അരമണിക്കൂര്‍ സമയം അനുവദിച്ചിരുന്നെങ്കില്‍ മാതാപിതാക്കളെ നഷ്ടപ്പെടില്ലായിരുന്നുവെന്ന് രഞ്ജിത്
text_fieldsനെയ്യാറ്റിന്‍കര: ഭക്ഷണം കഴിക്കാനുള്ള സമയം അനുവദിച്ചിരുന്നെങ്കില്‍ അഛനും അമ്മക്കും ഈ ഗതിവരില്ലായിരുന്നുവെന്നാണ് രാഹുലും രഞ്ജിത്തും കണ്ടവരോടെല്ലാം പറയുന്നത്. വീട് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരോട് നെയ്യാറ്റിൻകരയിലെ രാജന്‍ പറഞ്ഞത് 'സാറേ എനിക്ക് ഭക്ഷണം കഴിക്കാനുള്ള സമയം തരണം, ഞാന്‍ ഭക്ഷണം കഴിച്ചിട്ടിച്ച് മാറിത്തരാം' എന്നായിരുന്നു. ഇത് കേൾക്കാതെ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ കോളറില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചതോടെയാണ് രാജന്‍ നിയന്ത്രണം നഷ്ടപ്പെട്ടപോലെ പ്രവർത്തിച്ചത്.
ബൈക്കില്‍ ഒഴിക്കുന്നതിനായി വാങ്ങി വെച്ചിരുന്ന പെട്രോൾ രാജനും ഭാര്യ അമ്പിളിയും ശരീരത്തിലൊഴിച്ച് ഭീഷണി മുഴക്കുകയായിരുന്നു. 'സാറെ വീട്ടിനുള്ളില്‍ കയറരുത് കയറിയാല്‍ ഞാങ്ങള്‍ തീ കൊളുത്തി മരിക്കും' -അവർ നിലവിളിക്കുകയായിരുന്നു. ഈ വാക്ക് കേൾക്കാതെ ലൈറ്റര്‍ തട്ടിമാറ്റാന്‍ ഗ്രേഡ് എസ്.ഐ. അനില്‍ ശ്രമിച്ചതോടെ ശരീരത്തില്‍ തീ പടരുകയായിരുന്നു. ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ വന്ന വാഹനത്തിലാണ് പൊള്ളലേറ്റ് കിടന്ന ഇരുവരെയും നെയ്യാറ്റിന്‍കര ആശുപത്രിയിലെത്തിച്ചത്.
അരമണിക്കൂറിനുള്ളില്‍ തങ്ങള്‍ക്ക് അനുകൂല വിധിയെത്തുമെന്ന പ്രതീക്ഷ രാജനുണ്ടായിരുന്നു. എന്‍റെ അച്ചന്‍ പറഞ്ഞ അരമണിക്കൂര്‍ സമയം അനുവദിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് കുടുംബം നഷ്ടപ്പെടില്ലായിരുന്നുവെന്ന് രഞ്ജിത് നിറ കണ്ണുകളോടെ വിവരിക്കുന്നത് കണ്ട് നിന്നവരെയും കണ്ണീരിലാഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.