കൂടുതല്‍ മതപരിവര്‍ത്തന കേസുകളില്‍ എൻ.െഎ.എ അന്വേഷണം
text_fieldsകൊച്ചി: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ മതപരിവര്‍ത്തന കേസുകള്‍ ഹാദിയ കേസിെൻറ മറവില്‍ അന്വേഷിക്കാനൊരുങ്ങി എന്‍.ഐ.എ. ഇതിെൻറ ഭാഗമായി സംസ്ഥാന പൊലീസ് ആസ്ഥാനത്തുനിന്ന് 89 മതപരിവര്‍ത്തന കേസുകളുടെ പട്ടിക എന്‍.ഐ.എ ശേഖരിച്ചു. സുപ്രീംകോടതി ഈ മാസം 30ന് ഹാദിയ കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ മറ്റ് മതപരിവര്‍ത്തന കേസുകളുടെ വിശദാംശങ്ങളടങ്ങിയ ഇടക്കാല റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം. തങ്ങള്‍ നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മതപരിവര്‍ത്തനം നടത്തിയവരുടെ പട്ടിക പൊലീസ് നല്‍കിയതെന്നും ഇതില്‍നിന്ന് തെരഞ്ഞെടുത്ത 31കേസില്‍ പ്രാഥമിക പരിശോധന നടന്നുവരുകയാണെന്നും എന്‍.ഐ.എ കൊച്ചി യൂനിറ്റ് അധികൃതര്‍ വ്യക്തമാക്കി.
മതപരിവര്ത്തനത്തിെൻറ കാരണങ്ങളും സമ്മര്‍ദമുണ്ടോ എന്നുമാണ് പരിശോധിക്കുന്നത്. എന്നാല്‍, അന്വേഷണത്തിന് തെരഞ്ഞെടുത്ത കേസുകള്‍ മുഴുവനും മറ്റുമതങ്ങളില്‍നിന്ന് ഇസ്ലാമിലേക്ക് എത്തിയവരെക്കുറിച്ചാണെന്നാണ് സൂചന. മതപരിവര്‍ത്തനത്തിനുശേഷം മാതാപിതാക്കള്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് എന്‍.ഐ.എയുടെ കൈകളിലെത്തിയിരിക്കുന്നത്. കാസര്‍കോട്ടുനിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഫാത്തിമ, തമ്മനം സ്വദേശിനി മെറിന് എന്ന മറിയം എന്നിവരുടെ മതംമാറ്റവും അന്വേഷണപരിധിയിലുണ്ട്. കാസര്‍കോട്ടുനിന്നും പാലക്കാട്ടുനിന്നും മതപരിവര്‍ത്തനം നടത്തിയ രണ്ടുപേരുടെ മൊഴികളും എന്‍.ഐ.എ ശേഖരിച്ചിട്ടുണ്ട്.
മതപരിവര്‍ത്തനത്തിന് സഹായം ചെയ്യുന്ന മലപ്പുറം, മുംബൈ എന്നിവിടങ്ങളിലെ രണ്ട് കേന്ദ്രത്തെക്കുറിച്ചും ഇതിന് പിന്നിലെ സംഘടനകളുടെ ഇടപെടലും അന്വേഷണപരിധിയിലുണ്ടെന്ന് എന്‍.ഐ.എ വ്യക്തമാക്കി. സംസ്ഥാന പൊലീസും ഹൈകോടതിയും തള്ളിയ ലവ് ജിഹാദിെൻറ യാഥാര്‍ഥ്യങ്ങള്‍ തേടുകയാണ് പുതിയ കേസുകള്‍ പരിശോധിക്കുന്നതിലൂടെ എന്‍.ഐ.എ. പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലേറെയും സ്ത്രീകളുടെ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടതായതിനാല്‍ ഇതിന് പിന്നിൽ ആസൂത്രിത നീക്കം ഉണ്ടോ എന്നാണത്രേ പ്രധാനമായും പരിശോധിക്കുന്നത്. എന്നാല്‍, ഹാദിയ കേസിലല്ലാതെ മറ്റ് മതപരിവര്‍ത്തന കേസിലൊന്നും എന്‍.ഐ.എ കോടതിയില്‍ എഫ്.ഐ.ആര് നല്‍കിയിട്ടില്ല. അന്വേഷണം ഏറ്റെടുത്ത് രണ്ടുമാസം പിന്നിട്ടെങ്കിലും ഹാദിയയുടെ മൊഴി രേഖപ്പെടുത്തിയിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.