പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ രാജ്യവ്യാപക റെയ്ഡ്; നേതാക്കൾ റിമാൻഡിൽ -VIDEO
text_fieldsന്യൂഡൽഹി/കൊച്ചി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളെ ലക്ഷ്യമിട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെ കേരളത്തിൽ 19 പേർ അറസ്റ്റിൽ. കേരളത്തിനു പുറമെ 14 സംസ്ഥാനങ്ങളിൽ എൻ.ഐ.എയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും (ഇ.ഡി) നടത്തിയ പരിശോധനയിൽ 106 പേർ പിടിയിലായി. റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു. രാജ്യത്ത് ഭീകരപ്രവർത്തനത്തിന് പിന്തുണ നൽകുന്നുവെന്നാരോപിച്ചാണ് കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ബിഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, പശ്ചിമബംഗാൾ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ വ്യാഴാഴ്ച പുലർച്ചെ റെയ്ഡും അറസ്റ്റും നടന്നത്.
വ്യാഴാഴ്ച പുലർച്ച നാലിന് കേരളത്തിൽ ദേശീയ-സംസ്ഥാന നേതാക്കളുടെ വീടുകളിലും പാർട്ടി ഓഫിസുകളിലും തുടങ്ങിയ പരിശോധനക്ക് പിന്നാലെയാണ് നേതാക്കളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. എൻ.ഐ.എയുടെ കൊച്ചി ഓഫിസിൽ രജിസ്റ്റർ ചെയ്ത കേസിൽ നജ്മുദ്ദീൻ, ടി.എസ്. സൈനുദ്ദീൻ, യഹ്യ കോയ തങ്ങൾ, കുഞ്ഞാപ്പു എന്ന കെ. മുഹമ്മദലി, സി.ടി. സുലൈമാൻ, പി.കെ. ഉസ്മാൻ, കരമന അശ്റഫ് മൗലവി, സാദിഖ് അഹ്മദ്, ഷിഹാസ്, പി. അൻസാരി, എം.എം. മുജീബ് എന്നീ 11 പേരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിതന്നെ കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയ ഇവരിൽ 10 പേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻ.ഐ.എ നൽകിയ അപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.
ദേശീയ പ്രസിഡൻറ് ഒ.എം.എ. സലാം, വൈസ് പ്രസിഡന്‍റ് ഇ.എം. അബ്ദുറഹ്മാൻ, സെക്രട്ടറി നസറുദ്ദീൻ എളമരം, സംസ്ഥാന പ്രസിഡന്‍റ് മുഹമ്മദ് ബഷീർ, കെ.പി. ജസീർ, കെ.പി. ഷഫീഖ്, ഇ. അബൂബക്കർ, പ്രഫ. പി. കോയ എന്നിവരെ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പട്യാല കോടതിയിൽ ഹാജരാക്കാൻ വൈകീട്ടോടെ ഡൽഹിയിലേക്ക് കൊണ്ടുപോയി.
സംസ്ഥാനത്തെ പോപുലർ ഫ്രണ്ട് ഓഫിസുകളും നേതാക്കളുടെ വീടുകളുമടക്കം 70ഓളം കേന്ദ്രങ്ങളിലാണ് പുലർച്ച മുതൽ റെയ്ഡ് നടന്നത്. രാജ്യവ്യാപകമായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റുമായി ചേർന്നാണ് എൻ.ഐ.എ വ്യാപക പരിശോധന നടത്തിയത്. പലയിടങ്ങളിലും കേന്ദ്രസേനയുടെ സഹായത്തോടെയായിരുന്നു മിന്നൽ പരിശോധന. പോപുലർ ഫ്രണ്ട് നേതാക്കളും പ്രവർത്തകരും തീവ്രവാദ പ്രവർത്തനത്തിന് പണമിറക്കിയെന്നും ആയുധ പരിശീലനം നടത്തിയെന്നും നിരോധിത സംഘടനകളിൽ ചേരുന്നതിന് ആളുകളെ തീവ്രവാദിയാക്കിയെന്നുമാണ് എൻ.ഐ.എ പുറത്തിറക്കിയ പത്രക്കുറിപ്പിലെ ആരോപണം. കൂടാതെ, പ്രഫസറുടെ കൈവെട്ടിയ കേസ്, മറ്റ് മതങ്ങളിലെ സംഘടനയിലുള്ളവരെ കൊലപ്പെടുത്തൽ, പ്രമുഖ വ്യക്തികളെയും സ്ഥലങ്ങളെയും ലക്ഷ്യമാക്കി സ്ഫോടക വസ്തുക്കൾ ശേഖരിക്കൽ, ഐ.എസിന് പിന്തുണ നൽകൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ പോപുലർ ഫ്രണ്ടുമായി ബന്ധമുള്ളവർ ഏർപ്പെട്ടതായും ആരോപിക്കുന്നു. പരിശോധനയിൽ രേഖകളും ആയുധങ്ങളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തതായി എൻ.ഐ.എ പറയുന്നു. യു.എ.പി.എയിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.