സമാധി പൊളിക്കൽ: ഹിന്ദു ഐക്യവേദിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കുടുംബം; ‘ആചാരത്തെ വ്രണപ്പെടുത്തുന്നു, പൊളിക്കാൻ വന്നാൽ തടയും’
text_fieldsനെയ്യാറ്റിൻകര: നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമി(78)യുടെ കല്ലറ പൊളിക്കുന്നത് ഹിന്ദു ആചാരത്തെ വ്രണപ്പെടുത്തലാണെന്ന വാദത്തിൽ ഉറച്ചുനിന്ന് കുടുംബം. പൊലീസ് പൊളിക്കാൻ വന്നാൽ തടയുമെന്നും ഹിന്ദു ഐക്യവേദിയുമായി ചർച്ച ചെയ്ത് തീരുമാനമെടുത്ത് മുന്നോട്ടുപോകുമെന്നും ഗോപൻ സ്വാമിയുടെ മകൻ സനന്ദനൻ പറഞ്ഞു.
‘ഹിന്ദു ആചാരത്തെ വ്രണപ്പെടുത്തലാണ് ഇവിടെ നടക്കുന്നത്. അത് സമ്മതിക്കില്ല. പൊലീസ് പൊളിക്കാൻ വന്നാൽ തടയും. തീർച്ചയായിട്ടും അത് തെറ്റായ കാര്യമാണ്. ഹിന്ദു ഐക്യവേദിയുമായി ചർച്ച ചെയ്ത് തീരുമാനമെടുത്ത് മുന്നോട്ടുപോകും’ - സനന്ദനൻ പറഞ്ഞു. ഹിന്ദു ഐക്യവേദി സമ്മതിച്ചാൽ കല്ലറ പൊളിക്കാൻ അനുവദിക്കുമോ എന്ന ചോദ്യത്തിന് അവർ ഒരു തീരുമാനമെടുക്കട്ടെ, സമ്മതിക്കുന്ന കാര്യം പിന്നീട് പറയാം എന്നായിരുന്നു മറുപടി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമി മരിച്ചത്. മൃതദേഹം വീട്ടുകാർ ആരുമറിയാതെ രഹസ്യമായി സമീപത്തെ കല്ലറയിൽ സംസ്കരിക്കുകയും സമാധിയായതായി അവകാശപ്പെടുകയുമായിരുന്നു. കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് വരെ ആരോപണം ഉയർന്ന സംഭവത്തിൽ കല്ലറ പൊളിക്കുന്നത് സംബന്ധിച്ച് ജില്ല ഭരണകൂടം ഇന്ന് തീരുമാനമെടുക്കും.
ഇന്നലെ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാനുള്ള ശ്രമം ഭാര്യയും മക്കളും സംഘ്പരിവാർ ബന്ധമുള്ളവരും ചേർന്ന് തടഞ്ഞിരുന്നു. സമാധി പൊളിച്ചാൽ അതിന്റെ പവർ പോകുമെന്നും ഹിന്ദുവികാരം വ്രണപ്പെടുമെന്നും ഭാര്യയും മക്കളും പറഞ്ഞു. മൃതദേഹം ഡോക്ടർ പരിശോധിച്ചാൽ അത് കളങ്കപ്പെടുമെന്നതിനാലാണ് അനുവദിക്കാത്തതെന്നും ഇവർ പറഞ്ഞു.
സമാധി ചടങ്ങുകള്‍ ആരും കാണരുതെന്ന് പിതാവ് നിർദേശിച്ചിരുന്നതിനാലാണ് രഹസ്യമായി സംസ്കരിച്ചതെന്ന് മക്കൾ വാദിച്ചു. സംഭവത്തിൽ ചില സാമുദായിക സംഘടന നേതാക്കൾ കൂടി ഇടപെട്ടതോടെ പ്രദേശത്ത് ഇരു വിഭാഗങ്ങളായി ചേരിതിരിഞ്ഞ് വാക്കുതര്‍ക്കവും സംഘര്‍ഷവുമുടലെടുത്തു. സംഘർഷമൊഴിവാക്കാൻ കല്ലറ പൊളിക്കുന്നത് ഇന്നലെ താൽക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.
മരണ വിവരം സമീപവാസികളും ബന്ധുക്കളും അറിയുന്നത് സംസ്‌കാരം നടത്തിയശേഷം മക്കള്‍ പതിച്ച പോസ്റ്ററിലൂടെയായിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെ, കഴിഞ്ഞദിവസം നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു. അയല്‍വാസിയായ വിശ്വംഭരനാണ് പരാതി നല്‍കിയത്. പൊലീസ് റിപ്പോർട്ടിനെ തുടർന്ന് കലക്ടറാണ് സമാധി പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ നിർദേശിച്ചത്. ഉത്തരവ് നടപ്പാക്കാൻ സബ്കലക്ടർ ഒ.വി. ആൽഫ്രഡിന്‍റെ നേതൃത്വത്തിൽ വലിയ പൊലീസ് സന്നാഹം തിങ്കളാഴ്ച രാവിലെ സ്ഥലത്തെത്തി.
ഫോറന്‍സിക് സംഘമുള്‍പ്പെടെ വിദഗ്ധരെത്തി നടപടി തുടങ്ങിയതും പ്രതിഷേധവുമായി വീട്ടുകാർ രംഗത്തെത്തി. ഒപ്പം ചില സംഘടന പ്രവർത്തകരും പ്രതിഷേധവുമായെത്തി. ഇവരും പൊലീസുമായി വലിയ വാക്കേറ്റമായി. ബഹളത്തിനിടെ, മതസ്പര്‍ധ സൃഷ്ടിക്കുന്ന ചില ആരോപണങ്ങള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തിയതോടെ ചേരിതിരിഞ്ഞ് സംഘര്‍ഷമായി. പൊലീസ് ഇരുവിഭാഗത്തെയും നീക്കിയതോടെയാണ് പ്രശ്‌നത്തിന് താൽക്കാലിക ശമനമുണ്ടായത്. ഗോപൻ സ്വാമിയുടെ മക്കളുമായി പൊലീസ് പലവട്ടം സംസാരിച്ചെങ്കിലും വഴങ്ങാൻ അവർ തയാറായില്ല. കല്ലറ പൊളിക്കാൻ ഒരുതരത്തിലും അനുവദിക്കില്ലെന്ന നിലപാട് തുടരുകയായിരുന്നു.
ഒടുവിൽ, സമാധിക്ക് സമീപം കാവൽ ഏര്‍പ്പെടുത്തി പൊലീസ് തൽക്കാലത്തേക്ക് പിൻവാങ്ങുകയായിരുന്നു. കലക്ടറുടെ ഉത്തരവ് പ്രകാരമാകും തുടര്‍നടപടികൾ. സമാധിസ്ഥലം പൊളിക്കുന്ന നടപടികൾ സംബന്ധിച്ച് സ്വാമിയുടെ മക്കള്‍ക്ക് നോട്ടീസും നല്‍കി. അയല്‍വാസികള്‍പോലും കാണാതെയാണ് ഗോപന്‍ സ്വാമിയുടെ മൃതദേഹം മക്കള്‍ നേരത്തേ തയാറാക്കിയ സമാധിപീഠത്തില്‍ ഇരുത്തി സ്ലാബിട്ട് മൂടിയത്. ഇന്ന് ഭരണകൂടത്തിന്റെ തീരുമാനത്തിനനുസരിച്ചാകും തുടർനടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.