ലാൻ നസീമിനും കൂട്ടർക്കും ലഭിച്ച ധൈര്യവും ഇടത് അസോസിയേഷൻ നേതാക്കളുമായുള്ള ചങ്ങാത്തം തന്നെ. അന്ന് നസീമിെൻറ ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാരൻ ശരത്തിെൻറ പരാതിയിൽ കേൻറാൺമെൻറ് പൊലീസ് കേസെടുത്തിരുന്നു.
എന്നാൽ, നസീം പൊലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതോടെ ഇയാൾക്കെതിരെയുള്ള പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത് അസോസിയേഷൻ നേതാക്കൾ തന്നെയായിരുന്നുവെന്ന് മർദനമേറ്റ ശരത് പറയുന്നു. തയാറാകാതെ വന്നതോടെ കള്ളപ്പരാതിയിൽ ഈ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. പരാതി പിൻവലിച്ചാൽ മാത്രമേ തിരികെ ജോലിയിൽ പ്രവേശിപ്പിക്കൂ എന്നായിരുന്നു ഭീഷണി. അതിനും വഴങ്ങാതെ വന്നതോടെ മാസങ്ങളാണ് ശരത്തിന് പുറത്തുനിൽക്കേണ്ടിവന്നത്.
പ്രതികളെ 'സഹായിച്ച്' ചെയർമാനും
പരീക്ഷ തട്ടിപ്പ് കണ്ടെത്തിയ ഉടനെ പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ നടത്തിയ വാർത്തസമ്മേളനമാണ് പ്രതികൾക്ക് പിടിവള്ളിയായതെന്ന് അന്വേഷണസംഘം പറയുന്നു. പി.എസ്.സി വിജിലൻസ് നൽകിയ പല നിർണായക വിവരങ്ങളും പൊലീസിന് കൈമാറുന്നതിനു പകരം അവ ദ്യശ്യമാധ്യമങ്ങളിലൂടെ പരസ്യമാക്കുകയാണ് ചെയർമാൻ ചെയ്തത്.
പ്രതികൾ ഉപയോഗിച്ച ഫോൺ നമ്പറുകളും പരീക്ഷാവേളയിൽ ഇവർക്കെത്തിയ മൊബൈൽ സന്ദേശങ്ങളുടെ എണ്ണവും അവയുടെ ശൈലിയും ചെയർമാൻ അന്വേഷണം ആരംഭിക്കുന്നതിന് മുമ്പേ പുറത്തുവിട്ടു. പത്രസമ്മേളനം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് കൂട്ടുപ്രതികൾ ഒളിവിൽ പോകുന്നത്.
തങ്ങളുടെ മൊബൈൽ സന്ദേശങ്ങൾ വരെ പി.എസ്.സി കണ്ടെത്തിയെന്ന് മനസ്സിലാക്കിയ ഇവർ നിർണായക തെളിവായ മൊബൈൽഫോണും സിം കാർഡുകളും സ്മാർട്ട് വാച്ചും ബ്ലൂടൂത്തുമെല്ലാം മൂന്നാറിലെ ഒളിസങ്കേതത്തിലേക്ക് പോകുന്ന വഴിയിൽ തന്നെ പലയിടങ്ങളിലായി നശിപ്പിച്ചു. ഇതോടെ കേസിൽ നിർണായകമാകേണ്ട ശാസ്ത്രീയ തെളിവുകളാണ് അന്വേഷണസംഘത്തിന് നഷ്ടമായത്.
യൂനിഫോം തീറെഴുതാനും നീക്കം
ഏതു വിധേനയും ഇടത് അനുഭാവികളായ ചെറുപ്പക്കാരെ പൊലീസ് സേനയിലേക്ക് കയറ്റാൻ പതിനെട്ടടവും പൊലീസ് അസോസിയേഷൻ നേതാക്കൾ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നടത്തിയിട്ടുണ്ട്. ഇതിന് ചില പി.എസ്.സി അംഗങ്ങളുടെ ഒത്താശയും ഉണ്ടായിരുന്നുവെന്നതിന് തെളിവാണ് യൂനിഫോം തസ്തികകളിലേക്കുള്ള കായികക്ഷമത പരീക്ഷകൾ പൊലീസിന് കൈമാറാനുള്ള നീക്കം. പൊലീസ് നൽകുന്ന കായികക്ഷമത ലിസ്റ്റ് അനുസരിച്ച് ഒ.എം.ആർ പരീക്ഷ നടത്തിയാൽ മതിയെന്നായിരുന്നു പ്രധാന നിർദേശം. ഇതേക്കുറിച്ച് പഠിക്കുന്നതിന് പി.എസ്.സി അംഗം ഡോ. കെ.പി. സജിലാൽ ചെയർമാനായി അഞ്ചംഗ ഉപസമിതിയെയും 2019 ജനുവരി 14 ന് ചെയർമാൻ എം.കെ. സക്കീർ നിയോഗിച്ചു.
എന്നാൽ, ഈ നീക്കത്തിനെതിരെ കമീഷനിലെ തന്നെ ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് കള്ളക്കളി പൊളിഞ്ഞത്. പി.എസ്.സിയെ പിൻ സീറ്റിലിരുത്തിക്കൊണ്ടുള്ള അഴിമതിയും സ്വജനപക്ഷപാതവും അനുവദിക്കില്ലെന്നും രാഷ്ട്രീയ റിക്രൂട്ട്മെൻറാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിന് പി.എസ്.സിയെ ഉപയോഗിക്കരുതെന്നും ചെയർമാെൻറ മുഖത്തു നോക്കി ഒരു അംഗത്തിന് തുറന്നടിക്കേണ്ടിവന്നു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.