ഗോപൻസ്വാമിയുടെ 'സമാധിസ്ഥലം' പൊളിക്കാൻ സമ്മതിക്കില്ലെന്ന് കുടുംബം; നാടകീയരംഗങ്ങൾ, കല്ലറ തൽക്കാലം തുറക്കില്ല
text_fieldsതിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ 'സമാധി'യിരുത്തിയ ഗോപന്‍സ്വാമിയുടെ മൃതദേഹം പുറത്തെടുക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബവും ഒരുവിഭാഗം നാട്ടുകാരും. ഗോപന്‍ സ്വാമിയുടെ ഭാര്യയും മക്കളും മരുമകളും സമാധിസ്ഥലത്ത് കിടന്ന് പ്രതിഷേധിച്ചു.
കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്ത് എത്തിയതിന് പിന്നാലെ നാടകീയ രംഗങ്ങളാണ് ഉച്ചയോടെ നടന്നത്. സമാധിയിടം പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനെത്തിയ പോലീസ് സംഘത്തെ കുടുംബാംഗങ്ങളും ഒരുവിഭാഗം നാട്ടുകാരും തടഞ്ഞു. ഇതോടെ ദുരൂഹ സമാധിസ്ഥലം തൽക്കാലം തുറക്കേണ്ടെന്നു തീരുമാനിച്ചു.
സമാധിയിടത്തിലെ ശില അഞ്ചുവര്‍ഷം മുമ്പേ മയിലാടിയില്‍നിന്ന് വിഗ്രഹങ്ങള്‍ക്കൊപ്പം അച്ഛന്‍ കൊണ്ടുവന്നതാണെന്ന് മകന്‍ പ്രതികരിച്ചു. അച്ഛന്‍ ഇന്നദിവസം സമാധിയാകുമെന്ന് അച്ഛന്‍ തന്നെ പറഞ്ഞിരുന്നു. സമാധിസ്ഥലം ഒരുകാരണവശാലം പൊളിക്കാന്‍ സമ്മതിക്കില്ല. ഹിന്ദു ആചാരങ്ങളെ വ്രണപ്പെടുത്തി ഒരുകാര്യവും ചെയ്യാനാകില്ലെന്നും മകന്‍ പറഞ്ഞു.
ജില്ലാ കലക്ടറുടെ അനുമതി ലഭിച്ചതോടെയാണ് ഗോപന്‍ സ്വാമിയുടെ കല്ലറ തുറന്നു പരിശോധിക്കാന്‍ പൊലീസ് എത്തിയത്. സബ് കലക്ടറുടെ സാന്നിധ്യത്തില്‍ കല്ലറ പൊളിച്ച് പരിശോധിക്കാനാണ് കലക്ടര്‍ അനുമതി നല്‍കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സേനയെയും സ്ഥലത്തെത്തിച്ചിരുന്നു.
കോൺക്രീറ്റ് കൊണ്ടു നിർമിച്ച സമാധിസ്ഥലം അളക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണു നെയ്യാറ്റിൻകര ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപൻ (മണിയൻ –69) മരിച്ചത്. ഇതിൽ ദുരൂഹത ആരോപിക്കപ്പെടുന്ന സാഹചര്യത്തിലായിരുന്നു പരിശോധന നടത്താൻ തീരുമാനിച്ചത്.
നിലവിലെ കുടുംബങ്ങളുടെ പ്രതിഷേധവും സംഘർഷാവസ്ഥയും കണക്കിലെടുത്ത് കല്ലറ തൽക്കാലം തുറക്കില്ലെന്നും കുടുംബത്തിന്റെ ഭാഗം കേൾക്കുമെന്നും സബ് കലക്ടർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.