എന്‍.എച്ച് 66: പരാതികൾ പരിശോധിക്കാന്‍ സംസ്ഥാന തലത്തില്‍ യോഗം നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
text_fieldsഎന്‍.എച്ച് 66-മായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിശോധിക്കാന്‍ സംസ്ഥാന തലത്തില്‍ യോഗം വിളിച്ചുചേര്‍ക്കുമെന്ന് പൊതുമരാമത്ത്, ടൂറിസവും വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ-യുടെ സബ്മിഷന് മറുപടി നൽകികൊണ്ട് നിയമസഭയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വേങ്ങേരി,കോട്ടൂളി, പാച്ചാക്കില്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളാണ് എം.എല്‍.എ സബ്മിഷനിലൂടെ ഉന്നയിച്ചത്.
മറുപടി പൂർണരൂപത്തിൽ
ആ പ്രദേശത്തുകാരന്‍ എന്ന നിലയില്‍ നേരിട്ട് അറിയാവുന്നതും നിരവധി തവണ ഇടപെട്ടതുമാണ് ഈ വിഷയങ്ങള്‍ . ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം വേങ്ങേരി ജംഗ്ഷനിലാണ്. ബാലുശ്ശേരിയില്‍ നിന്നുള്ള സംസ്ഥാന പാത ,ദേശീയപാത 66-മായി സംഗമിക്കുന്ന സ്ഥലമാണ് വേങ്ങേരി ജംഗ്ഷന്‍. ഇവിടെ ഒരു ഓവര്‍പാസാണ് ദേശീയപാത അതോറിറ്റി നിര്‍മ്മിക്കേണ്ടത്. ഇതുമൂലം അവിടെ Cross Movement ഒരുവര്‍ഷത്തോളമായി തടസ്സപ്പെട്ട് കിടക്കുകയാണ്.വലത് ഭാഗത്തെ ഓവര്‍പാസിന്റെ നിര്‍മ്മാണം ജനുവരിയില്‍ പൂര്‍ത്തീകരിച്ചു. എന്നാല്‍ ഇടത് ഭാഗത്ത് വാട്ടര്‍ അതോറിറ്റി യൂട്ടിലിറ്റി ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട് പ്രവൃത്തി ആരംഭിക്കാന്‍ തടസ്സമുണ്ടായി. അന്ന് ആ വിഷയത്തിലും പ്രശ്ന പരിഹാരത്തിനായി ഇടപെടുകയും തുടര്‍ന്ന് പ്രവൃത്തി ആരംഭിക്കുയും ചെയ്തു. യൂട്ടിലിറ്റി ഷിഫ്റ്റിംഗും ഓവര്‍പാസ് നിര്‍മ്മാണവും നിലവില്‍ ആരംഭിച്ചിട്ടുണ്ട്. മഴ കാരണം ചില തടസ്സങ്ങള്‍ നേരിടുന്നു എന്നാണ് മനസ്സിലാക്കുന്നത്.ജനങ്ങളുടെ ദുരിതം അവസാനിക്കണമെങ്കില്‍ ഓവര്‍ പാസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ സെപ്റ്റംബര്‍ ഓവര്‍പാസിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാകും എന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചിരിക്കുന്നത്.
കോട്ടൂളിയിലും പാച്ചാക്കിലും വെള്ളക്കെട്ടാണ് പ്രധാന പ്രശ്നമായി ഉയര്‍ന്ന് വന്നിരിക്കുന്നത് . അത് പരിഹരിക്കാനും അന്ന് തന്നെ ദേശീയപാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വെള്ളത്തിന്റെ ഒഴുക്ക് തടസ്സപെടുത്തുന്ന രീതിയില്‍ മാലിന്യങ്ങള്‍ അടക്കം നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാച്ചാക്കില്‍ ഭാഗത്ത് റോഡിന്റെ ഇടത് ഭാഗത്തുനിന്നും വലത് ഭാഗത്തേക്ക് ഒഴുക്ക് സുഗമമാക്കാന്‍ ദേശീയപാതക്ക് കുറുകെ Balancing Culvert-കള്‍ നല്‍കിയിട്ടുണ്ട് എന്ന് NHAI അറിയിക്കുന്നു. മലാപ്പറമ്പ് മുതല്‍ തൊണ്ടയാട് വരെ ദേശീയപാത 66-ല്‍ ഇത്തരം 8 കള്‍വര്‍ട്ടുകള്‍ ഉണ്ട്. അതില്‍ 2 എണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 6 എണ്ണത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു എന്നും ദേശീയപാത അതോറിറ്റി അറിയിക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കോഴിക്കോട് ജില്ലാ വികസന യോഗത്തില്‍ ഇതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചക്ക് വന്നതാണ്. നിര്‍മ്മാണ സമയത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നോഡല്‍ ഓഫീസറായി ഡെപ്യൂട്ടി കലക്ടറെ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അവലോകനയോഗം സംസ്ഥാന അടിസ്ഥാനത്തില്‍ ഉടന്‍ ചേരുന്നുണ്ട്. ആ അവലോകന യോഗത്തില്‍ ഈ പ്രശ്നവും പ്രത്യേകമായി തന്നെ ഫോളോ അപ്പ് ചെയ്യാം.
ഇക്കഴിഞ്ഞ ദിവസം അരൂര്‍ അംഗം അരൂര്‍ -തുറവൂര്‍ എന്‍.എച്ച് 66-മായി ബന്ധപ്പെട്ട് ഒരു വിഷയം ഉന്നയിച്ചിരുന്നു.അതിലെ ഒരു ചിത്രം, കെ.എസ്.ആര്‍.ടി.സി ബസ് ഒരു കുഴിയില്‍ വീഴുന്ന ചിത്രം,ഇന്ന് കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഒരു ദേശീയ നേതാവ് കേരളത്തിലെ റോഡുകളിതാ എന്ന് പറഞ്ഞുകൊണ്ട് പരിഹസിച്ചുകൊണ്ട് നല്‍കുന്ന സ്ഥിതി ഉണ്ടായിരുന്നു.പൊതുവെ പൊതുമരാമത്തുമായി ഒരു ബന്ധവുമില്ലാത്ത റോഡുകളും പൊതുമരാമത്ത് വകുപ്പിന്റേതാണ് എന്ന് വരുത്തിത്തീര്‍ത്ത് ദൃശ്യ-അച്ചടി മാധ്യമങ്ങള്‍, ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കുന്ന ഒരു സ്ഥിതി പൊതുവേ ഉണ്ട്. സ്മാര്‍ട്ട് സിറ്റി റോഡുമായി ബന്ധപ്പെട്ടും ഇതുപോലെ ഒരു വാര്‍ത്ത വന്നിരുന്നു സര്‍. ഗതാഗതയോഗ്യമാക്കും എന്ന ഉറപ്പാണ് സര്‍ക്കാര്‍ നല്‍കിയത്.ഗതാഗതയോഗ്യമാക്കി എന്നാല്‍,ഗതാഗത യോഗ്യമാക്കല്‍ മാത്രമല്ല സ്മാര്‍ട്ട് സിറ്റി റോഡില്‍. കള്‍വര്‍ട്ട് വേണം ഡക്ട് വേണം മറ്റ് പലതും വേണം. അതിന്റെ പ്രവൃത്തി നടക്കുമ്പോള്‍ പറഞ്ഞ വാക്ക് പാലിച്ചില്ല എന്ന നിലയില്‍ വാര്‍ത്ത കൊടുക്കുന്ന സ്ഥിതിയാണുള്ളത്. ഗതാഗതയോഗ്യമാക്കി പറഞ്ഞ വാക്ക് പാലിച്ചു മുന്നോട്ടുപോയിട്ടും ഇങ്ങനെ തെറ്റിദ്ധാരണ പരത്തുന്ന നിലയാണ് സ്വീകരിക്കുന്നത് സര്‍, ഇത് നമ്മുടെ നാടിന് എത്രത്തോളം ഗുണകരമാണ് എന്നുള്ളത് ചര്‍ച്ച ചെയ്യപ്പെടണം.എന്‍.എച്ച് 66-മായി ബന്ധപ്പെട്ട ഇതുപോലുള്ള എല്ലാ വിഷയങ്ങളും പരിശോധിക്കാന്‍ സംസ്ഥാന തലത്തില്‍ ഒരു യോഗം വിളിച്ചുചേര്‍ക്കും എന്നുള്ളത് ഈ സഭയെ അറിയിക്കാന്‍ ആഗ്രഹിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.