കാലിക്കറ്റിന് പുതിയ വി.സി നീണ്ട കാത്തിരിപ്പിനൊടുവിൽ
text_fieldsകോഴിക്കോട്: എട്ടു മാസത്തെ കാത്തിരിപ്പിനും രണ്ടു മാസത്തെ രാഷ്ട്രീയ ഉദ്വേഗനീക്കങ്ങൾക്കും ശേഷമാണ് കാലിക്കറ്റ് സർവകലാശാലക്ക് പുതിയ വൈസ്ചാൻസലറെ കിട്ടുന്നത്. പാർട്ടിയും ഉന്നത വിദ്യാഭ്യാസ വകുപ്പും മനസ്സിൽ കണ്ടിരുന്ന ഡോ. കെ.എം. സീതിയെ നിയമിക്കാനാവാത്തതിെൻറ സങ്കടം ബാക്കിയുണ്ടെങ്കിലും എം.കെ. ജയരാജ് െവെസ് ചാൻസലർ പദവിയിലെത്തുമ്പോൾ സി.പി.എമ്മിനും ഇടതുപക്ഷ സിൻഡിക്കേറ്റിനും ആശ്വാസ നിമിഷംകൂടിയാണിത്.
മേയ് 19ന് ഗവർണർക്ക് പട്ടിക നൽകിയെങ്കിലും നിയമനം വൈകിയതോടെ സീതിയുടെ പ്രായപരിധി അവസാനിക്കുകയായിരുന്നു. ശ്രീകാര്യത്തെ കിഴങ്ങുവർഗ ഗവേഷണ കേന്ദ്രത്തിലെ ഡോ. സി.എ. ജയപ്രകാശിനെ വി.സിയാക്കാൻ ബി.ജെ.പി രംഗത്തുണ്ടായിരുന്നെങ്കിലും ഗവർണർ സമ്മർദത്തിന് വഴങ്ങാത്തതും പാർട്ടിക്ക് ആശ്വാസമായി. യു.ഡി.എഫ് ഭരണകാലത്ത് നിയമിച്ച ഡോ. കെ. മുഹമ്മദ് ബഷീറിെൻറ കാലാവധി കഴിഞ്ഞ വർഷം നവംബർ 20ന് അവസാനിച്ചിട്ടും പലകാരണത്താൽ പുതിയ വി.സി നിയമനം നീളുകയായിരുന്നു. മുഹമ്മദ് ബഷീർ വിരമിക്കുന്നതിന് മാസങ്ങൾക്കുമുമ്പുതന്നെ പുതിയ നിയമനത്തിനുള്ള സെർച് കമ്മിറ്റിയെ നിയമിച്ചിരുന്നു. സർക്കാർ പ്രതിനിധിയായി ചീഫ് സെക്രട്ടറി ടോം ജോസും സെനറ്റ് പ്രതിനിധിയായി സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി. രാമചന്ദ്രനും സമിതിയിലുണ്ടായിരുന്നു. യു.ജി.സി പ്രതിനിധിയായെത്തിയത് ഡൽഹി ജവഹർലാൽ നെഹ്റു (ജെ.എൻ.യു) സർവകലാശാല വി.സി പ്രഫ. ജഗദീഷ് കുമാറായിരുന്നു.
എന്നാൽ, നവംബർ 12ന് െസർച് കമ്മിറ്റിക്ക് അന്തിമയോഗവും ഇൻറർവ്യൂവും നടത്താനായിരുന്നില്ല. ജെ.എൻ.യു വി.സി ജഗദീഷ് കുമാറിന് വിദ്യാർഥി പ്രക്ഷോഭം കാരണം ഡൽഹിയിൽനിന്ന് കേരളത്തിലെത്താൻ കഴിയാതിരുന്നതോടെയാണ് യോഗം മുടങ്ങിയത്. അപ്പോഴേക്കും പഴയ വി.സിയുെട കാലാവധി പൂർത്തിയായി. ഭരണസ്തംഭനമുണ്ടാകാതിരിക്കാൻ മലയാളം സർവകലാശാല വി.സി ഡോ. അനിൽ വള്ളത്തോളിന് വി.സിയുെട ചുമതല നൽകി. ഇതോടെ വി.സി നിയമന നടപടിക്രമങ്ങൾ വീണ്ടും ഒന്നിൽനിന്ന് തുടങ്ങുകയായിരുന്നു. പഴയ സെർച് കമ്മിറ്റിയെതന്നെ വീണ്ടും നിയമിച്ചു. അതിനിടെയാണ് ലോക്ഡൗൺ വില്ലനായത്. പ്രഫ. ജഗദീഷ് കുമാറിന് ഡൽഹിയിൽനിന്ന് തിരുവനന്തപുരത്ത് എത്താൻ കഴിയാതിരുന്നതോടെ വിഡിയോ കോൺഫറൻസ് വഴി ഇൻറർവ്യൂ നടത്തുകയായിരുന്നു.
ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ പാർട്ടിയുടെയും സർക്കാറിെൻറയും ഇഷ്ടക്കാരെ ചാൻസലർകൂടിയായ ഗവർണർ വെട്ടിയത് സി.പി.എമ്മിന് ചങ്കിടിപ്പുണ്ടാക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ ഉടക്കിയ ഗവർണറുമായി പിന്നീട് വെടിനിർത്തലുണ്ടായതിനാൽ കാലിക്കറ്റ് വി.സി നിയമനം വൈകിപ്പിച്ചെങ്കിലും എതിരായി ഇടപെട്ടില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.