കടല്‍ക്കൊല: നാവികരെ എൻ.ഐ.എ കോടതിക്കു വിടണമെന്ന് ഉമ്മന്‍ ചാണ്ടി
text_fieldsകടല്‍ക്കൊലക്കേസില്‍ എൻ.ഐ.എ നടത്തുന്ന അന്വേഷണം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നൽകിയ അപേക്ഷയെ ശക്തമായി എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. മലയാളികളായ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ എൻ.ഐ.എ കോടതിയില്‍ വിചാരണ നേരിടാനുള്ള അടിയന്തര നടപടി സര്‍ക്കാര്‍ സ്വീകരിക്കണം.
എൻ.ഐ.എ കോടതിയില്‍ നാവികര്‍ വിചാരണ നേരിടണമെന്നും കടല്‍ക്കൊല കേസില്‍ എല്ലാ നിയമവിരുദ്ധ നടപടികള്‍ക്കുമെതിരേ കേസെടുക്കാന്‍ ഇന്ത്യക്ക് അധികാരമുണ്ടെന്നുമാണ് നേരത്തെ സുപ്രീംകോടതി വിധിച്ചത്. എന്നാല്‍, പ്രതികള്‍ ഇറ്റാലിയന്‍ നാവികസേനയുടെ ഭാഗമാണെന്നും അവരെ ഇറ്റാലിയന്‍ സര്‍ക്കാരാണ് കപ്പലിെൻറ സുരക്ഷയ്ക്ക് നിയോഗിച്ചതെന്നും അതിനാല്‍ അവരെ ഇന്ത്യയില്‍ വിചാരണ ചെയ്യാന്‍ പാടില്ലെന്നുമാണ് ട്രൈബ്യൂണലിെൻറ വിധി. ഇത് അംഗീകരിച്ചുകൊണ്ടാണ് കടല്‍ക്കൊലയുമായി ബന്ധപ്പെട്ട കേസുകള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
ഇറ്റലിയുടെ വാദങ്ങളെല്ലാം നേരത്തെ തള്ളിക്കളഞ്ഞ സുപ്രീംകോടതിയുടെ മുമ്പാകെയുള്ള കടല്‍ക്കൊലക്കേസില്‍ കേരളം കക്ഷിയാണ്. കേരളത്തിെൻറ അഭിപ്രായം ആരായാതെയാണ് കേന്ദ്രം ധൃതിപിടിച്ച് കേസ് അവസാനിപ്പിക്കാന്‍ അപേക്ഷ നൽകിയത്. ഇത് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തോടു കാട്ടുന്ന കടുത്ത അനീതിയാണ്. സമുദ്രാതിര്‍ത്തിയില്‍ രാജ്യത്തിനുള്ള പരമാധികാരത്തെ ചോദ്യം ചെയ്യുന്നതു കൂടിയാണ് ട്രൈബ്യൂണലിെൻറ വിധി.
ഇന്ത്യയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം നൽകണമെന്നും നാവികര്‍ നടത്തിയ വെടിവയ്പ് ശിക്ഷാര്‍ഹമാണെന്നും നാവികര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തിയ ഇന്ത്യയുടെ നടപടി നിയമവിധേയമാണെന്നും നാവികരെ ഇറ്റലിയില്‍ വിചാരണ ചെയ്യാമെന്നും ട്രൈബ്യൂണല്‍ വിധിച്ചിട്ടുണ്ട്. എന്നാല്‍, ഐക്യരാഷ്ട്രസംഘടനയുടെ ലോ ഓഫ് സീസ് (യു.എന്‍.സി.എല്‍.ഒ.എസ്) പ്രകാരം രൂപീകരിച്ച ട്രൈബ്യൂണലിന് നാവികരെ കുറ്റവിമുക്തരാക്കാനുള്ള അധികാരമില്ല. ഈ നിയമപ്രകാരം പ്രതികള്‍ക്ക് പരിരക്ഷയുണ്ടെന്ന ഇറ്റലിയുടെ വാദം നേരത്തെ സുപ്രീംകോടതി തള്ളിക്കളഞ്ഞതാണ്.
2020 മെയ് 20നാണ് ട്രൈബ്യൂണലിെൻറ വിധി ഉണ്ടായത്. എന്നാല്‍ ഇതു പുറത്തുവിട്ടത് 43 ദിവസം വൈകി ജൂലൈ രണ്ടിനും. കേരള സര്‍ക്കാരിനെയും സുപ്രീംകോടിയെയും യഥാസമയം അറിയിക്കുന്നതിലും കേന്ദ്ര സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തി. ജൂലൈ രണ്ടിനു തന്നെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച് കേസുകള്‍ അവസാനിപ്പിക്കാന്‍ ധൃതിപിടിച്ച് അപേക്ഷ നൽയതിലും ദുരൂഹതയുണ്ടെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
കേരള ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിയമപോരാട്ടത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇറ്റലി ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിനെ സമീപിച്ചതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.