ബന്ദിപ്പൂർ വനപാതയിലെ രാത്രിയാത്ര നിരോധനം നീക്കില്ലെന്ന് യെദിയൂരപ്പ
text_fieldsബംഗളൂരു: ദേശീയപാത 766ലെ ബന്ദിപ്പൂർ വനപാതയിലൂടെയുള്ള രാത്രിയാത്ര നിരോധനം നീക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ബന്ദിപ്പൂർ വനപാതയിലൂടെ രാത്രി വാഹനങ്ങൾ അനുവദിക്കരുതെന്ന് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നതെന്നും കോടതി വിധിക്ക് വിരുദ്ധമായി സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാനില്ലെന്നും യെദിയൂരപ്പ വ്യക്തമാക്കി. രാത്രിയാത്ര നിരോധനം തുടരണമെന്നും മുഴുവൻ സമയവും പാത അടക്കണമെന്നതാണ് തങ്ങളുടെ നിലപാടെന്നും വ്യക്തമാക്കി കഴിഞ്ഞദിവസം കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണനും പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിട്ടുവീഴ്ചക്കില്ലെന്നാവർത്തിച്ച് യെദിയൂരപ്പ രംഗത്തെത്തിയത്.
രാത്രികാല നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ടും മുഴുവൻ സമയവും പാത അടക്കാനുള്ള നീക്കത്തിനെതിരെയും വയനാട്ടിൽ സമരം ശക്തമായതിനിടെയാണ് കർണാടക നിലപാട് കടുപ്പിച്ചിരിക്കുന്നത്. രാത്രിയാത്ര നിരോധനം മൂലമുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ മേൽപാല ഇടനാഴി നിർമിക്കണമെന്ന നിർദേശത്തെയും അംഗീകരിക്കില്ലെന്നും യെദിയൂരപ്പ പറഞ്ഞു. മേൽപാല ഇടനാഴി നിർമിക്കുന്നത് പരിസ്ഥിതിക്ക് കനത്ത ആഘാതമുണ്ടാക്കും. രാത്രിയാത്ര നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിനെക്കുറിച്ച് രാഹുൽ ഗാന്ധിക്കും അറിവുള്ളതാണെന്നാണ് താൻ കരുതുന്നതെന്നും നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സമരങ്ങൾക്ക് പിന്തുണനൽകിക്കൊണ്ട് വയനാട് എം.പി രാഹുൽ ഗാന്ധി രംഗത്തുവന്നതിനെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ബന്ദിപ്പൂർ സമരം: സർക്കാർ ജനങ്ങൾക്കൊപ്പം -ഗതാഗതമന്ത്രി
തിരുവനന്തപുരം: ബന്ദിപ്പൂരിലെ യാത്ര നിരോധനവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സർക്കാർ ജനങ്ങൾക്കൊപ്പമാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. കേന്ദ്രസർക്കാറും കർണാടക സർക്കാറും യാഥാർഥ്യം ഉൾക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രപരിസ്ഥിതി മന്ത്രാലയും കർണാടക പരിസ്ഥിതി മന്ത്രാലയവും യാഥാർഥ്യം ഉൾക്കൊണ്ട് മുന്നോട്ട് പോയാൽ ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാൻ സാധിക്കും. യാത്രക്കായി നിർദേശിക്കപ്പെട്ട ബദൽപാതയും വനത്തിലൂടെയാണ്. രാജ്യത്ത് പലയിടത്തും വനത്തിലൂടെ പാതകളുണ്ടെന്ന കാര്യവും ശശീന്ദ്രൻ ഓർമിപ്പിച്ചു.
കോഴിക്കോടുനിന്ന് വയനാട് വഴി കർണാടകയിലെ മൈസൂരു കടന്ന് കൊെല്ലഗലിൽ എത്തുന്നതാണ് ദേശീയപാത 766. ദൂരം 272 കി.മീറ്റർ. കേരളത്തിൽ 117 കി.മീറ്ററും കർണാടകയിൽ 155 കി.മീറ്ററും. ഇൗ റോഡിൽ രാത്രിയാത്ര നിരോധനം നിലവിലുണ്ട്. പകൽ നേരവും വാഹനങ്ങൾ നിരോധിക്കുന്നത് സംബന്ധിച്ച് സംസ്ഥാന, കേന്ദ്ര സർക്കാറുകൾ ഉൾപ്പെടെ കേസിലെ കക്ഷികളോട് സുപ്രീംകോടതി അഭിപ്രായം ആരാഞ്ഞതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് കാരണം.
ദേശീയപാത യാത്രാ നിരോധനം; ധർണ നടത്തി
ഗൂഡല്ലൂർ: ദേശീയപാത 766 ലെ യാത്രാനിരോധന നീക്കത്തിനെതിരെ വയനാട്ടിലെ സമരത്തിന് പിന്തുണയുമായി വിടുതലൈ ശിരുതൈകൾ കക്ഷി തമിഴ്നാട് -കേരള അതിർത്തിയായ താളൂരിൽ ധർണ നടത്തി. കർണാടക സ്വദേശികളായ ധാരാളം തൊഴിലാളികൾ പണിയെടുക്കുന്ന മേഖലയാണ് പന്തല്ലൂർ താലൂക്കിലെ ചേരമ്പാടി, എരുമാട് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ. ഇവരെല്ലാം സുൽത്താൻ ബത്തേരി മുത്തങ്ങ വഴിയാണ് ഗുണ്ടൽപേട്ടിലെത്തുന്നത്. ദേശീയപാത 766ലെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് യാത്രാ ദുരിതമാണ് സൃഷ്ടിക്കുക. വ്യാപാരം, പഠനം, ചികിത്സ എന്നിവക്കായി പോവുന്നവർക്ക് എളുപ്പമാർഗമാണ് മുത്തങ്ങ വഴി. ബദൽമാർഗം ൈദർഘ്യമേറിയതും ചെലവേറിയതുമാണ്. അതിനാൽ ജനങ്ങളുടെ യാത്രാദുരിതത്തെക്കുറിച്ച് കോടതിയെ ബോധ്യപ്പെടുത്താൻ നടപടിയെടുക്കണം. ജില്ല സെക്രട്ടറി സഹദേവൻ അധ്യക്ഷത വഹിച്ചു. നീലഗിരി പാർലമെൻറ് സെക്രട്ടറി രാജേന്ദ്രപ്രഭു നേതൃത്വം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.