ആ തർക്ക ഭൂമി വാങ്ങി ബോബി ചെമ്മണ്ണൂർ; വിലകൊടുത്തു വാങ്ങിയ സ്ഥലം വേണ്ടെന്ന് രാജന്‍റെ മക്കൾ
text_fieldsനെയ്യാറ്റിൻകര: തലചായ്ക്കാനിടം തേടിയുള്ള പോരാട്ടത്തിനിടെ കത്തിത്തീർന്ന അച്ഛനും അമ്മയും അന്തിയുറങ്ങുന്ന മൂന്ന് സെന്‍റ് മണ്ണ് മക്കൾക്ക് വേണ്ടി വിലകൊടുത്തുവാങ്ങി ബോബി ചെമ്മണ്ണൂർ. ഹൃദയം നുറുങ്ങുന്ന വേദനയോടെ കേരളം ഏറ്റെടുത്ത രാജന്‍റെയും അമ്പിളിയുടെയും മക്കളായ രഞ്ജിത്തിനും രാഹുലിനും വേണ്ടിയാണ് സ്ഥലം വില കൊടുത്തുവാങ്ങിയത്. അതേസമയം, ബോബിയുടെ സൻമനസ്സിന് നന്ദിയുണ്ടെന്നും എന്നാൽ അേദ്ദഹത്തിൽനിന്ന് ഭൂമി വാങ്ങാൻ താൽപര്യമില്ലെന്നും രഞ്ജിത്തും രാഹുലും പറഞ്ഞു. ''നിയമവ്യവഹാരത്തിലുള്ള ഭൂമി സർക്കാർ ഇടപെട്ടാണ് വാങ്ങിത്തരേണ്ടത്. തര്‍ക്കത്തിലുള്ള ഭൂമി വിലകൊടുത്തു വാങ്ങേണ്ടതല്ല. അത് ഞങ്ങൾക്ക് അവകാശപ്പെട്ടതാണ്. അത് നിയമവ്യവഹാരത്തിലൂടെ തന്നെ സാധ്യമാക്കണം'' -മക്കൾ പറഞ്ഞു.
മരണവാർത്തക്കുപിന്നാലെ സർക്കാറും യൂത്ത് കോൺഗ്രസും മലപ്പുറത്തെ മാനുവും അടക്കം നിരവധി പേർ സഹായ വാഗ്ദാനവുമായി രംഗത്തുവന്നിരുന്നുവെങ്കിലും 'ഞങ്ങളുടെ അമ്മയും അച്ഛനും ഉറങ്ങുന്ന ആ മണ്ണ് ഞങ്ങൾക്ക് വേണം. ഇവിടെ തന്നെ ഞങ്ങൾക്ക് വീട് വച്ചുതന്നാൽ മതി. ഈ മണ്ണ് വിട്ട് ഞങ്ങൾ എങ്ങോട്ടുമില്ല..' എന്നായിരുന്നു രഞ്ജിത്തും രാഹുലും പറഞ്ഞത്. ഇതേതുടർന്നാണ് ഭൂമിയുടെ പേരിൽ അവകാശവാദം ഉന്നയിച്ച വസന്തയിൽനിന്ന് വിലകൊടുത്തു വാങ്ങി വ്യവസായ പ്രമുഖന്‍ ബോബി ചെമ്മണൂർ കുട്ടികളുടെ പേരിൽ റജിസ്റ്റർ ചെയ്തത്.
തിരുവനന്തപുരം ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളുടെ നിർദേശപ്രകാരമാണ് ഭൂമി വാങ്ങിയതെന്ന് ബോബി ചെമ്മണ്ണൂർ മാധ്യമങ്ങളോട് പറഞ്ഞു. വിവരമറിഞ്ഞ ഉടൻ വെള്ളിയാഴ്ച തന്നെ തിരുവനന്തപുരത്ത് എത്തി സ്ഥല ഉടമ വസന്തയെ പോയി കണ്ടു. രേഖകളെല്ലാം തയാറാക്കി അവർ പറഞ്ഞ വിലയ്ക്ക് ആ ഭൂമി വാങ്ങി. കുട്ടികളുടെ പേരിൽ ഭൂമി റജിസ്റ്റർ ചെയ്തു. ആ സ്ഥലത്ത് വീട് പണി പൂർത്തിയാകുന്നത് വരെ കുട്ടികളെ തൃശൂർ ശോഭ സിറ്റിയിലെ തെന്റ വീട്ടിലേക്ക് കൊണ്ടുപോകാൻ തയാറാണെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.